നവകേരളത്തെ നയിക്കാന്‍ നയരേഖ അവതരിപ്പിച്ച് പിണറായി വിജയന്‍ മൂന്നാം ഭരണത്തിന് നിലമൊരുക്കുമ്പോള്‍, സെമികേഡറും സി.യു.സിയും പാതിവഴി ഉപേക്ഷിച്ച് കിട്ടാക്കനിയായ മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മില്‍ തല്ലിയാണ് കോണ്‍ഗ്രസ്സ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ്സ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചും, യു.ഡി.എഫ് ഘടക കക്ഷി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം അണികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഏശിയിട്ടില്ല. ഇത്തവണ കൂടി ഭരണമില്ലെങ്കില്‍, കോണ്‍ഗ്രസ്സും യു.ഡി.എഫും തകരുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്നോട്ട് പോകണമെന്നതാണ് അണികള്‍ ആഗ്രഹിക്കുന്നത്. അധികാരം കിട്ടും മുന്‍പ് തന്നെ, മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസ്സിലെ കടിപിടി അവരുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ ഉള്‍പ്പെടെ വിള്ളല്‍ വീഴ്ത്താന്‍ എല്ലാ സാധ്യതയുമുണ്ട്.
Also Read: ഒമാൻ ഉൾക്കടലിൽ ഇറാന്‍റെ ‘സെക്യൂരിറ്റി ബെൽറ്റ്’, കൂട്ടിന് ചൈനയും റഷ്യയും അമേരിക്കയുടെ തലവര മാറുമോ?
അഞ്ചു വര്‍ഷം മാറിമാറി ഭരണം രുചിക്കുന്ന…കേരളത്തിന്റെ മുന്നണി രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചാണ് പിണറായി വിജയന്‍ 2021ല്‍ ഭരണ തുടര്‍ച്ച നേടിയിരുന്നത്. ഇതോടെയാണ് കോണ്‍ഗ്രസ്സിനെ നയിച്ച ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തല ദ്വയത്തെ മാറ്റി കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെയും പ്രതിക്ഷ നേതാവായി വി.ഡി സതീശനെയും ഹൈക്കമാന്റ് നിയോഗിച്ചിരുന്നത്. ഭരണം പിടിക്കാനായി പുതുനേതൃത്വം കൊണ്ടുവന്ന പ്രധാന കര്‍മ്മ പദ്ധതികളില്‍ ഒന്നായിരുന്നു കോണ്‍ഗ്രസ്സിനെ സെമി കേഡറാക്കുക എന്നത്. ബുത്ത് കമ്മിറ്റികളെന്ന കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകത്തെ തന്നെ മാറ്റി, കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മിറ്റി എന്ന സി.യു.സി സംവിധാനത്തെ അവതരിപ്പിച്ചതും പുതിയ നേതൃത്വമാണ്.
ഗ്രൂപ്പ് രാഷ്ട്രീയത്തിലും ചേരിപ്പോരിലും തകര്‍ന്ന കോണ്‍ഗ്രസ്സിനെ സെമി കേഡറാക്കുക എന്ന ആശയം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കൊണ്ടുവന്നതെങ്കില്‍, സി.യു.സി എന്ന കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനം ശക്തമാക്കാനുള്ള ആശയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുന്നോട്ട് വച്ചിരുന്നത്. ഭരണനഷ്ടത്തില്‍ നിന്നും കോണ്‍ഗ്രസ്സിനെ ഭരണത്തിലെത്തിക്കാനുള്ള കര്‍മ്മ പദ്ധതിയായാണ് ഈ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, നാലു വര്‍ഷമായിട്ടും കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ നടപ്പാക്കാനാവാതെ നാണം കെട്ടിരിക്കുകയാണ് നിലവിലെ കോണ്‍ഗ്രസ്സ് നേതൃത്വം. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാനാവാതെ സ്വയംപരാജിതരെന്ന് കെ.സുധാകരനും വി.ഡി സതീശനും തെളിയിച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, പരാജയത്തില്‍ നിന്നും പാഠം പഠിക്കാതെ ആര് മുഖ്യമന്ത്രിയാകുമെന്ന പോരാട്ടത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ. സുധാകരന്‍ പോരില്‍…പുതിയ കക്ഷിയായി ശശി തരൂരും സ്വയം അവതരിക്കപ്പെട്ടതാണ് കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ മാറ്റം. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഇനി ആകെയുള്ള പ്രതീക്ഷ കേരളമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി തമ്മിലടി അവസാനിപ്പിക്കാന്‍ ഹൈക്കമാന്റിന് അന്ത്യശാസനം നല്‍കേണ്ട ഗതികേട് വരെയുണ്ടായിട്ടും നേതാക്കളുടെ അധികാര മോഹത്തിന് അറുതി വന്നിട്ടില്ല.

