വ്യാജനിർമ്മാണം ഗുരുതര കുറ്റം! സൗദി നിയമം കടുപ്പിക്കുന്നു

നിയമം ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും

വ്യാജനിർമ്മാണം ഗുരുതര കുറ്റം! സൗദി നിയമം കടുപ്പിക്കുന്നു
വ്യാജനിർമ്മാണം ഗുരുതര കുറ്റം! സൗദി നിയമം കടുപ്പിക്കുന്നു

സൗദി അറേബ്യയിൽ തനത് പ്രാദേശിക ഉൽപ്പന്നങ്ങളുടെ സംരക്ഷണത്തിനായി കർശനമായ പുതിയ നിയമം നടപ്പിലാക്കുന്നു. ഡ്രൈ ഫ്രൂട്‌സ് ഉൾപ്പെടെയുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുകയാണ് ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും.

സൗദി അറേബ്യയുടെ തനത് പ്രാദേശിക ഉൽപ്പന്നങ്ങൾ എന്ന പേരിൽ വ്യാജ ലേബലുകൾ പതിപ്പിച്ച് വിൽക്കുന്ന പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ ആധികാരികത, പ്രശസ്തി, വിപണി മൂല്യം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. സൗദി ഈത്തപ്പഴം, നജ്റാൻ തേൻ, തായിഫ് റോസാപ്പൂക്കൾ പോലുള്ള പ്രത്യേക ഐഡന്റിറ്റിയുള്ള പ്രാദേശിക ഉൽപ്പന്നങ്ങളെ അനധികൃത ഉപയോഗത്തിൽ നിന്നും വ്യാജ നിർമ്മാണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ഗിന്നസ് റെക്കോർഡുമായി അജ്മാൻ! 603 വാഹനങ്ങൾ അണിനിരത്തി ദേശീയ ദിനാശംസ

പുതിയ നിയമപ്രകാരം ഉൽപ്പന്നങ്ങളിൽ ഭൂമിശാസ്ത്രപരമായ സൂചനകൾ തെറ്റായി ഉപയോഗിക്കുന്നത്, വ്യാജമായി നിർമ്മിക്കുന്നത്, ആവശ്യമായ നിലവാരം പാലിക്കാത്ത വസ്തുക്കളെ പ്രാദേശിക ഉൽപ്പന്നമായി അവതരിപ്പിക്കുന്നത്, തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗ്, ലേബലിംഗ്, പരസ്യം എന്നിവയെല്ലാം ഗുരുതരമായ കുറ്റങ്ങളാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യം ആവർത്തിച്ചാൽ ഇരട്ടിപ്പിഴ ഈടാക്കുകയും സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാൻ ഈ പുതിയ നിയമം കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്നു. അതനുസരിച്ച്, കുറ്റവാളിയുടെ ചെലവിൽ വ്യാജ ഉൽപ്പന്നങ്ങളും അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടുകെട്ടി നശിപ്പിക്കാൻ കോടതിക്ക് ഉത്തരവിടാൻ കഴിയുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

Share Email
Top