സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി; പി. ശശിക്കും കെ.കെ. രാഗേഷിനുമെതിരെ രൂക്ഷമായ വിമർശനം ഉയരും !

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടക്കുന്ന സിപിഐ(എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ, സർക്കാർ–പാർട്ടി പ്രവർത്തനശൈലികളെ കുറിച്ച് നിർണായക ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പൊലീസ് ഭരണത്തിലെ ഇടപെടലുകളെക്കുറിച്ചുള്ള വിമർശനങ്ങളും കെ.കെ. രാഗേഷിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും യോഗത്തിൽ ഉയരാനാണ് സാധ്യത. നേതൃത്വത്തിന്റെ പ്രവർത്തനരീതി മുതൽ സംഘടനാ ദൗർബല്യങ്ങൾ വരെ പ്രതിനിധികൾ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കും.

സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി; പി. ശശിക്കും കെ.കെ. രാഗേഷിനുമെതിരെ രൂക്ഷമായ വിമർശനം ഉയരും !
സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി; പി. ശശിക്കും കെ.കെ. രാഗേഷിനുമെതിരെ രൂക്ഷമായ വിമർശനം ഉയരും !

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കാൻ പോകുന്നതും, മുൾ മുനയിൽ നിൽക്കാൻ പോകുന്നതും സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി ശശിയും കെ കെ രാഗേഷും ആയിരിക്കും. ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ പിണറായി വിജയനായിരുന്നു മുഖ്യമന്ത്രിയെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനങ്ങളിൽ നിന്നും നേതാക്കളിൽ നിന്നും മാത്രമല്ല, മന്ത്രിമാരിൽ നിന്നു പോലും അകറ്റി, ഒരു ഏകാധിപത്യ ശൈലിയിൽ കാര്യങ്ങളിൽ ഇടപെട്ടത് പി ശശിയും, കെകെ രാഗേഷും ചേർന്നായിരുന്നു.

ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത പല പ്രവർത്തികളും, സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങൾ കൂടിയായ ഇവർ രണ്ട് പേരും ചെയ്തിട്ടുണ്ട് . അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എൻ രവീന്ദ്രനും ഇക്കാര്യത്തിൽ ഒട്ടും മോശമായിരുന്നില്ല, സി.പി.എമ്മിൻ്റെ ഉന്നത നേതാവല്ലാത്തതിനാൽ മാത്രം, രവീന്ദ്രൻ്റെ കാര്യം തൽക്കാലം ഇപ്പോൾ പറയുന്നില്ല. അതും പ്രതിനിധികൾ തന്നെ ചർച്ച ചെയ്യട്ടെ. കെകെ രാഗേഷിനെ മാറ്റി എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയപ്പോൾ, കാര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെട്ടെങ്കിലും, പി ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അപ്പോഴും മാറ്റാതിരുന്നതിനാൽ, സംസ്ഥാന ഭരണത്തെ തന്നെ അത് സാരമായാണ് ബാധിച്ചിരുന്നത്.

ഇടതുപക്ഷ ഭരണത്തിൽ, ഇടതുപക്ഷക്കാർക്ക് പോലും നീതികിട്ടാത്ത ഒരവസ്ഥയാണ് പൊലീസിൽ നിന്നും ഉണ്ടായിരുന്നത്. എ എ റഹീമിനെ അടിച്ച് പരിക്കേൽപ്പിച്ച രാജ്പാൽ മിണ എന്ന ഐപിഎസുകാരനെ പിടിച്ച് കോഴിക്കോട് കമ്മീഷണറാക്കാനും, കണ്ണൂർ റെയ്ഞ്ചിൽ നിയമിക്കാനും ഒരു മടിയും പി ശശി കാണിച്ചിരുന്നില്ല. പത്തനംതിട്ടയിലെ എസ് എഫ്ഐ ജില്ലാ പ്രസിഡൻ്റായിരുന്ന ജയകൃഷ്ണനെ ക്രൂരമായി ലോക്കപ്പിൽ മർദ്ദിച്ച സിഐ മധുബാബുവിന് ഡിവൈഎസ്പിയായി ഉദ്യോഗകയറ്റം നൽകിയതും, ക്രമസമാധാന ചുമതലയിൽ നിയമിച്ചതും പിണറായി ഭരണകാലത്താണ്. എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റിനെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ചു എന്ന് ചൂണ്ടിക്കാട്ടി അന്നത്തെ എസ് പി തന്നെ റിപ്പോർട്ട് നൽകിയിട്ടും, ഇതൊന്നും പരിഗണിക്കാതെയാണ് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി മധുബാബുവിനെ നഹായിച്ചിരിക്കുന്നത്. ഈ ഒരൊറ്റ സംഭവത്തിൻ്റെ പേരിൽ സി.പി എമ്മുകാർ എടുത്തിട്ട് പി ശശിയെ പെരുമാറാതിരുന്നത് മഹാഭാഗ്യമായി കണ്ടാൽ മതി.