ഇവിടെയാണ് രാഷ്ട്രീയ കേരളം, കരുണാകരനെയും എ.കെ ആന്റണിയെയും ഓര്‍ത്ത് പോകുന്നത്. കെ.കരുണാകരനും എ.കെ ആന്റണിയും ഇരുചേരിയിലുമായി കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് രാഷ്ട്രീയം കത്തി നില്‍ക്കുമ്പോഴും അഞ്ചു വര്‍ഷത്തിനപ്പുറം ഭരണം പിടിക്കുന്നതില്‍ ഇരു നേതാക്കളും ഒറ്റകെട്ടായിരുന്നു. മുസ്ലീം ലീഗിനെയടക്കം സഖ്യകക്ഷിയാക്കിയ ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണി സഖ്യത്തെയടക്കം അട്ടിമറിച്ച് ഭരണംപിടിക്കാന്‍ ഇരു നേതാക്കള്‍ക്കും കഴിഞ്ഞതും അതു കൊണ്ടാണ്. കേവലം 9 എം.എല്‍.എമാരുമായി ‘മല്ലീശ്വരന്റെ ഒടിഞ്ഞവില്ലെന്ന് ‘അപമാനമേല്‍ക്കേണ്ടി വന്ന തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനെ… കൊടുങ്കാറ്റുപോലെ ഭരണത്തിലെത്തിക്കാന്‍ നിയമസഭയില്‍ കെ. കരുണാകരനും സംഘടനാരംഗത്ത് എ.കെ ആന്റണിയുമാണ് വിയര്‍പ്പൊഴുക്കിയിരുന്നത്.
ഗ്രൂപ്പായി തമ്മില്‍ തല്ലുമ്പോഴും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുന്നതിലും കോണ്‍ഗ്രസ്സിന്റെ ശക്തിയും മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നതിലും… ഇരു നേതാക്കളും ഒറ്റക്കെട്ടായിരുന്നു.
തമ്മില്‍ തല്ലുന്ന നേതാക്കള്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘ഇരുമ്പു പഴുത്താല്‍, കൊല്ലനും കൊല്ലത്തിയും ഒന്നെന്നായിരുന്നു’ ലീഡര്‍ കെ. കരുണാകരന്റെ കമന്റ്. അതു പോലെ തന്നെ, നിലപാടില്‍ പരസ്പരം എതിര്‍പ്പുയര്‍ത്തുമ്പോഴും, കോണ്‍ഗ്രസ് വികാരത്തില്‍ ഏറെക്കുറെ ഒന്നിച്ച് നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കഴിഞ്ഞിരുന്നു. വി.എസ് അച്യുതാനന്ദന്റെ ഭരണത്തുടര്‍ച്ചക്കുള്ള നീക്കം പൊളിച്ച് യു.ഡി.എഫിന് 2011ല്‍ ഭരണം പിടിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞതും ഈ പാര്‍ട്ടി താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ്.

ഒന്നാം പിണറായി സര്‍ക്കാരില്‍ സ്വര്‍ണക്കടത്തടക്കമുള്ള ആക്ഷേപങ്ങളെയും ഭരണ വിരുദ്ധ വികാരത്തെയും അതിജീവിച്ചാണ് കോവിഡ് കാലത്തെ ഒരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയിരിക്കുന്നത്. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാനതലം വരെ ചിട്ടയൊപ്പിച്ച സമ്മേളനങ്ങള്‍ നടത്തി കൊണ്ട് പുതുതലമുറയെ നേതൃത്വത്തെ താഴെതട്ടില്‍ കൊണ്ടുവന്ന്… നവകേരളത്തെ നയിക്കാനുള്ള നയപരിപാടികളുമായാണ് സി.പി.എം മൂന്നാം ഭരണത്തിന് ലക്ഷ്യമിടുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, നയം പോയിട്ട് തമ്മിലടി അവസാനിപ്പിക്കാന്‍ പോലും ശ്രമിക്കാത്ത കോണ്‍ഗ്രസ്സിനാണോ വോട്ട് ചെയ്യേണ്ടതെന്ന ചിന്തയിലാണ് മലയാളികളുമുള്ളത്. അത്തരം ഒരു ചിന്ത വളര്‍ത്തിയെടുക്കുന്നതില്‍, ഇടതുപക്ഷ കേന്ദ്രങ്ങളും നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.
