ബി.ജെ.പിയുടെ ‘കപ്പൽ’ മുക്കാൻ പോകുന്നത് ഘടകകക്ഷികളോ ? എൻ.ഡി.എ കൂട്ടുകെട്ടിൽ അടിപതറി ബി.ജെ.പി !

ബി.ജെ.പിയുടെ ‘കപ്പൽ’ മുക്കാൻ പോകുന്നത് ഘടകകക്ഷികളോ ? എൻ.ഡി.എ കൂട്ടുകെട്ടിൽ അടിപതറി ബി.ജെ.പി !

കേന്ദ്രത്തിൽ ആര് തന്നെ സർക്കാർ ഉണ്ടാക്കിയാലും, ഇത്തവണ സീറ്റിൻ്റെ കാര്യത്തിലും വോട്ടിങ്ങ് ശതമാനത്തിൻ്റെ കാര്യത്തിലും, വലിയ നേട്ടമുണ്ടാക്കാൻ പോകുന്നത് പ്രതിപക്ഷ പാർട്ടികളായിരിക്കും. 2019-ൽ നിന്നും വ്യത്യസ്തമായി പ്രതിപക്ഷം നേട്ടമുണ്ടാക്കുമെന്ന കാര്യം, ബി.ജെ.പി അനുകൂല ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ, ഇപ്പോൾ റിപ്പോർട്ട് ചെയ്തു വരുന്നുണ്ട്.

ബി.ജെ.പിക്ക് 2019-ലെ സീറ്റുകൾ എന്തായാലും നിലനിർത്താൻ കഴിയില്ലന്നാണ്, എൻ.ഡി.എ അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞർ പോലും പറയുന്നത്. ബി.ജെ.പിയുടെ പ്രധാന ഘടക കക്ഷിയായ നിതീഷ് കുമാറിൻ്റെ ജെ.ഡി.യുവിന് വൻ പ്രഹരമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബീഹാറിൽ തുടർച്ചയായി ഭരിക്കുന്ന നിതീഷ് കുമാറിൻ്റെ ഭരണത്തോടുള്ള എതിർപ്പും, അദ്ദേഹത്തിൻ്റെ അവസരവാദ പരമായ നിലപാടുമാണ് എൻ.ഡി.എയ്ക്ക് തിരിച്ചടിയാകുക. 2019-ൽ ജെ.ഡി.യുവും എൽ. ജെ.പിയും ഉൾപ്പെട്ട ബി.ജെ.പി സഖ്യമാണ്, 40 ലോകസഭ സീറ്റുകൾ ഉള്ള ബീഹാർ തൂത്തുവാരിയിരുന്നത്. 40-ൽ 39 സീറ്റുകളുമാണ് ഈ സഖ്യം നേടിയിരുന്നത്. മുഖ്യമന്ത്രിസ്ഥാനത്തും ബി.ജെ.പി പിന്തുണയോടെ തുടർന്ന നിതീഷ് കുമാർ, പിന്നീട് കളം മാറിയാണ് ആർ. ജെ.ഡിയുമായി സഖ്യമുണ്ടാക്കിയിരുന്നത്, അപ്പോഴും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിനു തന്നെ ആയിരുന്നു. ഇന്ത്യാ മുന്നണിയുടെ പ്രധാന ശില്പിയായ നിതീഷ് കുമാർ, അവിടെയും പക്ഷേ ഉറച്ച് നിന്നില്ല. വീണ്ടും ബി.ജെ.പി മുന്നണിയായ എൻ.ഡി.എയിലേക്ക് ചാടിയ അദ്ദേഹം, ഇപ്പോൾ ബി.ജെ.പി പിന്തുണയിലാണ് ബീഹാർ മുഖ്യമന്ത്രിയായി തുടരുന്നത്. ഇങ്ങനെ അവസരവാദപരമായ നിലപാട് സ്വീകരിക്കുന്ന മറ്റൊരു പാർട്ടിയും ഇന്ന് ഇന്ത്യയിലില്ല. നിതീഷ് കുമാറിൻ്റെ ഈ അവസരവാദത്തിനുള്ള ശക്തമായ മറുപടിയാണ്, ലോകസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്. വൻ മുന്നേറ്റമാണ് ആർ.ജെ.ഡി സഖ്യം ഇപ്പോൾ ബീഹാറിൽ നടത്തി കൊണ്ടിരിക്കുന്നത്. ഇടതുപക്ഷവും കോൺഗ്രസ്സും ഈ സഖ്യത്തിൻ്റെ ഭാഗമാണ്. കേരളവും പശ്ചിമ ബംഗാളും കഴിഞ്ഞാൽ, ഏറ്റവും അധികം സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കുന്നതും ബീഹാറിലാണ്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരുന്നത്. നിതീഷിൻ്റെ ചതിക്ക് പകരം വീട്ടാനുള്ള അവസരമായാണ്, ബീഹാർ തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാർട്ടികൾ ഉപയോഗപ്പെടുത്തുന്നത്.

