കേന്ദ്ര സർക്കാരിൻ്റെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിൽ ശക്തമായ പ്രതിഷേധമാണ് സി.പി.എം കേന്ദ്ര നേതാക്കൾക്കിടയിൽ ഉള്ളതെന്നാണ് ലഭിക്കുന്ന സൂചന. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുൾപ്പെടെ അവരുടെ അതൃപ്തി പി.ബി അംഗങ്ങളെയും പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയെയും അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സി.പി.എം നേതാക്കളും ശക്തമായ പ്രതിഷേധത്തിലാണ് ഉള്ളത്. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാതെ മമത ബാനർജി സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ, പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് പശ്ചിമ ബംഗാളിലെ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്.
ഇതോടെ വിഷയം ചർച്ച ചെയ്യാൻ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വിളിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മുഖ്യമന്ത്രി നേരിട്ട് സി.പി.ഐ നേതാക്കളുമായി ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. കേരളത്തിൻ്റെ പൊതുനിലപാടിന് എതിരായ എന്തെങ്കിലും കരാറിൽ ഉണ്ടെങ്കിൽ കരാർ നടപ്പാക്കില്ലെന്ന് ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കിയത്, പാർട്ടിയിലും മുന്നണിയിലും ഉയർന്നു വന്ന പൊതുവികാരം മുൻനിർത്തിയാണ്.
എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ അടക്കമുള്ള സി.പി.എമ്മിൻ്റെ വർഗ്ഗ ബഹുജന സംഘടനകളും ശക്തമായ പ്രതിഷേധത്തിലാണ് ഉള്ളത്. എസ്.എഫ്.ഐ അഖിലേന്ത്യാ നേതാക്കൾ ഇക്കാര്യത്തിൽ തങ്ങൾക്കുള്ള ആശങ്ക സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ്റെ പ്രതികരണത്തിൽ നിന്നുതന്നെ, എത്രമാത്രം പ്രതിഷേധമാണ് എസ്.എഫ്.ഐക്ക് ഉള്ളതെന്ന് വ്യക്തമാണ്. “വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏത് കോണിൽ നിന്നായാലും എതിർക്കുമെന്നാണ് ” ശരത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നത്.
സംഘപരിവാർ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ കാമ്പസുകളിലും നാട്ടിൻപുറങ്ങളിലും ചർച്ച ചെയ്തതും സമരം നടത്തിയതും എസ്.എഫ്.ഐയാണ്. ആ മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം തിരുത്തേണ്ടതാണ് എന്ന് സൂചിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റിൽ, കീഴടങ്ങൽ മരണവും ചെറുത്തുനിൽപ് പോരാട്ടവുമാണെന്നാണ്’ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കുറിച്ചിരുന്നത്. ഈ പോസ്റ്റ് പിന്നീട് ഡിലിറ്റ് ചെയ്യപ്പെട്ടെങ്കിലും, ഇടതുപക്ഷ ഗ്രൂപ്പുകളിൽ വ്യാപകമായാണ് ഇപ്പോഴും പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
നയപരമായും രാഷ്ട്രീയമായും എതിർത്ത ദേശീയ വിദ്യാഭ്യാസ നയത്തിന്റെ, അതായത് എൻ.ഇ.പിയുടെ ഭാഗമായുള്ള പി.എം ശ്രീ സ്‌കൂൾ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത് കൃത്യമായ നയവ്യതിയാനമായാണ് ഇടതുപക്ഷ സംഘടനകൾ വിലയിരുത്തുന്നത്. സർക്കാർ നടപടിയെ എതിർത്ത് ശക്തമായി രംഗത്ത് വന്നത് സി.പി.ഐയും അവരുടെ വിദ്യാർത്ഥി-യുവജന സംഘടനകളുമാണെങ്കിലും, സി.പി.എം അണികളിലും അനുഭാവികളിലും, സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കീഴടങ്ങിയെന്ന ആരോപണം വല്ലാതെയാണ് പിടിച്ചുലച്ചിരിക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട കേന്ദ്രഫണ്ട് നേടിയെടുക്കാനാണ് പി.എം ശ്രീ നടപ്പാക്കുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിൻ്റെയും വിശദീകരണമൊന്നുംതന്നെ, സ്വന്തം പ്രവർത്തകരുടെ ആശങ്കകൾ അകറ്റാൻ കാരണമായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
വിദ്യാഭ്യാസത്തിൽ കാവിവത്കരണവും വാണിജ്യവത്കരണവും ലക്ഷ്യമിട്ടാണ് എൻ.ഇപി.യെന്നാണ് സി.പി.എമ്മും സി.പി.ഐയും മറ്റ് ഇടതുപക്ഷ സംഘടനകളും പൊതുവായി സ്വീകരിച്ചിരിക്കുന്ന നിലപാട്. ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗൾഭരണവുമൊക്കെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന വിമർശനവും വ്യാപകമായാണ് ഇടതുപക്ഷം ഉയർത്തിയിരുന്നത്.
