രാഷ്ട്രീയത്തില്‍ ഒരിക്കലും ഒന്നും ഒന്നും രണ്ടല്ല, നിലപാടുകളും കൂട്ടുകെട്ടുകളും ഏത് നിമിഷവും മാറിമറിയുക തന്നെ ചെയ്യും. അതാകട്ടെ, സ്വാഭാവികവുമാണ്. തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി കേരളത്തിലെ മൂന്ന് മുന്നണികളും തന്ത്രപരമായ കരുനീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസം ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്സിനെ യു.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കത്തിനാണ് വേഗത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് ഒന്നാകെയോ അതല്ലെങ്കില്‍, ആ പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ പിളര്‍ത്തിയോ ഒപ്പം നിര്‍ത്താനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഇതോടൊപ്പം തന്നെ സി.പി.ഐയെ ലക്ഷ്യമിട്ടും ചില നീക്കങ്ങള്‍ യു.ഡി.എഫ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, സി.പി.ഐ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ചില പ്രധാന നേതാക്കളെയും യു.ഡി.എഫ് നേതൃത്വം സമീപിച്ചതായാണ് ലഭിക്കുന്ന സൂചന.
Also Read:പി വി അന്‍വറിനെ യുഡിഎഫിലെടുക്കണമെന്ന ആവശ്യം ശക്തമാക്കി കെ സുധാകരന്‍
നിലവില്‍ യു.ഡി.എഫിലെ ഘടക കക്ഷികളില്‍ മുസ്ലീം ലീഗ് ഒഴികെ മറ്റു പാര്‍ട്ടികള്‍ക്ക് കാര്യമായ അടിത്തറയില്ലാത്തതും ജനസ്വാധീനമുള്ള നേതാക്കളുടെ അഭാവവും നികത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങള്‍ യു.ഡി.എഫ് നേതൃത്വം നടത്തുന്നത്. മലബാര്‍ മേഖലയില്‍ മുസ്ലീം ലീഗും മധ്യ കേരളത്തില്‍ കേരള കോണ്‍ഗ്രസ്സും ഉണ്ടാവണമെന്നതാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുടെ താല്‍പ്പര്യം. അതല്ലെങ്കില്‍ ഭരണം പിടിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. ഇതോടൊപ്പം സി.പി.ഐയിലെ ഒരു വിഭാഗത്തെ കൂടി കിട്ടിയാല്‍ 100 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിക്കുമെന്നതാണ് അവകാശവാദം.

നിലവില്‍ യു.ഡി.എഫ് ഘടക കക്ഷിയായ, കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പിന് കാര്യമായ സ്വാധീനമില്ലെന്ന തിരിച്ചറിവിലാണ് ജോസ് വിഭാഗത്തെ ലക്ഷ്യമിടുന്നത്. ജോസ് കെ മാണി വന്നില്ലെങ്കില്‍ മന്ത്രി റോഷി അഗസ്റ്റിനെ അടര്‍ത്തിയെടുക്കാനാണ് ആലോചന. ഇക്കാര്യത്തില്‍, പി.ജെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍, കോണ്‍ഗ്രസ്സ് നീക്കം പരസ്യമായതോടെ മുന്നണി മാറ്റം അജണ്ടയില്‍ ഇല്ലെന്ന് ജോസ്. കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പാര്‍ട്ടി കൃത്യമായ നിലപാടെടുത്തിട്ടുണ്ടെന്നും പാര്‍ട്ടിയില്‍ ആരും ഇക്കാര്യത്തെപറ്റി ചര്‍ച്ച നടത്തിയിട്ടില്ലെന്നും പറഞ്ഞ ജോസ് കെ മാണി ഇടതുപക്ഷത്ത് ഹാപ്പിയാണെന്നും അറിയിച്ചിട്ടുണ്ട്.
നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ജനങ്ങളുടെ വിജയം അല്ല എന്നതിനു തെളിവാണ് മറ്റു ഘടകകക്ഷികളുടെ പുറകേ യുഡിഎഫ് പോകുന്നത് എന്നാണ് ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നത്. പാലായില്‍ പി ജെ ജോസഫും യുഡിഎഫും നടത്തിയ രാഷ്ട്രീയ വഞ്ചനയും മുന്നണിയില്‍ നിന്നും ചവിട്ടി പുറത്താക്കിയതും ഒരിക്കലും മറക്കില്ലെന്ന നിലപാടാണ് മുതിര്‍ന്ന കേരള കോണ്‍ഗ്രസ്സ് നേതാക്കളും സ്വീകരിച്ചിരിക്കുന്നത്. യു.ഡി.എഫില്‍ ഉണ്ടായിരുന്ന സമയത്ത്, ജോസ് കെ മാണിക്ക് ഉറപ്പ് നല്‍കിയ രണ്ടില ചിഹ്‌നം നല്‍കാന്‍ പോലും കോണ്‍ഗ്രസിനായില്ലെന്നാണ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.