എൻ.ഡി.എയ്ക്ക് വലിയ നഷ്ടം സംഭവിക്കാൻ പോകുന്ന മറ്റൊരു സംസ്ഥാനം 48 ലോകസഭ സീറ്റുകൾ ഉള്ള മഹാരാഷ്ട്രയാണ്. 2019-ൽ ശിവസേന – ബി.ജെ.പി സഖ്യം നേടിയത് 43 സീറ്റുകളാണ്. എന്നാൽ ശിവസേനയിലെ പിളർപ്പോടെ ഇവിടെ സ്ഥിതി മാറിയിട്ടുണ്ട്. ഇന്ത്യാ മുന്നണിയ്ക്ക് നേതൃത്വം കൊടുക്കുന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനാണ് ഇവിടെ ജനകീയ കരുത്തുള്ളത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ നൽകുന്ന സൂചനയും അതു തന്നെയാണ്. ശിവസേനയെ പിളർത്തി അവരുടെ ബഹുഭൂരിപക്ഷം എം.പിമാരെയും എം.എൽ.എമാരെയും, എൻ.ഡി.എയിൽ എത്തിക്കാനും, മഹാരാഷ്ട്ര ഭരണം പിടിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും, ഗ്രൗണ്ട് റിയാലിറ്റി മറ്റൊന്നാണ്. മറാത്ത മണ്ണ് ഇത്തവണ മാറി ചിന്തിച്ചാൽ, ബി.ജെ.പിയുടെ സകല കണക്കു കൂട്ടലുകളുമാണ് തെറ്റിപോകുക. അതിനുള്ള സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ശിവസേന ഉദ്ധവ് വിഭാഗം നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിൽ എൻ.സി.പിയും കോൺഗ്രസ്സും ഉൾപ്പെടെയുണ്ട്. ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാൻ, ഇടതുപക്ഷ സംഘടനകളും മഹാരാഷ്ട്രയിൽ സജീവമാണ്. ബീഹാറിലെ പോലെ തന്നെ ചതിയുടെ രാഷ്ട്രീയത്തിന് എതിരായ വിധിയെഴുത്താണ്, ഇന്ത്യാ സഖ്യം മഹാരാഷ്ട്രയിലും പ്രതീക്ഷിക്കുന്നത്.

