കേരള സംസ്ഥാനത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകൾ ബലികഴിച്ച്, തടഞ്ഞുവെച്ച കേന്ദ്ര ഫണ്ടുകൾക്ക് വേണ്ടി പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള കേരള സർക്കാരിന്റെ ‘യൂ-ടേൺ’ വലിയ രാഷ്ട്രീയ വിമർശനങ്ങൾക്കും ഭരണമുന്നണിക്കുള്ളിൽ തന്നെ കടുത്ത ഭിന്നതകൾക്കും വഴിവെച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തെ ‘വർഗീയവൽക്കരിക്കാനും കോർപ്പറേറ്റ് വൽക്കരിക്കാനും’ ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പിഎം ശ്രീ പദ്ധതി എന്ന് ശക്തമായി വാദിച്ച സിപിഎം നേതൃത്വത്തിലുള്ള സർക്കാർ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വീകരിച്ച ഈ ‘പ്രായോഗിക നിലപാട്’ ഇടതുപക്ഷ ബദൽ രാഷ്ട്രീയത്തിന് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി എന്നു പറയുന്ന ഇടതുപക്ഷ സംഘടനകൾക്ക്, പറഞ്ഞത് വിഴുങ്ങേണ്ടി വരുന്ന അവസ്ഥ വല്ലാത്ത ഒരവസ്ഥ തന്നെയാകും.
തുടക്കത്തിൽ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിടാൻ കേരളം വിസമ്മതിച്ചിരുന്നു. പദ്ധതിയിൽ ചേരുന്നത് കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കുന്നതിന് തുല്യമാവുമെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, ഈ നിലപാടിന്റെ ഫലമായി സംസ്ഥാനത്തിന്റെ സമഗ്ര ശിക്ഷാ പദ്ധതിക്കായുള്ള 1400 കോടിയോ അതിലധികമോ കേന്ദ്ര ഫണ്ട് തടഞ്ഞുവെക്കപ്പെട്ടു. ഇതിലൂടെ കേരളം വളരെ മികച്ച രീതിയിൽ നടപ്പിലാക്കി വരുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് മുടക്കം നേരിട്ടു, 6000 ൽ അധികം അധ്യാപകരുടെ ശമ്പളം മുടങ്ങി തുടങ്ങി ഭീകര പ്രത്യാഘാതങ്ങളാണ് കേരളത്തിന് നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ, വിദ്യാഭ്യാസമേഖലയിലെ ഏറ്റവും അടിസ്ഥാനപരമായ ചെലവുകൾക്ക് പോലും പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായതോടെ, കേരള സർക്കാർ തങ്ങളുടെ കടുത്ത പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് വ്യതിചലിച്ച് പദ്ധതിയിൽ ചേരാൻ തീരുമാനിക്കുകയാണ് ഉണ്ടായത്. ഫണ്ട് കുട്ടികളുടെ അവകാശമാണെന്നും, കേന്ദ്ര സഹായം വേണ്ടെന്ന് വെക്കേണ്ട കാര്യമില്ലെന്നുമുള്ള നിലപാട് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുന്നോട്ടുവെച്ചത്. എന്നാൽ ഈ പ്രായോഗിക നിലപാട് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടിന് എതിരാണ് എന്നു മാത്രമല്ല, ഒപ്പമുള്ള ജനവിഭാഗത്തെ അകറ്റാനും വഴിവെക്കുന്നതാണ്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വേണ്ടെന്ന് വെക്കുന്നത് ശരിയായ ഭരണതീരുമാനമായി കണക്കാക്കാനാവില്ല എന്ന സർക്കാർ വാദത്തിൽ പ്രസക്തിയുണ്ടെങ്കിലും, അതൊന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ലെന്നതും വ്യക്തമാണ്. കേന്ദ്ര സർക്കാർ ഒരു പ്രത്യേക പദ്ധതിയുടെ പേരിൽ ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ അതിന് വഴങ്ങുന്നത്, ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ സ്വയംഭരണത്തിന് ഭീഷണിയാകുമോ എന്ന ആശങ്ക പൊതു സമൂഹത്തിലും ശക്തമായി കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ കേരളം പിഎം ശ്രീ പദ്ധതിക്ക് കൈകൊടുത്താൽ അധികം വൈകാതെ, ഇടതുപക്ഷം ശക്തമായി എതിർക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനും കൈ കൊടുക്കേണ്ടി വരും. പിഎം ശ്രീയും, ദേശീയ വിദ്യാഭ്യാസ നയവും രണ്ടും രണ്ടാണെന്നുമുള്ള സിപിഎം വാദം പൊളിക്കുന്നതാണ് പദ്ധതിയുടെ ധാരണപത്രം. കരാറിൽ ഒപ്പിടുന്ന സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി നടപ്പാക്കണമെന്നതാണ് ധാരണപത്രത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥ. കരാറിനെ സംബന്ധിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാതൃക ചട്ടക്കൂട് 125 ാം പേജിൽ ചേർത്ത ധാരണപത്രത്തിൻറെ മാതൃകയിൽ, ഇക്കാര്യം അടിവരയിടുന്നുണ്ട്. ഇതാണ് വസ്തുത എന്നിരിക്കെ, സിപിഎമ്മും വിദ്യാഭ്യാസ വകുപ്പും, ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ആവർത്തിക്കുന്നത്.
