യുദ്ധം നീളുമ്പോൾ മിസൈലുകളും വെടിക്കോപ്പുകളും തീരുന്നു… പക്ഷേ അവയ്ക്ക് പകരം വീണ്ടും വാങ്ങാൻ വേണ്ട പണം കൂടുന്നു. ഇതാണ് ഇപ്പോൾ ലോകത്തിലെ വൻ സൈനിക ശക്തികളെ പുതിയൊരു ആയുധമത്സരത്തിലേക്ക് നയിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ വില കൂടിയ ആയുധങ്ങൾക്ക് പകരം കുറഞ്ഞ ചെലവിൽ കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയുന്ന ‘സ്മാർട്ട്’ ആയുധങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്. ആധുനിക യുദ്ധത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് കുറഞ്ഞ വിലയിൽ കൂടുതൽ ആയുധങ്ങൾ വേഗത്തിൽ നിർമിക്കാനും സ്വന്തമാക്കാനുമാണ് ഇപ്പോഴത്തെ ശ്രമം.
തുടർച്ചയായ മധ്യപൂർവദേശ സംഘർഷങ്ങളും കിഴക്കൻ യൂറോപ്പിലെ യുദ്ധവും പെന്റഗണിന്റെ നിർണായക ആയുധശേഖരങ്ങളെ കാര്യമായി കുറച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ ആയുധശേഖരം വേഗത്തിൽ പുനർനിറയ്ക്കണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതോടെ അമേരിക്കൻ സൈനിക മേധാവികൾ പുതിയ മുന്നേറ്റ ആയുധങ്ങൾക്കായുള്ള അടിയന്തര അന്വേഷണത്തിലാണ്. എന്നാൽ ഇവിടെ വീണ്ടും ഉയരുന്ന പ്രധാന പ്രശ്നം പണം തന്നെയാണ്. സൈനിക ബജറ്റുകൾക്ക് വലിയ സമ്മർദം നേരിടുമ്പോൾ, ആധുനിക യുദ്ധങ്ങൾക്ക് വൻതോതിലുള്ള വെടിക്കോപ്പുകൾ ആവശ്യമായി വരുന്നു.
ALSO READ;അണമുട്ടിയാൽ ചേരയും കടിക്കും..! റഷ്യൻ വിമാനങ്ങളെ ലക്ഷ്യം വയ്ക്കാൻ യുക്രെയ്ൻ?
വില കുറയ്ക്കുമ്പോഴും കൃത്യത വേണം
ഇതോടെയാണ് ആയുധ നിർമാണത്തിന്റെ മുൻഗണന തന്നെ മാറുന്നത്. കൂടുതൽ പണം ചെലവഴിച്ച് കുറച്ച് ആയുധങ്ങൾ നിർമ്മിക്കുന്നതിന് പകരം, കുറഞ്ഞ ചെലവിൽ കൂടുതൽ കൃത്യതയുള്ള ആയുധങ്ങൾ വേഗത്തിൽ നിർമിക്കുകയെന്നതാണ് പുതിയ സമീപനം. പ്രത്യേകിച്ച് ലക്ഷ്യം കൃത്യമായി ഭേദിക്കാൻ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള മിസൈലുകൾക്കും ആയുധങ്ങൾക്കുമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ. വലിയ തോതിലുള്ള യുദ്ധങ്ങളിൽ ആയുധങ്ങളുടെ എണ്ണം തന്നെ നിർണായകമാകുന്നതിനാൽ ചെലവ് കുറയ്ക്കുക സൈനിക തന്ത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കൻ നേതൃത്വത്തിലുള്ള ഈ നീക്കം ആഗോള തലത്തിലും പുതിയ ആയുധമത്സരത്തിന് വഴിയൊരുക്കുകയാണ്. സൈനിക ശക്തി നിലനിർത്താൻ കൂടുതൽ ആയുധങ്ങൾ ആവശ്യമായിരിക്കുമ്പോൾ, അതിനായി ചെലവഴിക്കാൻ കഴിയുന്ന തുകക്ക് പരിധിയുണ്ട്. അതിനാൽ തന്നെ ഇനി ചോദ്യം ആരുടെ കൈവശമാണ് ഏറ്റവും വിലയേറിയ ആയുധം എന്നതിലല്ല; കുറഞ്ഞ ചെലവിൽ കൂടുതൽ കൃത്യതയോടെ കൂടുതൽ ആയുധങ്ങൾ ആരാണ് വേഗത്തിൽ നിർമ്മിക്കുന്നത് എന്നതിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ.






