ഡൽഹി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണനെതിരായ ലൈംഗിക പീഡന പരാതിയിൽ സംശയദൃഷ്ടിയോടെയുള്ള നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. പരാതി നൽകാൻ ഒരു വർഷത്തോളം വൈകിയതിലെ കാരണം ആരാഞ്ഞ കോടതി, ഒന്നുകിൽ പരാതി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചുള്ളതാകാം, അല്ലെങ്കിൽ കെട്ടിച്ചമച്ചതാകാം എന്ന ശക്തമായ നിരീക്ഷണമാണ് നടത്തിയത്.
ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വേണു ഗോപാലകൃഷ്ണന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ, ഈ യുവതി വ്യവസായി നൽകിയ ‘ഹണി ട്രാപ്പ്’ പരാതിയിൽ നേരത്തെ അറസ്റ്റിലായിട്ടുള്ള വ്യക്തിയാണെന്ന്, വേണു ഗോപാലകൃഷ്ണനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, രാകേന്ദ് ബസന്ത് എന്നിവർ കോടതിയെ അറിയിച്ചു.
ഈ പശ്ചാത്തലത്തിലാണ്, പരാതി നൽകാൻ എടുത്ത ഒരു വർഷത്തെ കാലതാമസം എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ബെഞ്ച് പരാതിക്കാരിയോട് ആരാഞ്ഞത്. വേണു ഗോപാലകൃഷ്ണനുവേണ്ടി അഭിഭാഷകൻ തോമസ് ആനക്കല്ലുങ്കലും ഹാജരായി. വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്, കേസ് മധ്യസ്ഥ ചർച്ചകളിലൂടെ (Mediation) പരിഹരിച്ചുകൂടേയെന്ന് ആരാഞ്ഞു.
തുടർന്ന്, സുപ്രീംകോടതി മീഡിയേഷൻ സെന്ററിന് മുൻപാകെ ഹാജരാകാൻ വേണു ഗോപാലകൃഷ്ണനോടും പരാതിക്കാരിയോടും കോടതി നിർദേശിച്ചു. ജനുവരി ഏഴിന് നേരിട്ടോ വീഡിയോ കോൺഫറൻസിലൂടെയോ ആണ് ഇരുവരും ഹാജരാകേണ്ടത്. മീഡിയേറ്ററുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വേണു ഗോപാലകൃഷ്ണന് അനുവദിച്ച ഇടക്കാല ജാമ്യം തുടരുമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകൻ എം.എഫ്. ഫിലിഫ്, സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് ഹാജരായത്.