സി.പി.എം മധുര പാർട്ടി കോൺഗ്രസ് തന്നെ എൻ.ഇ.പി അപകടകരമാണെന്ന് അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെ പാർട്ടി കോൺഗ്രസ്സ് തീരുമാനിച്ച ഒരു നിലപാട് തിരുത്താൻ, സി.പി.എം നേതൃത്വം നൽകുന്ന സർക്കാരിന് എങ്ങനെ കഴിഞ്ഞു എന്നതാണ് സി.പി.എമ്മിൽ നിന്നുയരുന്ന ചോദ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നതും വ്യക്തമാണ്.
എൻ.ഇ.പി വ്യവസ്ഥകളെല്ലാം പൂർണമായി സംസ്ഥാനങ്ങളിൽ നടപ്പാക്കണമെന്നാണ് പി.എം ശ്രീ ധാരണാ പത്രം നിർദേശിക്കുന്നത്. പി.എം ശ്രീ സ്‌കൂളിൽ എൻ.ഇ.പി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതിയും വേണം. അതിനാൽ, എൻ.സി.ഇ.ആർടി. സിലബസ് പിന്തുടരാനും കേരളം നിർബന്ധിതമാവും. പി.എം ശ്രീ സ്‌കൂളിൽ കേന്ദ്ര സിലബസും മറ്റു സ്‌കൂളുകളിൽ സംസ്ഥാന സിലബസുമാവുന്നത് പൊതുവിദ്യാലയങ്ങൾ രണ്ട് തട്ടിലാവുന്നതിനും ഇടയാക്കും. ഇതെങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നതാണ് ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ഉയർത്തുന്ന ചോദ്യം. പി.എം ശ്രീ നടപ്പാക്കാൻ സമ്മതിച്ചതോടെ, കേന്ദ്രസർക്കാർ നയം തത്ത്വത്തിൽ കേരളം അംഗീകരിച്ചതിന് തുല്യമായാണ് മാറിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് 21-ാം നൂറ്റാണ്ടിൽ വേണ്ട ശേഷി അഭിമുഖീകരിക്കാൻ ആവും വിധമുള്ള മാതൃകാ വിദ്യാലയങ്ങളാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ അഥവാ പി.എം ശ്രീ എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിർവഹണവും മികവും പ്രദർശിപ്പിക്കാനുള്ളതാണ് ഈ വിദ്യാലയങ്ങളെന്നും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2023-27 വർഷത്തേക്ക് വിഭാവനം ചെയ്ത പദ്ധതി കൂടിയാണിത്. രാജ്യത്ത് 14,500 പി.എം ശ്രീ സ്‌കൂളുകൾ വികസിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു എലമെന്ററി സ്‌കൂൾ, ഒരു സെക്കൻഡറി സ്‌കൂൾ എന്നിങ്ങനെ ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകൾ വീതമുണ്ടാകും. സംസ്ഥാനത്തെ മുന്നൂറോളം പൊതുവിദ്യാലയങ്ങൾ ഇത്തരത്തിൽ കേന്ദ്രം വികസിപ്പിക്കും. അവയിൽ പി.എം ശ്രീ സ്‌കൂളായി തിരിച്ചറിയാവുന്ന തരത്തിൽ പേരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും സഹിതമുള്ള ബോർഡുകളുമാണ് സ്ഥാപിക്കുക.
