റിയാദ്: 2025ലെ ഗോൾ വേട്ടക്ക് തുടക്കമിട്ട് പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിൽ സൗദി പ്രോ ലീഗിൽ അൽ നാസറിന് തകർപ്പൻ ജയം.
അൽ-ഒഖ്ദൂദിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടിയാണ് അൽ നാസറിന്റെ ജയം. മത്സരത്തിന്‍റെ ആറാം മിനിറ്റിൽ സാവിയർ ഗോഡ്വിന്‍റെ ഗോളിലൂടെയാണ് തുടക്കം. 29ാം മിനിറ്റിൽ മാനെയിലൂടെ നാസർ സമനിലയിലെത്തി. ഇടവേളക്ക് പിരിയാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ടീമിന് ലീഡ് നേടികൊടുത്തു. പുതുവർഷത്തെ താരത്തിന്‍റെ ആദ്യ ഗോളും കരിയറിലെ 917ാമത്തെ ഗോളുമാണിത്.
Also Read: യുവരാജ് സിംഗിനെ മാറ്റി നിർത്തിയത് കോഹ്‌ലി ; ആരോപണവുമായി റോബിൻ ഉത്തപ്പ
സീസണിലെ 11ാം ഗോളും കൂടിയാണ്. തുടർച്ചായി 24 വർഷം ഗോൾ നേടുന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ലോക ഫുട്ബാളിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. 88ാം മിനിറ്റിൽ മാനെ രണ്ടാം ഗോളും നേടി സ്കോർ പട്ടിക പൂർത്തിയാക്കി. കഴിഞ്ഞവർഷം 43 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. 2023ൽ 54 ഗോളുകളുമായി ടോപ് സ്കോററായി. ഫെബ്രുവരി അഞ്ചിന് 40 വയസ്സ് പൂർത്തിയാകാനിരിക്കെ, താരത്തിന്‍റെ ഗോൾ സ്കോറിങ്ങിന് വയസ്സ് ഒരു തടസ്സമേ അല്ലെന്ന് തെളിയിക്കുന്നതാണ് പ്രകടനം.
ജയത്തോടെ അൽ നാസർ 14 മത്സരങ്ങളിൽ നിന്ന് 28 പോയന്‍റുമായി മൂന്നാമതെത്തി. 13 മത്സരങ്ങളിൽനിന്ന് 36 പോയന്‍റുള്ള അൽ ഇത്തിഹാദ് ഒന്നാമതും 34 പോയന്‍റുള്ള അൽ ഹിലാൽ രണ്ടാമതുമാണ്.