ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അമേരിക്കൻ ആക്രമണത്തെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്ത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തെ ശക്തമായി അപലപിച്ച സിപിഎം ജനറൽ സെക്രട്ടറി, അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും വിമർശിച്ചു. ഇറാൻ ആണവായുധങ്ങൾ പിന്തുടരുന്നില്ലെന്ന അമേരിക്കൻ ഇന്‍റലിജൻസ് റിപ്പോർട്ടടക്കം അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഇറാനിലെ അമേരിക്കൻ ആക്രമണം ആഗോളതലത്തിൽ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യയെയും ഇത് ബാധിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചെന്നും അമേരിക്കൻ നടപടിക്കെതിരെ സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നുവെന്നും ബേബി എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി. നേരത്തെ അമേരിക്കൻ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. ഇറാനെ ആക്രമിച്ച അമേരിക്കൻ നടപടി അപകടകരമെന്നാണ് യു എൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടത്.
Also Read: ‘ആര്‍എസ്എസ് കാര്യവാഹകന്‍ ആയിട്ടല്ല, ഗവര്‍ണറായി വേണം ആര്‍ലേക്കര്‍ പെരുമാറേണ്ടത്’; എം എ ബേബി
അങ്ങേയറ്റത്തെ ആശങ്കയുണ്ടാക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് ആണവ നിർവ്യാപന കരാറുകളെ ബാധിക്കുമെന്ന മുന്നറിയിപ്പും അന്‍റോണിയോ ഗുട്ടറസ് നൽകിയിട്ടുണ്ട്. അതേസമയം ഇറാനെ നേരിട്ടാക്രമിച്ച അമേരിക്കയുടെ നടപടി ധീരമായ ഇടപെടലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇറാനിലെ ആക്രമണത്തിന്‍റെ വിശദാംശങ്ങൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്.