മൂന്നാം തവണയും ക്യാപ്റ്റന്‍ പിണറായി വിജയനായിരിക്കുമെന്ന സൂചന സി.പി.എം നല്‍കുമ്പോള്‍, കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കച്ചമുറുക്കുന്നത് കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സുധാകരന്‍, ശശി തരൂര്‍, വി.എം സുധീരന്‍ അടക്കം അരഡസനിലേറെ നേതാക്കളാണ്. 2021ലെ തെരഞ്ഞെടുപ്പില്‍, യു.ഡി.എഫിന് ഭരണം പോയതിന് പ്രധാനഘടകങ്ങളിലൊന്ന് മധ്യതിരുവിതാംകൂറില്‍ യു.ഡി.എഫിന്റെ ശക്തിയായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക്, ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചപോലും വിജയകരമായി നടത്താന്‍ കോണ്‍ഗ്രസ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ മുസ്ലീം ലീഗുപോലും ചാഞ്ചാടിയാണ് നിലവില്‍ നില്‍ക്കുന്നത്. യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്ന് പറയുമ്പോഴും, അധികാര സാധ്യത ഇല്ലെന്നു കണ്ടാല്‍, ആ നിമിഷം ലീഗ് ഇടതുപക്ഷത്ത് എത്താന്‍ ശ്രമിക്കും.

യു.ഡി.എഫിലെ പ്രശ്നങ്ങള്‍ തീര്‍ത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഒറ്റക്കെട്ടാകുന്ന കരുണാകരന്റെയും ആന്റണിയുടെയും നയതന്ത്ര മികവോ, ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മെയ് വഴക്കമോ ഇല്ലാത്ത നേതാക്കളാണ് സുധാകരനും സതീശനും എന്നതാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെന്നാണ് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അഹങ്കാരവും തലക്കനവും മുഖമുദ്രയാക്കിയ ഇരുനേതാക്കളും യു.ഡി.എഫിലെ സഖ്യകക്ഷികളെ ഒരുമിച്ച് നിര്‍ത്താന്‍പോലും ശേഷിയില്ലാത്തവരായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പിണറായി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടായ സാഹചര്യത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല ദ്വയത്തില്‍ നിന്നും കോണ്‍ഗ്രസ്സ് നേതൃത്വം കെ. സുധാകരന്‍- വി.ഡി സതീശന്‍ കൂട്ടുകെട്ട് പിടിച്ചെടുത്തിരുന്നിരുന്നത്.
കോണ്‍ഗ്രസിന്റെ രക്ഷകനെന്ന പേരിലാണ് കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തികൊണ്ടുവന്നതെന്നത്, രാഷ്ട്രീയ കേരളത്തിന് കൃത്യമായി അറിയാവുന്ന കാര്യമാണ്. ഇതിനായി നാടുനീളെ ഫ്‌ളക്‌സുകളും സോഷ്യല്‍ മീഡിയ കാമ്പയിനും വരെ ഉണ്ടായിട്ടുണ്ട്. അതും സംഘടിതമായ നീക്കമായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 19 സീറ്റിന്റെ തിളക്കമാര്‍ന്ന വിജയം നേടിക്കൊടുത്തത് കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഉമ്മന്‍ചാണ്ടി- ചെന്നിത്തല നേതൃത്വമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അക്കാലത്ത് കെ.പി.സി.സി പ്രസിഡന്റ്. ആ മുല്ലപ്പള്ളിയെ മാറ്റിയായിരുന്നു പകരക്കാരനായി സുധാകരനെത്തിയിരുന്നത്.

ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി പിന്തുണച്ചത് രമേശ് ചെന്നിത്തലയെ ആയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ ടി. സിദ്ദിഖ് വി.ഡി സതീശനൊപ്പവും നിന്നു. എന്നാല്‍, തലയെണ്ണലില്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ ചെന്നിത്തലക്കായിരുന്നു. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ള നേതാവിനെ പ്രതിപക്ഷനേതാവാക്കുക എന്ന കോണ്‍ഗ്രസ്സിലെ കീഴ് വഴക്കം അട്ടിമറിച്ച് പ്രതിപക്ഷ നേതാവാകാന്‍ സതീശന് കളമൊരുക്കിയത്, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയാണ്. കെ.പി.സി.സി പ്രസിഡന്റായ ഉടന്‍, സുധാകരന്‍ നടത്തിയ പ്രഖ്യാപനം, നേരത്തെ സൂചിപ്പിച്ചതു പോലെ, കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്നതായിരുന്നു.
