തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഇന്ന്. നേരത്തെ കൊല്ലത്ത് സമ്മേളനത്തിനിടെ സംസ്ഥാന സെക്രട്ടേറിയറ്റിനെയും സെക്രട്ടറിയേയും തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക. ഏപ്രില്‍ 2 മുതല്‍ 6 വരെ മധുരയില്‍ നടക്കുന്ന സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. കരട് രാഷ്ട്രീയ പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നിലപാട് ഈ ചര്‍ച്ചയില്‍ ഉരുത്തിരിയും.
Also Read: ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന് താന്‍ കരുതുന്നില്ല; പ്രകാശ് കാരാട്ട്
സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തിയ പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ എം പത്മകുമാറിനെതിരെ നടപടി വേണമോയെന്നും സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി എം പത്മകുമാര്‍ വിഷയം സംസ്ഥാന കമ്മിറ്റിയ്ക്ക് വിട്ടിരുന്നു. നേരത്തെ മേഴ്‌സിക്കുട്ടിയമ്മ, പി ജയരാജന്‍, എം ബി രാജേഷ് തുടങ്ങിയവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതും ചര്‍ച്ചയായിരുന്നു.