നിലമ്പൂരിനെ ചുവപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജ് ഇറങ്ങുമ്പോള്‍, ചങ്കിടിക്കുന്നത് യു.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് മാത്രമല്ല, പി.വി അന്‍വറിന് കൂടിയാണ്. ഇടതു സ്വതന്ത്രനായി തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ച പി.വി അന്‍വര്‍, ഇടതുപക്ഷത്തോട് കലഹിച്ച് മുന്നണിവിട്ട സാഹചര്യത്തില്‍, നിലമ്പൂര്‍ സീറ്റ് നിലനിര്‍ത്തേണ്ടത്, ഇടതുപക്ഷത്തെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്ക് എതിരെ, ആരോപണ ശരങ്ങള്‍ തൊടുത്തുവിട്ട പി.വി അന്‍വറിന്റെ സ്വന്തം തട്ടകത്തില്‍, അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെങ്കൊടി പാറിയാല്‍, അത് കേരള ഭരണത്തില്‍ ഇടതുപക്ഷത്തിന്റെ മൂന്നാം ഊഴം ഉറപ്പിക്കല്‍ കൂടിയായി മാറും.
Also Read: ‘പോരാട്ടം വ്യക്തിയോടല്ല, നിലമ്പൂരിലെ ജനങ്ങൾ ഇടതിനൊപ്പം ഉണ്ടാകും’: എം സ്വരാജ്
ഒരേസമയം അന്‍വറിനെയും യു.ഡി.എഫിനെയും മലര്‍ത്തിയടിക്കുക എന്നതാണ്, സി.പി.എം ലക്ഷ്യം. അതിനാണ്, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. നിലമ്പൂര്‍ സ്വദേശി ആണെന്നതും, സ്വരാജിനെ തിരഞ്ഞെടുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ച ഘടകമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. തീപ്പൊരി പ്രാസംഗികന്‍ കൂടിയായ എം സ്വരാജിന് യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കായ മുസ്ലീം – ക്രൈസ്തവ വോട്ടുകളില്‍ പോലും, വലിയ രൂപത്തില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചേക്കുമെന്നാണ് പൊതു വിലയിരുത്തല്‍.

തൃപ്പൂണിത്തുറയില്‍ നിന്നും മുന്‍പ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവസരത്തില്‍, നിയമസഭയില്‍ സ്വരാജ് നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും, രാഷ്ട്രീയ എതിരാളികളെ പോലും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ബാബുവിനോട് കേവലം 992 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടിരുന്നത്. നിലവില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ച് വരുന്ന സ്വരാജിനെ വിജയിപ്പിക്കാന്‍, പ്രവര്‍ത്തകര്‍ ഒന്നാകെ ആവേശത്തില്‍ രംഗത്തിറങ്ങുന്ന കാഴ്ചയാണ് നിലമ്പൂരില്‍ ദൃശ്യമാകുന്നത്. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി കൂടിയാണ് സി.പി.എം പ്രവര്‍ത്തകര്‍ ഇവിടെ ഏറ്റെടുത്തിരിക്കുന്നത്.
Also Read: ‘എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നത് വിഷയമല്ല, നിലമ്പൂർ തിരിച്ചുപിടിക്കും’: ആര്യാടന്‍ ഷൗക്കത്ത്
യു.ഡി.എഫുമായി വിലപേശി പുതിയ പോര്‍മുഖം തുറന്ന പി.വി അന്‍വര്‍, ഇനി സര്‍വ്വശക്തിയുമെടുത്ത് ആര്യാടന്‍ ഷൗക്കത്തിനായി രംഗത്തിറങ്ങിയാലും ഇല്ലെങ്കിലും, സ്വരാജ് തന്നെ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് സി.പി.എം നേതൃത്വത്തിനുമുള്ളത്. സ്വരാജ് വിജയിച്ചാല്‍ ‘ഒരു വെടിക്ക് രണ്ട് പക്ഷി’ എന്നതിന് സമാനമായ നേട്ടമാണ് ഇടതുപക്ഷത്തിന് ഉണ്ടാകുക. യു.ഡി.എഫിനും പി.വി അന്‍വറിനും ഒരുപോലെ പ്രഹരമേല്‍പ്പിക്കാന്‍, അത്തരമൊരു വിജയം കൊണ്ട് ഇടതുപക്ഷത്തിന് സാധിക്കും.പി.വി അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെയും വി.ഡി സതീശന് എതിരെയും ഉയര്‍ത്തിയ ആരോപണങ്ങള്‍, അദ്ദേഹം യു.ഡി.എഫ് പാളയത്തില്‍ എത്തിയാല്‍ ആയുധമാക്കാന്‍ തന്നെയാണ് സി.പി.എം തീരുമാനം.