കേരളത്തിൽ പി.എം ശ്രീ നടപ്പാക്കുന്നതോടെ കാവിവത്കരണ അജണ്ടകൾ ഉൾക്കൊള്ളിച്ച് കേന്ദ്രസർക്കാർ തയാറാക്കിയ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ പാഠ്യപദ്ധതിയും പഠന രീതികളും ഉൾപ്പടെയുള്ളവ സംസ്ഥാനത്തും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരാകും. ഇത് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടിൽ നിന്നുള്ള കടുത്ത വ്യതിചലനമാണ്. സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി വഴി ലഭിക്കേണ്ട കേന്ദ്രവിഹിതം തടഞ്ഞുവെച്ചാണ് സംസ്ഥാനങ്ങളെ പിഎം ശ്രീ പദ്ധതിയിൽ ചേർക്കാൻ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തുന്നത്. അതിൽ ഒപ്പുവെക്കുന്നത് ആത്മഹത്യാപരമാണ് എന്നറിഞ്ഞിരിക്കെ, സർക്കാർ എന്തിന് കരാറിന് അമിത താൽപര്യം കാട്ടുന്നുവെന്നതാണ് വിമർശകർ ഉയർത്തുന്ന പ്രധാന ചോദ്യം.
ബ്ലോക്ക് തലത്തിൽ രണ്ട് സ്കൂളുകളെ വീതം തിരഞ്ഞെടുത്താണ് ഗുണനിലവാരം ഉയർത്തുന്ന പദ്ധതികൾ പിഎം ശ്രീ വഴി നടപ്പാക്കുക. ഇതിനായി, തിരഞ്ഞെടുക്കപ്പെട്ട സ്കൂളിന്റെ പേര് തന്നെ മാറ്റണം. മാത്രമല്ല, ‘സ്കൂളുകളുടെ പേരിന് മുന്നിൽ പിഎം ശ്രീ എന്ന് ചേർത്ത് ബോർഡും അതിൽ പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാപിക്കണം. ഫലത്തിൽ സംസ്ഥാന സർക്കാർ മികച്ച നിലയിൽ നടത്തിക്കൊണ്ടുപോകുന്ന സ്കൂളുകളുടെ അക്കാദമിക നിയന്ത്രണം പൂർണമായി കേന്ദ്രസർക്കാറിന് വിട്ടുനൽകേണ്ടതായി വരും.
പദ്ധതിക്ക് കീഴിൽ വരുന്ന സ്കൂളുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നേട്ടങ്ങളുടെ പ്രദർശന കേന്ദ്രങ്ങൾ കൂടിയാക്കി മാറ്റണമെന്നും നിർദേശമുണ്ട്. തുടക്കത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പദ്ധതിയെങ്കിൽ അടുത്ത ഘട്ടത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.
