ഐപിഎൽ അരങ്ങേറ്റ സീസണിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമെന്ന ചരിത്ര റെക്കോഡ് സ്വന്തം പേരിലാക്കി പഞ്ചാബ് കിങ്സിന്റെ കൂപ്പർ കോണൊലി. ശ്രീലങ്കൻ ഇതിഹാസ താരം സനത് ജയസൂര്യയുടെ 18 വർഷം പഴക്കമുള്ള റെക്കോഡാണ് കോണൊലി മറികടന്നത്. 2008-ലെ കന്നി ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ജയസൂര്യ നേടിയ 31 സിക്സറുകളുടെ റെക്കോഡ്, ഈ സീസണിൽ 32 സിക്സറുകൾ തികച്ചുകൊണ്ട് കോണൊലി അട്ടിമറിച്ചു.
ഈ സീസണിൽ പഞ്ചാബ് കിങ്സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച കോണൊലി, ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ മൂന്ന് സിക്സറുകൾ താരം പറത്തിയിരുന്നു. കളിച്ച 13 മത്സരങ്ങളിൽ നിന്നായി 32 സിക്സറുകൾക്ക് പുറമെ 39 ഫോറുകളടക്കം 473 റൺസാണ് താരം അടിച്ചെടുത്തത്. പുറത്താകാതെ നേടിയ 107 റൺസാണ് ഉയർന്ന സ്കോർ.
Also Read:പർപ്പിൾ ക്യാപ് തലയിലുറപ്പിച്ച് ഭുവനേശ്വർ കുമാർ; റൺ വേട്ടയിലും പോരാട്ടം കടുക്കുന്നു
നിലവിൽ ഓറഞ്ച് ക്യാപ്പിനായുള്ള റൺവേട്ടക്കാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കൂപ്പർ കോണൊലി. പഞ്ചാബിന് ഇനി ഒരൊറ്റ മത്സരം മാത്രം ബാക്കിനിൽക്കെ ഒന്നാം സ്ഥാനത്തെത്തി ഓറഞ്ച് ക്യാപ് സ്വന്തമാക്കുക എന്നത് കോണൊലിക്ക് വലിയ വെല്ലുവിളിയാണ്. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ആർസിബിയുടെ വിരാട് കോഹ്ലി, കെ.എൽ. രാഹുൽ തുടങ്ങിയ പ്രമുഖർ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.