പി.എം ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ 2023-24 അവസാനപാദം മുതലാണ് കേന്ദ്രം ഫണ്ട് തടഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ 1200 കോടിയാണ് മരവിപ്പിച്ചിരുന്നത്. എസ്എസ്‌കെ പദ്ധതികൾ താളം തെറ്റുകയും, ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും ചെയ്‌തോടെയാണ്, കേന്ദ്ര സമ്മർദ്ദത്തിന് വഴങ്ങി ധാരണാപത്രത്തിൽ ഒപ്പിടാൻ നിർബന്ധിതമായതെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ, കേന്ദ്ര സമ്മർദ്ദത്തിന് വഴങ്ങാതെ മമത ബാനർജിയും എം കെ സ്റ്റാലിനും സ്വീകരിച്ച നിലപാട്, പിണറായി വിജയൻ സ്വീകരിക്കാതിരുന്നത്, ദുരൂഹത ഉയർത്തുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
മറ്റ് പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് വാങ്ങുന്നതിന് ഒപ്പിടുന്നത് പോലെ നിസാരമായി കണ്ട് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാർ നടപടി, രാഷ്ട്രീയ നിരീക്ഷകരെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനെ സംബന്ധിച്ച് ഇത് വലിയ വിജയം തന്നെയാണെന്നതാണ് അവരുടെ വിലയിരുത്തൽ.
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റി കൊണ്ടുപോയതും, യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചതും, മാതാ അമൃതാനന്ദമയിയെ സാംസ്കാരിക മന്ത്രി ആലിംഗനം ചെയ്തതിനും പിന്നാലെ നടന്ന, പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ്, പൊതുസമൂഹമിപ്പോൾ പി.എം ശ്രീ പദ്ധതി ഒപ്പിട്ടതിനെയും നോക്കിക്കാണുന്നത്. ഇതെല്ലാം എന്തിന് വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകേണ്ടത് പിണറായി വിജയനാണ്. പാർട്ടി നിലപാടിന് മുകളിൽ ആരും പറക്കില്ലെന്നത് പഴയ ചരിത്രമാണെങ്കിൽ, അതിൻ്റെ മറുപടി സി.പി.എം കേന്ദ്ര നേതൃത്വവും നൽകേണ്ടതുണ്ട്.
നയപരമായി ഒട്ടും വിട്ടുവീഴ്ചയില്ലെന്നും, എൻ.ഇ.പിയിലുള്ള എതിർപ്പ് തുടരുമെന്നുമുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെയും സർക്കാരിൻ്റെയും വാദം, പി.എം ശ്രീ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു കഴിഞ്ഞ ക്ഷണം തന്നെ പൊളിഞ്ഞു പാളീസായിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ ബി.ജെ.പി നേതാക്കൾ പറയുന്നത് സവർക്കറെ കുറിച്ചും ഹെഡ് ഗേവാറിനെ കുറിച്ചും ഇനി കേരളത്തിലെ കലാലയങ്ങളിൽ പഠിപ്പിക്കേണ്ടി വരുമെന്നാണ്. അത്യന്തം അപകടകരമായ സാഹചര്യമാണിത്. സി.പി.എം കേന്ദ്രകമ്മിറ്റി വിളിച്ചുചേർത്ത്, ഉടൻ തിരുത്തൽ നടപടി സ്വീകരിച്ചില്ലെങ്കിൽ, ഇടതുപക്ഷ കേരളവും അധികം താമസിയാതെ തന്നെ ഓർമ്മയായി മാറും. അതാകട്ടെ, വ്യക്തവുമാണ്.
(ശ്രദ്ധിക്കുക: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം എ ഐ ഉപയോഗിച്ച് പ്രതീകാത്മകമായി തയ്യാറാക്കിയതാണ്)
EXPRESS VIEW
വീഡിയോ കാണാം