ബി.ജെ.പിയുടെ മൂന്നാമത്തെ ഘടക കക്ഷി ജെ.ഡി.എസ് ആണ്. മതേതര പാർട്ടിയായി അറിയപ്പെട്ട ആ പാർട്ടിയും അവസരവാദ നിലപാട് സ്വീകരിച്ചാണ് എൻ.ഡി.എയിൽ ചേക്കേറിയിരിക്കുന്നത്. എന്നാൽ ജെ.ഡി.എസിൻ്റെ സ്ഥാനാർത്ഥിയും, മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചു മകനുമായ പ്രജ്വൽ രേവണ്ണ ഗുരുതരമായ സ്ത്രീ പീഡന കേസിൽ അകപ്പെട്ടതോടെ, കർണ്ണാടകയിലെ ബി.ജെ.പിയുടെ ഉള്ള പ്രതീക്ഷയ്ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്. 2019-ൽ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിച്ച് 28-ൽ 25 ഉം നേടിയ സംസ്ഥാനമാണ് കർണ്ണാടക. ആ സംസ്ഥാനത്താണിപ്പോൾ, സ്വന്തം ഘടക കക്ഷി തന്നെ ബി.ജെ.പിയ്ക്ക് വില്ലനായി മാറിയിരിക്കുന്നത്. 2019-ൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ കോൺഗ്രസ്സ്, ഇത്തവണ കർണ്ണാടകയിൽ നേട്ടം ഉണ്ടാക്കാൻ തന്നെയാണ് സാധ്യത.

ബീഹാറും, മഹാരാഷ്ട്രയും, കർണ്ണാടകയും …ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് പറ്റിയ വലിയ പിഴവു തന്നെയാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പ് ഫലം അത് സാക്ഷ്യപ്പെടുത്തുമെന്ന കാര്യവും ഉറപ്പാണ്.

80 സീറ്റുകൾ ഉള്ള യുപിയാണ്, രാജ്യത്തെ ബി.ജെ.പിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം, 2014ലും 2019-ലും ഇവിടെ നേടിയ വൻ വിജയം ഇത്തവണ ബി.ജെ.പിക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ലങ്കിൽ, നരേന്ദ്ര മോദിയുടെ മൂന്നാം ഊഴം എന്ന സ്വപ്നം അതോടെ അവസാനിക്കും. 2019-ൽ ബി.ജെ.പി ഒറ്റയ്ക്ക് 62 സീറ്റുകളും ഘടക കക്ഷിയായ അപ്നാ ദൾ 2സീറ്റുകളുമാണ് യുപിയിൽ നേടിയിരുന്നത്. ബാക്കി സീറ്റുകളിൽ 10 എണ്ണം ബി.എസ്.പിയും 5 സീറ്റുകൾ സമാജ് വാദി പാർട്ടിയും, ഒരു സീറ്റിൽ കോൺഗ്രസ്സുമാണ് വിജയിച്ചിരുന്നത്.

എന്നാൽ ഇത്തവണ അഖിലേഷ് യാദവിൻ്റെ സമാജ് വാദി പാർട്ടി വൻ മുന്നേറ്റമാണ് യു.പിയിൽ നടത്തി കൊണ്ടിരിക്കുന്നത്. അഖിലേഷ്‌യാദവ്‌ പങ്കെടുത്ത പ്രയാഗ്‌രാജ്‌, അസംഗഢ്‌ പ്രചരണറാലികളിൽ ജനസമുദ്രമാണ്‌ അലയടിച്ചിരിക്കുന്നത്‌. പ്രയാഗ്‌രാജിൽ ആവേശഭരിതരായ ആൾക്കൂട്ടം വേദിയും കൈയ്യടക്കുമെന്ന് കണ്ടപ്പോൾ, റാലിയിൽ പങ്കെടുത്ത അഖിലേഷിനും രാഹുൽഗാന്ധിക്കും പ്രസംഗം ചുരുക്കി മടങ്ങേണ്ടി വന്നു. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ യുപികണ്ട ഏറ്റവുംവലിയ റാലിയായിരുന്നു പ്രയാഗ്‌രാജിൽ ഇന്ത്യാകൂട്ടായ്‌മ സംഘടിപ്പിച്ചിരുന്നത്. റാലിക്ക്‌ ആളുകളെ എത്തിക്കാൻ ആവശ്യത്തിന്‌ വാഹനങ്ങൾ ഏർപ്പെടുത്താൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ, സ്വന്തംനിലയ്‌ക്ക്‌ വാഹനങ്ങൾ വാടയ്‌ക്ക്‌ എടുത്താണ്‌ ആളുകൾ റാലിക്ക്‌ എത്തിയിരുന്നത്. ഇത് മാറുന്ന യു.പിയുടെ മുഖമാണെങ്കിൽ, ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറി മറിയും.

