ന്യൂഡൽഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ പഞ്ചാബിലെ എഎപിയിൽ വിമതപ്പടയെന്നു റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് എതിർപ്പുള്ള എംഎൽഎമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു ഇപ്പോൾ കോൺഗ്രസ്. പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബിൽ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി. ദേശീയ കൺവീനർ അരവിന്ദ്‍ കെജ്‌രിവാൾ ചൊവ്വാഴ്ച പഞ്ചാബിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു.
മുപ്പതോളം എഎപി എംഎൽഎമാരുമായി അടുപ്പം പുലർത്തുന്നുണ്ടെന്നാണു പഞ്ചാബിലെ കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. ഈ പശ്ചാത്തലത്തിലാണ് എഎപി തിരക്കിട്ടു യോഗം ചേരുന്നത്. പഞ്ചാബിലെ എഎപിയിൽ ഭിന്നിപ്പുണ്ടാകുമെന്നും സർക്കാരിൽ മാറ്റമുണ്ടാകുമെന്നും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ പറഞ്ഞതാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയായത്. 2022ലെ തിരഞ്ഞെടുപ്പിൽ 92 സീറ്റുമായാണ് എഎപി അധികാരം പിടിച്ചത്. അതേസമയം കോൺഗ്രസിന് 18 സീറ്റിലേ വിജയിക്കാനായുള്ളൂ.
Also Read : അടുത്തത് നിങ്ങൾ, ബംഗാളിലെ ജനങ്ങൾ മമതയേയും തൃണമൂലിനെയും തൂത്തെറിയും’: മുന്നറിയിപ്പുമായി ബിജെപി
‘‘ഡൽഹി തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ തുടക്കമാണ്. കെജ്‍രിവാളും ഭഗവന്ത് മാനും വ്യാജ വാഗ്ദാനങ്ങളാണു നൽകിയത്. ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തിൽ കെജ്‌രിവാൾ മത്സരിക്കാൻ സാധ്യതയുണ്ട്. അതുവഴി പഞ്ചാബ് സർക്കാരിന്റെ ഭാഗമാകാനാണു ഇപ്പോൾ ശ്രമം’’– പ്രതാപ് സിങ് ബജ്‌വ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയാകാനാണു കെജ്‌രിവാളിന്റെ നീക്കമെന്നു ബിജെപി നേതാവ് സുഭാഷ് ശർമയും അഭിപ്രായപ്പെട്ടു. 70ൽ 67 എംഎൽഎമാരുമായി ഡൽഹി ഭരിച്ചിരുന്ന എഎപിക്ക് ഇത്തവണ 22 സീറ്റിലേ ജയിക്കാനായുള്ളൂ. കെജ്‌രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സോമനാഥ് ഭാരതി തുടങ്ങിയ മുതിർന്ന നേതാക്കൾ അതീവ മോശമായ രീതിയിൽ തോൽക്കുകയും ചെയ്തു.