ഇതുപോലെ എസ് എഫ് ഐക്കാരെയും ഡിവൈഎഫ്ഐക്കാരെയും ക്രൂരമായി മർദ്ദിച്ച നിരവധി ഉന്നത ഉദ്യോഗസ്ഥരെയാണ് പി ശശി ഇടപെട്ട് പൊലീസിൽ ഉന്നത പദവിയിൽ പ്രതിഷ്ടിച്ചിരുന്നത്. എണ്ണി എണ്ണി പറയാൻ ഇതിനൊക്കെ നിരവധി ഉദാഹരണങ്ങളാണ് ഉള്ളത്. അതെല്ലാം തന്നെ, വിശാല സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ ചൂണ്ടിക്കാട്ടുമെന്നതും ഉറപ്പാണ്. ശശിയെ ഈ യോഗത്തിൽ പങ്കെടുപ്പിക്കാതെ ഇറക്കി വിടുകയാണ് പ്രതിനിധികൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത്. അത്രയ്ക്കും വലിയ നെറികേടാണ്, പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി ശശി സി.പിഎമ്മുകാരോടും, എസ് എഫ് ഐ- ഡിവൈഎഫ്ഐ സംഘടനകളോടും കാണിച്ചിരിക്കുന്നത്.

സാധാരണ ഗതിയിൽ പൊലീസിലെ നിയമനങ്ങൾ, സി.പി.എം ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് കൂടി പരിഗണിച്ചാണ് ഉത്തരവായി പുറത്തിറക്കാറുള്ളത്. എന്നാൽ, പി ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയശേഷം അദ്ദേഹത്തിൻ്റെ സ്വന്തം താൽപര്യ പ്രകാരമാണ് നിയമനങ്ങൾ നടത്തിയത് എന്ന വിമർശനം സി.പി.എമ്മിനകത്ത് തന്നെ വ്യാപകമാണ്. ഇക്കാര്യത്തിലെ കടുത്ത അതൃപ്‌തി, പല സി.പി എം ജില്ലാ കമ്മറ്റികളും സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും തിരുത്താൻ പൊളിറ്റിക്കൽ സെക്രട്ടറി തയ്യാറായിരുന്നില്ല. മുൻപ് ഇകെ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് എങ്ങനെയാണോ, പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പി ശശി പൊലീസ് ഭരണം നടത്തിയിരുന്നത്, അതു പോലെ തന്നെയാണ് പിണറായിയുടെ ഈ ഭരണകാലത്തും, ശശി ഇടപെടൽ നടത്തിയിരിക്കുന്നത്. ശശിയുടെ ഈ ഇടപെടൽ തന്നെയാണ് ജനങ്ങൾക്കും സർക്കാറിൽ വെറുപ്പുണ്ടാകാൻ പ്രധാന കാരണമായിരിക്കുന്നത്.

പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന നിരവധി വിവാദങ്ങൾ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പാണ് സർക്കാറിന് എതിരെ സൃഷ്ടിച്ചിരുന്നത്. ശശിയെ പൊലീസ് ഭരണം ഏൽപ്പിച്ച് മാറി നിന്നതാണ്, പിണറായിക്ക് പറ്റിയ വലിയ തെറ്റ്. കെകെ രാഗേഷിനെ മാറ്റിയപ്പോഴെങ്കിലും ശശിയെ മാറ്റിയിരുന്നു എങ്കിൽ, ഇത്രയും കടുത്ത തോൽവി ഇടതുപക്ഷത്തിന് ഒരുപക്ഷേ നേരിടേണ്ടി വരുമായിരുന്നില്ല. സ്ത്രീവിഷയത്തിൽപ്പെട്ട് സി.പി.എം നേതൃത്വം ഒരിക്കൽ പുറത്താക്കിയ പി ശശിയെ തന്നെ, തിരഞ്ഞു പിടിച്ച് എന്തിനാണ് പിണറായി വിജയൻ വീണ്ടും പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയത് എന്ന ചോദ്യത്തിനും വിശാല സംസ്ഥാന കമ്മറ്റിയിൽ നേതൃത്വം മറുപടി പറയേണ്ടി വരും. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് പി ശശി നടത്തിയ സകല ഇടപാടുകളും പാർട്ടി അന്വേഷിക്കണമെന്ന ഒരാവശ്യവും ഈ യോഗത്തിൽ പ്രതിനിധികൾ ഉന്നയിക്കാനുള്ള എല്ലാസാധ്യതയുമുണ്ട്.