അത്തരത്തിൽ എങ്ങനെ നോക്കിയാലും അപാകതകളുള്ള ഈ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം, ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അർഹമായ വിഹിതം വിലപേശൽ രാഷ്ട്രീയത്തിലൂടെ നേടിയെടുക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിന് കീഴടങ്ങുന്നതിന് തുല്യമാണ് എന്നാണ് സിപിഐയും ഭരണമുന്നണിയിലെ മറ്റ് ഘടകകക്ഷികളും ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ നിലപാട് ബലികഴിച്ച് സംഘപരിവാർ അജണ്ടയ്ക്ക് വഴങ്ങുന്നുവെന്ന വിമർശനം സിപിഎം അണികളിലും ശക്തമാണ്. ഇത് നേതൃത്വത്തിന് എതിരായ വികാരമായും രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

കേരളം സാമ്പത്തിക സമ്മർദ്ദത്തിന് വഴങ്ങി പ്രത്യയശാസ്ത്രപരമായ യൂ-ടേൺ എടുക്കുമ്പോൾ, മറ്റൊരു ബിജെപി. ഇതര സംസ്ഥാനമായ തമിഴ്‌നാട് സ്വീകരിച്ച നിലപാട് തികച്ചും വിഭിന്നവും ആർജ്ജവമുള്ളതുമാണ്. അതാണ് ഇടതുപക്ഷ സർക്കാറും കണ്ട് പഠിക്കേണ്ടത്. ഡി.എം.കെ. നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ, ദേശീയ വിദ്യാഭ്യാസ നയത്തെയും അതിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയെയും തത്വത്തിൽ എതിർക്കുക മാത്രമല്ല, തങ്ങളുടെ രാഷ്ട്രീയ നിലപാട് സംരക്ഷിക്കാൻ നിയമ പോരാട്ടത്തിന്റെ വഴി സ്വീകരിക്കുകയും ചെയ്തു.
തമിഴ്‌നാട് സർക്കാർ, കേന്ദ്രം തടഞ്ഞുവെച്ച സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ടുകൾ പലിശ സഹിതം ലഭിക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുകയുണ്ടായി. “പോളിസി” മാത്രമായ എൻ.ഇ.പിയും പിഎം ശ്രീയും സംസ്ഥാനങ്ങൾക്ക് ബാധകമല്ലെന്നും, ഈ പോളിസികൾ നടപ്പാക്കാത്തതിന്റെ പേരിൽ അർഹമായ കേന്ദ്ര വിഹിതം തടഞ്ഞുവെക്കുന്നത് ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും എതിരാണെന്നുമാണ് തമിഴ്‌നാടിന്റെ പ്രധാന വാദം. തമിഴ്‌നാടിന്റെ ഈ ആർജ്ജവമുള്ള നിലപാടിന്റെ പശ്ചാത്തലത്തിൽ, കേരള സർക്കാരിന്റെ ‘യൂ-ടേൺ’ കൂടുതൽ വിമർശനങ്ങൾക്കാണ് പാത്രമായിരിക്കുന്നത്.
കേരളം നിയമപരമായ വഴി തേടാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കേന്ദ്രം തടഞ്ഞുവെച്ച ഫണ്ട് നേടിയെടുക്കാൻ, തമിഴ്‌നാട് ചെയ്തതുപോലെ നിയമപരമായ വഴികൾ തേടാമായിരുന്നില്ലേ എന്ന ചോദ്യം സി.പി.ഐ. ഉൾപ്പെടെ ഉയർത്തുന്നുണ്ട്. അടിയന്തര സാമ്പത്തികാവശ്യം മുൻനിർത്തി പദ്ധതിയിൽ ചേരുമ്പോൾ, എൻ.ഇ.പി.യിലെ വ്യവസ്ഥകൾ ഭാവിയിൽ നടപ്പാക്കേണ്ടിവരുന്ന രാഷ്ട്രീയ ബാധ്യത സർക്കാർ എങ്ങനെ മറികടക്കും എന്ന ചോദ്യവും പ്രസക്തമാണ്.
സിപിഎം ന്റെ നിലപാട് വ്യതിചലനത്തിന്റെ തീവ്രത തിരിച്ചറിയാൻ വേറെ ചില കാര്യങ്ങൾ കൂടി മനസിലാക്കേണ്ടതുണ്ട്. 2020 ജൂലൈയിൽ, ലോകത്തെ മുഴുവൻ വീട്ടുതടങ്കലിലാക്കിയ കോവിഡ് കാലത്ത്, അഹോരാത്രം പണിയെടുത്ത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടിച്ചിറക്കിയ നയമായിരുന്നു ദേശീയ വിദ്യാഭ്യാസ നയം അഥവാ എൻ ഇ പി. യാതൊരു ചർച്ചകൾക്കും പഠനങ്ങൾക്കും ഇട നൽകാതെ, പാർലമെന്റിൽ ഈ ബില്ല് അംഗീകരിക്കപ്പെട്ടു. അന്ന് ഈ നയത്തെ നഖ ശിഖാന്തം എതിർത്ത പ്രതിപക്ഷ പാർട്ടി ഏതാണെന്ന് ചോദിച്ചാൽ അത് സിപിഎം ആയിരുന്നു. പീപ്പിൾസ് ഡെമോക്രസി എന്ന സിപിഎം മുഖപത്രത്തിൽ വിശദമായ ഒരു ലേഖനം തന്നെ ഈ വിഷയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്ത്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടപെട്ട്, സംസ്ഥാന ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ വിദ്യാഭ്യാസം, പൂർണമായും കേന്ദ്ര സർക്കാരിന്റെ അധീനതയിലാക്കുക, വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുക, ഹിന്ദുത്വ അജണ്ടകൾ പിന്തുടർന്ന്, വിദ്യാഭ്യസ മേഖലയെ കാവിവൽക്കരിക്കുക എന്നിവയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് അന്ന് സിപിഎം ഉയർത്തിയത്. കൂടാതെ വിഷയത്തിൽ കടുത്ത എതിർപ്പ് വ്യക്തമാക്കുകയും ചെയ്യുകയുണ്ടായി.