യു.പിയിൽ മോദിയും ആദിത്യനാഥും നിരവധി റാലികൾ സംഘടിപ്പിച്ചെങ്കിലും, പ്രയാഗ്‌രാജ് റാലിയിലെ പകുതി പങ്കാളിത്തം പോലും അവിടെ ഉണ്ടായിരുന്നില്ല. പ്രയാഗ്‌രാജിൽ അമിത്‌ഷായുടെ റാലിയിൽ ആളുകൾ കുറഞ്ഞതും, ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരെ പടിഞ്ഞാറൻ ഉത്തർപ്രദേശിലുള്ള ജനരോഷം, കിഴക്കൻ യുപിയിലേക്കു കൂടി വ്യാപിച്ചതിന്റെ തെളിവാണ്, സമാജ് വാദി പാർട്ടിയുടെ റാലികളിലെ ജനപങ്കാളിത്തമെന്നാണ്, വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞദിവസം അസംഗഢിലെ ലാൽഗഞ്ചിലെ അഖിലേഷിന്റെ റാലിയിലും, വൻ ജനപങ്കാളിത്തമുണ്ടായിട്ടുണ്ട്. ബി.എസ് പി നേതൃത്വം ബി.ജെ.പിയുടെ ‘ബി’ ടീമാണെന്ന പ്രചരണവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. യഥാർത്ഥ പ്രതിപക്ഷ ചേരി ഇന്ത്യാ സഖ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, അഖിലേഷ് യാഥവ് യു.പിയിൽ പ്രചരണം നടത്തുന്നത്. സമാജ് വാദി പാർട്ടിയുടെ പിന്തുണ ഉള്ളതിനാൽ, റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും വിജയം ഉറപ്പിച്ചിട്ടുണ്ട്.

42 ലോകസഭ അംഗങ്ങളുള്ള പശ്ചിമ ബംഗാളിൽ, ഇടതുപക്ഷത്തിൻ്റെ ശക്തമായ തിരിച്ചു വരവ്, പ്രവചനങ്ങൾ അസാധ്യമാക്കുന്നതാണ്. കഴിഞ്ഞ തവണ നേടിയ 18 സീറ്റുകൾ നിലനിർത്തുക എന്നത് , ബി.ജെ.പിയെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമാണ്. തൃണമൂൽ കോൺഗ്രസ്സും ഇടതുപക്ഷ സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക്, ബംഗാളിലെ മിക്ക മണ്ഡലങ്ങളും ഇപ്പോൾ മാറിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിൻ്റെ അജണ്ട നിശ്ചയിക്കുന്ന കാര്യത്തിലും, വലിയ പിഴവാണ് ബി.ജെ.പിക്ക് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇതിൽ പ്രധാനം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവമാണ്. ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ, ജീവൻ മരണ പോരാട്ടമായി യഥാർത്ഥത്തിൽ, ഈ തിരഞ്ഞെടുപ്പിനെ കണ്ടത് ആ നിമിഷത്തിലാണ്. ഇന്ന് കെജരിവാൾ എങ്കിൽ, നാളെ തങ്ങൾ ആണെന്ന ബോധം, ഓരോ പ്രതിപക്ഷ നേതാക്കൾക്കും ഉണ്ടായിട്ടുണ്ട്. അത് പുതിയ ഊർജ്ജമായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ബി.ജെ.പി സെറ്റ് ചെയ്ത സകല രാഷ്ട്രീയ അജണ്ടകളും പൊളിക്കാൻ, ആ ഒരൊറ്റ അറസ്റ്റിന് സാധിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും, വലിയ ചർച്ചകൾക്കാണ് , കെജ്രിവാളിൻ്റെ അറസ്റ്റ് വഴി വച്ചിരിക്കുന്നത്. ഇത് പുതിയ പ്രചരണ ആയുധമാക്കിയാണ് പ്രതിപക്ഷം ഇപ്പോൾ നിറഞ്ഞാടുന്നത്. ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയ കെജ്രിവാൾ കൂടുതൽ ആക്രമകാരിയായി മാറിയതോടെ, അവസാന ലാപ്പിൽ… ബി.ജെ.പി ഇപ്പോൾ ശരിക്കും പ്രതിരോധത്തിലായിട്ടുണ്ട്. പ്രതിപക്ഷത്തിന് എതിരായ നീക്കങ്ങൾ പാളുമെന്ന് കണ്ടപ്പോൾ, താൻ അവതാര പുരുഷനാണ് എന്നുവരെ പറയേണ്ട ഗതികേടും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായിട്ടുണ്ട്. രാജ്യത്തെ സംബന്ധിച്ച് ഇതൊരു പുതിയ കാഴ്ച തന്നെയാണ്.