അതുപോലെ തന്നെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ കെകെ രാഗേഷും പൂർണ്ണ പരാജയമായിരുന്നു എന്ന കാര്യത്തിലും സംശയംവേണ്ട. ഇക്കാര്യത്തിൽ സി.പി.എം അനുകൂല സർവ്വീസ് സംഘടനാ നേതാക്കൾക്ക് സംശയമുണ്ടാകില്ല. അദ്ദേഹത്തിന് എതിരെ ഇപ്പോൾ ഉയർന്ന ചില ആരോപണങ്ങൾ എന്തായാലും, ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതിൻ്റെ യാഥാർത്ഥ്യം സി.പി എം നേതൃത്വം തന്നെ പരിശോധിക്കട്ടെ.

എന്നാൽ, ഈ ഘട്ടത്തിൽ പറയാതിരിക്കാൻ പറ്റാത്ത മറ്റൊരു കാര്യമുണ്ട്. അത്, സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ കെകെ രാഗേഷ് ഒരു പൂർണ്ണ പരാജയം തന്നെയാണ് എന്നതാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ, സി.പി.എം അനുഭാവികളെയും പ്രവർത്തകരെയും മാത്രമല്ല, ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരെയും വല്ലാതെ പോറലേൽപ്പിച്ചിട്ടുണ്ട്. കെകെ രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നടത്തോളം സി.പി.എമ്മിൻ്റെ അടിത്തറയാണ് കണ്ണൂർ ജില്ലയിൽ തകർന്ന് തരിപ്പണമാകുക. ഇക്കാര്യങ്ങളും സി.പി.എമ്മിൻ്റെ വിശാല സംസ്ഥാന കമ്മറ്റിയിൽ ചർച്ച ചെയ്യപ്പെടും.

ഇപ്പോൾ ഇടതുപക്ഷത്തിന് സംഭവിച്ചിരിക്കുന്നത് കേവലം ഒരു തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല, കനത്ത ആഘാതം തന്നെയാണ്. പുതിയ കാലത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും അധികാരത്തിൽ തിരിച്ചു വരിക എന്നത് തന്നെ ശ്രമകരമായ കാര്യമാണ്. പാർട്ടിയുടെ പ്രത്യയശാസ്‌ത്രമോ, കഴിഞ്ഞ കാലങ്ങളിൽ ചെയ്ത നൻമയോ നോക്കി മാത്രം വോട്ട് ചെയ്യുന്ന തലമുറയല്ല പുതിയ തലമുറ. അവരെ ഇന്ന് ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് നവമാധ്യമങ്ങളാണ്. അതു കൊണ്ടാണ്, ഒരു പാറ്റയുടെ പേരിൽ ഉണ്ടാക്കിയ പാർട്ടി പോലും വലിയ ശക്തിയായി രാജ്യത്ത് ഉയർന്നു വരുന്നത്.

രാഷ്ട്രീയ പാർട്ടികളുടെ നിലപാട് പോലെ തന്നെ ജനങ്ങളെ സ്വാധീനിക്കുന്ന ഘടകമാണ് നേതാക്കളുടെ പെരുമാറ്റം. ഇക്കാര്യത്തിൽ സി.പിഎം നേതാക്കളുടെയും വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികളുടെയും തുടങ്ങി, ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ പെരുമാറ്റം വരെ വളരെ മോശമാണ്. ധിക്കാരപരവുമാണ്. ഇത് ഉള്ള പിന്തുണയും നഷ്ടപ്പെടുത്താനാണ് ഇടയാക്കിയിരിക്കുന്നത്. തോറ്റിട്ടും തിരുത്താതെ, ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷും പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയിരിക്കുന്നത്.

