നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. എൽ.ഡി.എഫ് മുന്നണിയിലെ തർക്കങ്ങളിൽ കടുത്ത അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. മുന്നണി സംവിധാനം എന്നത് ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം കുത്തകയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സിപിഐക്ക് എല്‍ഡിഎഫിന്റെ പിന്തുണ മതിയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
“മുന്നണി ഒരു പാർട്ടിയുടേത് മാത്രമല്ല. അത് സി.പി.ഐയുടെയും സി.പി.ഐ.എമ്മിന്റെയും എല്ലാവരുടേയുമാണ്. സി.പി.ഐക്ക് ഇക്കാര്യത്തിൽ ഒറ്റ നിലപാടേ ഉള്ളൂ. മുന്നണിക്ക് ഒരു രീതിയുണ്ട്, അത് ജനങ്ങളുടേതാണ്. അതിൽ പല പാർട്ടികളുണ്ട്. തർക്കങ്ങൾ ചർച്ചകളിലൂടെ തീർക്കാൻ പറ്റുമെന്നാണ് വിശ്വാസം.ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്ന് സി.പി.ഐക്ക് പൂർണ്ണ ബോധ്യമുണ്ട് ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.ഐയും സി.പി.ഐ.എമ്മും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും തമ്മിൽ ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നത്.