കെഎം മാണിയുടെ മരണത്തിനുപിന്നാലെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് ഒരു നേതാവും കൂട്ട് നില്‍ക്കരുതെന്ന വികാരമാണ് കേരള കോണ്‍ഗ്രസ്സ് അണികള്‍ക്കിടയിലും ശക്തമായിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച ജോസഫിന്, കെ.എം മാണിയുടെ പൈതൃകം കോണ്‍ഗ്രസ്സ് ചാര്‍ത്തി കൊടുത്തത്,മുറിവേല്‍പ്പിച്ചതാണ് അണികളുടെ രോഷത്തിന് പ്രധാന കാരണം. കെ. എം മാണിയുടെ രാഷട്രീയ പൈതൃകത്തിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ജോസ് കെ മാണിയും തുറന്നടിച്ചിരിക്കുന്നത്.
അതേസമയം, കേരളാ കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം ആരുടേയും മുന്നില്‍ അടിയറവ് വെയ്ക്കില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, യു.ഡി.എഫ് നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല. ചില നേതാക്കളെയെങ്കിലും അടര്‍ത്തിമാറ്റാന്‍ കഴിയുമോ എന്നതാണ്, അവര്‍ നോക്കുന്നത്.
ബി.ജെ.പി നേതൃത്വവും, കേരള കോണ്‍ഗ്രസ്സിനെ ലക്ഷ്യമിട്ട് ചില നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിപദം വരെ ഓഫര്‍ ചെയ്ത് പാട്ടിലാക്കാനാണ് ശ്രമം. ഇതിനായി ചില ക്രൈസ്തവ മത നേതാക്കളെ ഉപയോഗപ്പെടുത്താനും അണിയറയില്‍ നീക്കമുണ്ട്.

ഇതോടൊപ്പം തന്നെ, കോണ്‍ഗ്രസ്സില്‍ അധികാര വടംവലി ശക്തമായ സാഹചര്യത്തില്‍ സുപ്രധാന ഓഫര്‍ നല്‍കി നിരാശരായ മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താനും ബി.ജെ.പി ശ്രമം നടത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പോടെ ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസ്സും ഇത്തരം തന്ത്രങ്ങള്‍ പയറ്റുമ്പോള്‍ കടുത്ത വെല്ലുവിളികള്‍ക്കിടയിലും പ്രതിപക്ഷത്തെ തരിപ്പണമാക്കുന്നതിനുള്ള അജണ്ട നടപ്പാക്കാനാണ് സി.പി.എം പദ്ധതി തയ്യാറാക്കുന്നത്. വാര്‍ഡ് വിഭജനം അനുകൂലമായ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് സി.പി.എം നേതൃത്വം കണക്ക് കൂട്ടുന്നത്. ഇടതുപക്ഷത്ത് നിന്നും ജനസ്വാധീനമുള്ള ഒരു പാര്‍ട്ടിയും കൂട് മാറില്ലെന്ന് തന്നെയാണ് സി.പി.എം നേതൃത്വം കരുതുന്നത്. ഇതോടൊപ്പം തന്നെ, യു.ഡി.എഫില്‍ പിളര്‍പ്പുണ്ടാക്കാനുള്ള നീക്കം സി.പി.എമ്മും നടത്തുന്നുണ്ട്.
Also Read: നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല, ജമാഅത്തെ ഇസ്ലാമിയാണ്; രാജീവ് ചന്ദ്രശേഖർ
നിലമ്പൂരിലെ യു.ഡി.എഫിന്റെ വിജയത്തെ, കേവലം പ്രാദേശികമായ വിഷയമാക്കി ചെറുതാക്കി കാണാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടി വോട്ടുകള്‍ നിലമ്പൂരില്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും പി.വി അന്‍വര്‍ നേടിയ ഇരുപതിനായിരത്തിന് അടുത്തുള്ള വോട്ടുകള്‍, താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നുമാണ് സി.പി.എം വിലയിരുത്തുന്നത്. എന്നാല്‍, ഇപ്പോഴത്തെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടം കൊയ്താല്‍ ഈ ചിത്രമെല്ലാം മാറുമെന്ന് തന്നെയാണ് സി.പി.എം കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ലീഗ് പിളര്‍ന്ന് അതിലെ പ്രബല വിഭാഗം മറ്റൊരു പാര്‍ട്ടിയായി ഇടതുപക്ഷത്ത് എത്തുമെന്നാണ് സി.പി.എം നേതൃത്വം പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം കൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ട സാഹചര്യം തിരിച്ചറിഞ്ഞാല്‍, ലീഗ് മാത്രമല്ല കോണ്‍ഗ്രസ്സ് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് പിളരുമെന്ന കണക്ക് കൂട്ടലും സി.പി.എം നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ, ഇത്തരം പിളര്‍പ്പുകളെ പോത്സാഹിപ്പിക്കാന്‍ തന്നെയാണ്, സി.പി.എം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
Express View
വീഡിയോ കാണാം