ടിക്കറ്റ് റദ്ദാക്കിയപ്പോൾ ലഭിച്ച റീഫണ്ടിൽ ഒരു രൂപ കുറഞ്ഞതിന് ഐ.ആർ.സി.ടി.സിക്ക് പിഴയും നഷ്ടപരിഹാരവും ചുമത്തി ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കുറഞ്ഞ ഒരു രൂപയും അതിന് ഒൻപത് ശതമാനം പലിശയും നൽകുന്നതിന് പുറമെ, സേവനത്തിലെ വീഴ്ചയ്ക്ക് 100 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 3,000 രൂപയും പരാതിക്കാരന് നൽകാൻ കാസർകോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. മുളിയാർ കാനത്തൂർ സ്വദേശിയും യുവ അഭിഭാഷകനുമായ സഞ്ജയ് രാജാണ് ഈ നിയമപോരാട്ടത്തിൽ വിജയം നേടിയത്.
2024 ഓഗസ്റ്റ് 11-നാണ് സഞ്ജയ് രാജ് 553 രൂപ നൽകി എ.സി ത്രീ ടയർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ഓഗസ്റ്റ് 20-നായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ യാത്രയ്ക്ക് 48 മണിക്കൂറിലധികം സമയമുള്ളപ്പോൾ, ഓഗസ്റ്റ് 17-ന് അദ്ദേഹം ടിക്കറ്റ് റദ്ദാക്കി. ചട്ടപ്രകാരം റദ്ദാക്കൽ ചാർജായ 180 രൂപയും അതിന്റെ അഞ്ച് ശതമാനം ജി.എസ്.ടിയായ ഒൻപത് രൂപയും കഴിച്ച് 341 രൂപ തിരിച്ചുകിട്ടേണ്ടിയിരുന്ന സ്ഥാനത്ത് 340 രൂപ മാത്രമാണ് ഐ.ആർ.സി.ടി.സി നൽകിയത്.
Also Read: വി.ഡി. സതീശൻ കേരളത്തിലെ മോദി; സർക്കാരിനെതിരെ ആഞ്ഞടിച്ച് പി. രാജീവ്
റീഫണ്ടിൽ ഒരു രൂപയുടെ കുറവ് കണ്ടെത്തിയതിനെത്തുടർന്നാണ് സഞ്ജയ് രാജ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്റെ വാദം ശരിവെച്ച കമ്മീഷൻ പ്രസിഡന്റ് കെ. കൃഷ്ണൻ, അംഗം കെ.ജി. ബീന എന്നിവരടങ്ങിയ ബെഞ്ച്, ഐ.ആർ.സി.ടി.സിയുടേത് അന്യായമായ വ്യാപാരരീതിയാണെന്ന് വ്യക്തമാക്കി. ടിക്കറ്റ് റദ്ദാക്കിയ 2024 ഓഗസ്റ്റ് 17 മുതൽ തുക കൈമാറുന്നത് വരെ ഒരു രൂപയ്ക്ക് ഒൻപത് ശതമാനം പലിശ സഹിതം നഷ്ടപരിഹാര തുകയായ 3,100 രൂപ 30 ദിവസത്തിനകം നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