സാമുദായിക ധ്രുവീകരണം ഉണ്ടാക്കാൻ അണിയറയിൽ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, അതെല്ലാം പഴയ പോലെ വോട്ടായി മാറുമോ എന്നതും കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.

കെജ്രിവാളിൻ്റെ ആം ആദ്മി പാർട്ടി, ഏറ്റവും കൂടുതൽ സീറ്റുകൾ നേടാൻ പോകുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്. ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി വലിയ നേട്ടം ഉണ്ടാക്കാൻ തന്നെയാണ് സാധ്യത.

പ്രതിപക്ഷ പാർട്ടികളിൽ മിക്കവാറും എല്ലാ പാർട്ടികൾക്കും, സീറ്റുകളും വോട്ടും കൂടുമ്പോൾ നഷ്‌ടപ്പെടാൻ ഉള്ളത് ബി.ജെ.പിക്കും അവരുടെ ഘടക കക്ഷികൾക്കും മാത്രമാണ്. കണക്കുകളും ഇപ്പോഴത്തെ ട്രെൻ്റുകളും നൽകുന്ന സൂചനയും അതു തന്നെയാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, നാം തിരിച്ചറിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഒരിക്കലും രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാൻ കോൺഗ്രസ്സിനു കഴിയുകയില്ല. ഈ പ്രതികൂല കാലാവസ്ഥയിലും അതിനു കഴിയുക ബി.ജെ.പിക്ക് തന്നെയാണ്. അങ്ങനെ സംഭവിച്ചാൽ, രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുമെന്നതും ഓർത്തു കൊള്ളണം. വ്യത്യസ്ത വീക്ഷണങ്ങളാലും അധികാര മോഹങ്ങളാലും സമ്പന്നമായ പാർട്ടികൾ ഇന്ത്യാ സഖ്യത്തിലും ഉള്ളതിനാൽ, ബി.ജെ.പിയുടെ ഓപ്പറേഷൻ താമര തന്നെയാണ്, ആ ഘട്ടത്തിലും വിജയിക്കുക. ഖദർ മിന്നൽ വേഗത്തിൽ കാവിയണിയുന്ന പുതിയ കാലത്ത്, മോദിയെ സർക്കാറുണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിച്ചാലും , ആ മിന്നൽ വേഗം തന്നെയാണ് പ്രകടമാകുക. കമ്മ്യൂണിസ്റ്റ് പാർട്ടികളെ പോലെ, പ്രത്യയശാസ്ത്രപരമായ കടുത്ത എതിർപ്പ്, ബി.ജെ.പിയോട് മറ്റു പാർട്ടികൾക്കും നേതാക്കൾക്കും ഇല്ലാത്തടത്തോളം കാലം, വീണ്ടും വീണ്ടും ചരിത്രം ആവർത്തിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

EXPRESS KERALA VIEW

Top