പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി

ജില്ലാ നേതൃത്വം പൂർണ്ണ പരാജയമായിരുന്നുവെന്ന് വിമർശിച്ച അംഗങ്ങൾ, താഴേത്തട്ടിൽ സംഘടന സംവിധാനം അതീവ ദുർബലമാണെന്നും ചൂണ്ടിക്കാട്ടി

പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി
പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി

സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഇന്നും രൂക്ഷ വിമർശനം ഉയർന്നു. പാർട്ടിയുടെ നേതൃശൈലിയിൽ അടിയന്തര മാറ്റം വേണമെന്നും, തെറ്റുകൾ തിരുത്തി മുന്നോട്ട് പോയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പുണ്ടാകില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പിണറായി വിജയനെതിരെയുള്ള ജനവികാരം തിരിച്ചറിയുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും വിമർശകർ ചൂണ്ടിക്കാട്ടി. അതേസമയം, പിണറായിയെ പ്രതിരോധിച്ചും ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. എല്ലാ ഉത്തരവാദിത്തങ്ങളും പിണറായിയുടെ മേൽ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നും, തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടിക്കും മുന്നണിക്കും ഒരുപോലെയാണെന്നും അവർ വാദിച്ചു. ഒരു ക്രിക്കറ്റ് മത്സരത്തിൽ തോൽക്കുമ്പോൾ ക്യാപ്റ്റൻ മാത്രമല്ലാത്തതുപോലെ, പാർട്ടിയുടെ കൂട്ടായ പരാജയമാണിതെന്നാണ് ഇവരുടെ പക്ഷം.

ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലും കമ്മിറ്റിയിൽ കടുത്ത അതൃപ്തി പ്രകടമായി. ജില്ലാ നേതൃത്വം പൂർണ്ണ പരാജയമായിരുന്നുവെന്ന് വിമർശിച്ച അംഗങ്ങൾ, താഴേത്തട്ടിൽ സംഘടന സംവിധാനം അതീവ ദുർബലമാണെന്നും ചൂണ്ടിക്കാട്ടി. ബ്രാഞ്ച് തലത്തിൽ പോലും കൃത്യമായി യോഗങ്ങൾ ചേരുന്നില്ലെന്നും സംഘടനാപരമായ ഈ വീഴ്ചയാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

Share Email
Top