വിശാല സംസ്ഥാന കമ്മറ്റി യോഗത്തിന് മുൻപ് ഇത്തരം വിശദീകരണ യോഗം നടത്തിയതിൻ്റെ ഉദ്ദേശ ശുദ്ധിയും തീർച്ചയായും വിശാല സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികൾ ചോദ്യം ചെയ്യേണ്ടതു തന്നെയാണ്. സി.പി.എം എന്ന പാർട്ടി മുകളിൽ നിന്നും കെട്ടിപടുത്ത പാർട്ടിയാണ്. അതല്ലാതെ കണ്ണൂർ ജില്ലാ സെക്രട്ടറിയിൽ നിന്നും കെട്ടിപടുത്ത പാർട്ടിയല്ലന്നതും ഓർക്കണം. ചാനലുകളും സോഷ്യൽ മീഡിയയും 24 മണിക്കൂറും കണ്ണു തുറന്നിരിക്കുന്ന ഈ കാലത്ത് ഒരു പ്രാദേശിക പൊതുയോഗത്തിൽ സി.പി.എം നേതാക്കൾ പറയുന്ന നിലപാട് പോലും പാർട്ടിയുടെ സ്റ്റേറ്റിലെ മൊത്തം നിലപാടായാണ് ചിത്രീകരിക്കപ്പെടുന്നത്. ചാനൽ ചർച്ചകളിൽ പയ്യന്നൂരും, തളിപറമ്പും വിവാദമായി കത്തി പടർന്നതും, സി.പി.എം പ്രതിരോധത്തിൽ ആയിപ്പോയതും അതുകൊണ്ടാണ്. എവിടെ ആര് എന്ത് പറഞ്ഞാലും, നല്ല വെടിപ്പായി തന്നെ ഈ കാലത്ത് ലോകം അറിയും. പുതിയ കാലത്ത് രാഷ്‌ട്രീയ നേതാക്കൾ നേരിടുന്ന വലിയ വെല്ലുവിളി കൂടിയാണിത്. ഇത് ആദ്യം മനസ്സിലാക്കേണ്ടത് കേഡർ പാർട്ടിയായ സി.പി.എമ്മും അതിൻ്റെ നേതാക്കളുമാണ്. ദൗർഭാഗ്യവശാൽ അവർ ഇതുവരെ അത് മനസ്സിലാക്കിയതായി തോന്നുന്നില്ല. ഇക്കാര്യം വിശാല സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്ന പ്രതിനിധികളെങ്കിലും നേതൃത്വത്തെ ഓർമ്മിപ്പിക്കണം. പിണറായി മുതൽ ഗോവിന്ദൻ മാസ്റ്റർ വരെ വലിയ ഒരു പരാജയമായിരുന്നു എന്നത് മുഖത്ത് നോക്കി പറയാൻ പറ്റണം. ലക്ഷക്കണക്കിന് സി.പി.എം പ്രവർത്തകരുടെയും അനുഭാവികളുടെയും വികാരവും അതു തന്നെയാണ്.

കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ സെപ്തംബർ 13 ന് ആരംഭിക്കുന്ന സി.പി.എം വിശാല സംസ്ഥാന കമ്മറ്റിയോഗം മൂന്നുദിവസമാണ് നീണ്ടു നിൽക്കുന്നത്. 307 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും ക്ഷണിതാക്കളും വർ​ഗ ബഹുജന സംഘടനകളിലെ പ്രധാനപ്പെട്ടവരുമാകും ഈ യോഗത്തിൽ പങ്കെടുക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അതിജീവിക്കാനുള്ള ചർച്ചയും തീരുമാനങ്ങളും ഈ യോഗത്തിലുണ്ടാകും. പുതിയ കാലത്ത് പാർട്ടിയുടെ പ്രവർത്തനം ഏതുവിധത്തിൽ ശക്തിപ്പെടുത്താം, ദ‍ൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കാം എന്നിവയും ചർച്ചാവിഷയമാകും. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ആദ്യ സെൽ രൂപീകൃതമായ നഗരത്തിൽ പുതിയകാലത്തെ മുന്നേറ്റത്തിന്‌ പ്രസ്ഥാനത്തെ സജ്ജമാക്കുന്നതിനുള്ള തീരുമാനങ്ങളും വിശാല സംസ്ഥാന കമ്മറ്റിയിലുണ്ടാകും. ഒരുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലിയോടെയാണ്‌ യോഗം സമാപിക്കുക.

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top