കേന്ദ്ര സർക്കാർ, ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുമേൽ ഈ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നും, കടുത്ത വിവേചനപരമായ നടപടി, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് മേൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്നും ആരോപിച്ച്, ഈ സംസ്ഥാനങ്ങൾ പാർലമെന്റ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് പരാതി നൽകുന്ന സാഹചര്യവുമുണ്ടായി. അതെ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി, കേന്ദ്ര സർക്കാരിന്റെ നടപടി നീതീകരിക്കാൻ കഴിയാത്തതാണ് എന്ന നിഗമനത്തിൽ എത്തിച്ചേരുകയും, പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കൂടാതെ, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നില്ല എന്നൊരു പൊതുതാത്പര്യ ഹർജി, സുപ്രീം കോടതിയിൽ എത്തിയ സമയത്ത്, കോടതിയും സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജെ പർദീപ് വാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്, അന്ന് വ്യക്തമാക്കിയത് കേന്ദ്ര സർക്കാരിന് സംസ്ഥാനത്തിന് മേൽ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ കഴിയില്ല എന്ന് ആയിരുന്നു. ഇതേ ബെഞ്ച് തന്നെയാണ് മുൻപ് രാഷ്ട്രപതിക്കും ഗവർണർമാർക്കും, ബില്ലുകളിൽ ഒപ്പിടാനുള്ള സമയപരിധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കിയത് എന്നതും ശ്രദ്ധേയമാണ്.
ഇങ്ങനെ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും സുപ്രീം കോടതിയുടെയും അതിശക്തമായ പിന്തുണ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കുള്ളപ്പോൾ, കേരള സർക്കാരിന്റെ നിലപാടിനെ ബദൽ രാഷ്ട്രീയത്തിന്റെ തകർച്ചയായാണ് പല വിമർശകരും കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകളെ ശക്തമായി എതിർക്കുന്ന സംസ്ഥാനം എന്ന നിലയിലുള്ള കേരളത്തിന്റെ ദേശീയതലത്തിലെ പ്രതിച്ഛായക്ക് ഈ തീരുമാനം മങ്ങലേൽപ്പിച്ചിരിക്കുകയാണ്. സാമ്പത്തികമായി കഷ്ടപ്പെടുമ്പോഴും, രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ നിയമപരമായി പോരാടാനുള്ള തമിഴ്‌നാടിന്റെ തീരുമാനമാണ് ഇടതുപക്ഷ ബദലിന് അനുയോജ്യമായിരുന്നത് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Also Read: ‘ആരെയും സ്ഥാനാർത്ഥിയാക്കുമെന്ന് വാക്ക് നൽകരുത്’; നിർദേശം നൽകി കെ. സി. വേണുഗോപാൽ
പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള കേരളത്തിന്റെ തീരുമാനം, ‘പ്രത്യയശാസ്ത്രവും പ്രായോഗിക ഭരണവും തമ്മിലുള്ള പോരാട്ടത്തിൽ സാമ്പത്തിക സമ്മർദ്ദം വിജയിച്ചതിന്റെ വ്യക്തമായ സൂചനയാണ്. ഈ യൂ-ടേൺ, കേന്ദ്ര നയങ്ങളെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന കാര്യത്തിലും സംശയമില്ല. ഈ തീരുമാനം ഭരണമുന്നണിയിൽ ഭിന്നതയുണ്ടാക്കുകയും, പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം നൽകുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ, പിഎം ശ്രീ പദ്ധതിയുടെ മറവിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്ത് കടന്നുവരാതിരിക്കാൻ ജാഗ്രത പാലിക്കുക എന്നതാണ് കേരള സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
EXPRESS VIEW
വീഡിയോ കാണാം;