ആര്യാടന്‍ ഷൗക്കത്തിന് എതിരെ, കോണ്‍ഗ്രസ്സിലെ എതിര്‍ വിഭാഗത്തിന്റെ വോട്ടുകളും ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. നിലമ്പൂരില്‍, ബഹുജന പിന്തുണയില്‍ ഏറ്റവും വലിയ പാര്‍ട്ടി, ഇപ്പോഴും സി.പി.എം തന്നെയാണ്. കോണ്‍ഗ്രസ്സിന്റെ കൂടെ മുസ്ലീം ലീഗ് കൂടി ഇല്ലെങ്കില്‍, ഒരു മത്സരത്തിന്റെ പ്രസക്തി പോലും ഇല്ലാത്ത മണ്ഡലമായാണ് നിലമ്പൂര്‍ മാറുക. പി.വി അന്‍വര്‍ എന്ന ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ പാര്‍ട്ടി വിട്ട് കലാപക്കൊടി ഉയര്‍ത്തിയിട്ടും, സി.പി.എമ്മിന്റെ അടിത്തറയിലും, സംഘടനാ സംവിധാനത്തിലും പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
നിലമ്പൂരിലെ സ്വതന്ത്ര പരീക്ഷണം സി.പി.എമ്മിന് പരീക്ഷണമായി മാറിയ സാഹചര്യത്തില്‍, ഇനിയും അത് ആവര്‍ത്തിച്ചാല്‍, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ലെന്ന പ്രവര്‍ത്തകരുടെ വികാരം, വൈകിയാണെങ്കിലും സി.പി.എം നേതൃത്വം മനസ്സിലാക്കി കഴിഞ്ഞു. സ്വതന്ത്ര പരീക്ഷണത്തില്‍ നിന്നും സി.പി.എം മാറി ചിന്തിക്കുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ്, സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നത് എന്തായാലും പറയാതിരിക്കാന്‍ കഴിയുകയില്ല. തികച്ചും പ്രതികൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രഖ്യാപിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പ്, അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെ ഇടതുപക്ഷത്തിന് അനുകൂല രാഷ്ട്രീയ സാഹചര്യമായി മാറി തുടങ്ങിയതായാണ്, ഇടതു രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

1982ല്‍ ടി.കെ. ഹംസ മണ്ഡലം പിടിച്ചശേഷം, പിന്നീട് ഇടതുപക്ഷം വിജയിക്കുന്നത് 2016-ല്‍ മാത്രമാണ്. അതും അന്‍വറിലൂടെ. അതുവരെ എല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ മുഹമ്മദാണ് വിജയിച്ചിരുന്നത്. ഇടതുവോട്ടുകള്‍ക്കൊപ്പം അന്‍വറിന് മുന്‍പ് മണ്ഡലത്തിലുണ്ടായിരുന്ന സ്വാധീനം കൂടി ഇടതുപക്ഷത്തെ സഹായിച്ചിരുന്നതിനാലാണ്, നിലമ്പൂര്‍ തുടര്‍ച്ചയായ രണ്ടു തവണയും പിടിച്ചെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നത്. എന്നാല്‍, പഴയ ചെറിയ സ്വാധീനം പോലും ഇപ്പോള്‍ അന്‍വറിന് നിലമ്പൂരില്‍ ഇല്ലെന്നാണ് സി.പി.എം തുറന്നടിക്കുന്നത്. അന്‍വര്‍ ശത്രുപക്ഷത്ത് നില്‍ക്കുന്ന തിരഞ്ഞെടുപ്പില്‍, വിജയിക്കാന്‍ സ്വരാജിന് കഴിഞ്ഞാല്‍, പിന്നെ അന്‍വറിന് ഒപ്പം ഇപ്പോള്‍ ഉള്ളവര്‍ പോലും, അദ്ദേഹത്തിന്റെ പാര്‍ട്ടിവിട്ട് പോകാനാണ് സാധ്യത.
Also Read: നിലമ്പൂരിൽ എം സ്വരാജ് സിപിഐഎം സ്ഥാനാർത്ഥി
മുന്‍പ് തോല്‍വിയുടെ രുചി അറിഞ്ഞിട്ടുള്ള നേതാക്കള്‍ ആയതിനാല്‍, കരുതലോടെയാണ് ആര്യാടന്‍ ഷൗക്കത്തും സ്വരാജും കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ഒരിക്കല്‍കൂടി ഒരു തിരഞ്ഞെടുപ്പ് പരാജയം, ഇരുവരും ഒട്ടും ആഗ്രഹിക്കാത്തതിനാല്‍, ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് ഇരുവരും ശ്രമിക്കുന്നത്. രാഷ്ട്രീയ കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍, യു.ഡി.എഫിന്റെയും ഇടതുപക്ഷത്തിന്റെയും പ്രധാന നേതാക്കളെല്ലാം തന്നെ, വലിയ മലവെള്ളപാച്ചിലിനിടക്കും ഇപ്പോള്‍ നിലമ്പൂരിലേക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഒപ്പം, പ്രകൃതിയും കലിതുള്ളുന്നതിനാല്‍, വോട്ടെടുപ്പിനെ അത് ബാധിക്കുമോ എന്ന ആശങ്കയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. വോട്ടിങ് ശതമാനം കുറഞ്ഞാല്‍, അത് ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. യു.ഡി.എഫിനെ സംബന്ധിച്ച്, ഇതും അവര്‍ നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളിയാണ്.
Express View
വീഡിയോ കാണാം