സമൂഹമാധ്യമങ്ങൾ വഴി രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ആരോഗ്യ സേവന പരസ്യങ്ങൾക്കും അതിശയോക്തി കലർന്ന അവകാശവാദങ്ങൾക്കും എതിരെ കർശന നടപടിയുമായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) രംഗത്ത്. ഡോക്ടർമാർ, ക്ലിനിക്കുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമായ പുതിയ സോഷ്യൽ മീഡിയ പരസ്യ ഉള്ളടക്ക മാനദണ്ഡങ്ങൾ അതോറിറ്റി ഔദ്യോഗികമായി പുറത്തിറക്കി. ഡിഎച്ച്എ ലൈസൻസുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന പ്രധാന പ്ലാറ്റ്‌ഫോമുകളിലെല്ലാം ഈ പുതിയ നിയമങ്ങൾ കർശനമായി ബാധകമായിരിക്കും.
ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചോ പ്രത്യേക ചികിത്സകളെക്കുറിച്ചോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വഴി പ്രൊമോട്ട് ചെയ്യുന്ന പരസ്യങ്ങൾക്കും ഇനി മുതൽ കർശന നിയന്ത്രണങ്ങളുണ്ട്. സ്ഥാപനത്തിന്റെ പേര് സൂചിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾക്ക് മെഡിക്കൽ ഡയറക്ടറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഇൻഫ്ലുവൻസർമാർ സ്വന്തം ഫോണിൽ ചിത്രീകരിക്കുന്നതോ വ്യക്തിഗത അക്കൗണ്ടുകളിൽ പങ്കുവെക്കുന്നതോ ആയ പരസ്യ ഉള്ളടക്കങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം അതത് ആരോഗ്യ സ്ഥാപനങ്ങൾക്കായിരിക്കും. കൂടാതെ, വിദേശത്തും ദുബായിലുമുള്ള സ്ഥാപനങ്ങളിൽ ഒരേസമയം സേവനം ചെയ്യുന്ന ഡോക്ടർമാർ ഡിഎച്ച്എ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നതിനായി ദുബായിക്കായി പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം കൈകാര്യം ചെയ്യണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
രോഗികളുടെ ചിത്രങ്ങളോ വീഡിയോകളോ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മുൻപ് അവരുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളാണെങ്കിൽ രക്ഷിതാക്കളുടെ അനുമതിയും അത്യന്താപേക്ഷിതമാണ്. ചികിത്സയ്ക്ക് മുൻപും ശേഷവുമുള്ള ചിത്രങ്ങളിൽ യാതൊരുവിധ ഡിജിറ്റൽ എഡിറ്റിങ്ങും നടത്താൻ പാടില്ല. ശസ്ത്രക്രിയകൾ നടക്കുന്ന സമയത്തോ രോഗിക്ക് അനസ്തേഷ്യ നൽകിയിരിക്കുന്ന വേളയിലോ പ്രൊമോഷണൽ ആവശ്യങ്ങൾക്കായി ചിത്രീകരണമോ ലൈവ് സ്ട്രീമിംഗോ നടത്തുന്നതും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. യുഎഇയുടെ സാംസ്കാരിക മൂല്യങ്ങൾക്ക് നിരക്കാത്ത ഒന്നിനെയും പ്രചരിപ്പിക്കാൻ അനുവദിക്കില്ലെന്നും ആരോഗ്യ മേഖലയിലെ സുതാര്യത ഉറപ്പാക്കാനാണ് ഈ പുതിയ നിയമങ്ങളെന്നും അധികൃതർ അറിയിച്ചു.






