ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സോളാര്‍ സമരം അവസാനിപ്പിക്കാന്‍ ജോണ്‍ ബ്രിട്ടാസ് അന്നത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ ആഗ്രഹിച്ച സ്ഥലത്താണ് സമരം അവസാനിച്ചത്. കെഎം മാണിയെ മുഖ്യമന്ത്രി ആക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നോ എന്നതില്‍ തനിക്കൊരു അറിവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകനും എംപിയുമായ ജോണ്‍ ബ്രിട്ടാസ് ഒത്തുതീര്‍പ്പിനായി തന്നെ വിളിച്ചുവെന്ന് ജോണ്‍ മുണ്ടക്കയം ‘സോളാര്‍ ഇരുണ്ടപ്പോള്‍’ എന്ന ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈ എടുത്തത് സിപിഐഎമ്മെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചതുകൊണ്ടാണെന്നായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചിലരെയെങ്കിലും രക്ഷിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് നൂറുശതമാനം പൊളിവര്‍ത്തമാനമാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ഇടപെടലുകള്‍ നടത്തി. അതൊരു കൊലക്കേസാണ്. അതുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രക്ഷോഭത്തെ ബന്ധപ്പെടുത്താന്‍ സാധിക്കുമോ? ഒരു പ്രക്ഷോഭം നടത്തുക എന്നത് അവരുടെ അവകാശമാണ്. അവരത് നടത്തിക്കോട്ടെ. പക്ഷേ അതിനായി ഒരു കൊലക്കേസ് തേച്ചുമാച്ചുകളയാനായി നടപടിയെടുക്കുമെന്ന് പറഞ്ഞാല്‍ അത് ഭരണഘടന പിച്ചിച്ചീന്തുന്നതിന് തുല്യമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Top