സതീശനാകട്ടെ, ബൂത്ത് കമ്മിറ്റി എന്ന കോണ്‍ഗ്രസിന്റെ അടിസ്ഥാനഘടകത്തെ മാറ്റി വാര്‍ഡ്തലങ്ങളില്‍ കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മിറ്റികള്‍ എന്ന പദ്ധതിയും കൊണ്ടുവന്നു. കോണ്‍ഗ്രസ്സിനെ സെമി കേഡറാക്കാനും എല്ലാ വാര്‍ഡുകളിലും സി.യു.സികള്‍ സ്ഥാപിക്കാനുമാണ് ഇരുവരും ശ്രമിച്ചത്. 2021 ജൂണ്‍ 16ന് കെ.പി.സി.സി പ്രസിഡന്റായ സുധാകരന് നാല് വര്‍ഷമായിട്ടും കോണ്‍ഗ്രസിനെ സെമി കേഡറാക്കാന്‍ പോയിട്ട് പാര്‍ട്ടി പുനസംഘടനപോലും പൂര്‍ത്തീകരിക്കാനായിട്ടില്ല. ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെങ്കിലും ഡി.സി.സി ഭാരവാഹികളെ നിയമിച്ചിട്ടുമില്ല. ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്‌തെങ്കിലും പുതിയ ഭാരവാഹികളായിട്ടില്ല. സതീശനാവട്ടെ സി.യു.സി കാര്യം മിണ്ടാന്‍പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. കോണ്‍ഗ്രസ്സിന് പുതുജീവന്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച സി.യു.സി പദ്ധതി തന്നെ, നിലവില്‍ ഉപേക്ഷിച്ച നിലയിലാണുള്ളത്.

സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെ, പുനസംഘടനയില്‍ പാര്‍ട്ടി പിടിക്കാനുള്ള നീക്കമാണ് സുധാകരനും സതീശനും ചേര്‍ന്ന് നടത്തിയിരുന്നത്. അതാണിപ്പോള്‍ പാളിയിരിക്കുന്നത്. ഇപ്പോള്‍ ഇരുവരും രണ്ട് വഴിക്കാണുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം, അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍, കോണ്‍ഗ്രസില്‍ 1992ന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. മെമ്പര്‍ഷിപ്പ് ചോര്‍ത്തി റിട്ടേണിങ് ഓഫീസര്‍മാരെ വരെ നിയമിച്ച ശേഷം, സമവായത്തിന്‍ നോമിനേഷന്‍ നടത്തുകയാണ് ആ പാര്‍ട്ടിയുടെ പതിവ്. എല്ലാ സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയല്ല കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായത് എന്നതും, ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം. നിലവിലെ കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയായിരുന്നു കേരളത്തിലെ റിട്ടേണിങ് ഓഫീസര്‍. അദ്ദേഹം കൂടിയാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ സുധാകരന് വഴി ഒരുക്കിയിരിക്കുന്നത്.
Also Read: ഭീഷണിയും, വെടിവെയ്പ്പും , പാക്കിസ്ഥാനെ വിറപ്പിക്കുന്ന ബലൂചികൾ
രണ്ടാം പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി അവസരങ്ങള്‍ വീണുകിട്ടിയിട്ടും, നട്ടെല്ലുള്ള ഒരു സമരം നടത്താന്‍ പോലും കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല. ആശ വര്‍ക്കര്‍മാരുടെ ഒരു മാസമായി തുടരുന്ന സമരത്തില്‍പോലും കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ഒരു റോളുമില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസ്സിന്റെ രക്ഷകനായി അവതരിപ്പിച്ച കെ.സുധാകരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റാനുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് പറഞ്ഞ് വി.ഡി സതീശനും മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുകയാണ്. മലയോര ജനതയുടെ പ്രശ്നങ്ങളുയര്‍ത്തി പ്രതിപക്ഷ നേതാവ് നടത്തിയ മലയോര സമരയാത്രയ്ക്കും വലിയ പിന്തുണ ലഭിക്കാതിരുന്നതും സതീശന് തിരിച്ചടിയാണ്. ഇങ്ങനെ തമ്മില്‍തല്ലി അവസരം തുലയ്ക്കുന്ന ദയനീയ അവസ്ഥയിലാണ് കോണ്‍ഗ്രസ്സെങ്കില്‍, പിണറായിയെ ഉയര്‍ത്തികാട്ടി മൂന്നാം ഭരണത്തിനാണ് എല്‍.ഡി.എഫ് നിലമൊരുക്കുന്നത്. മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍, അതിന്റെ പ്രധാന ഉത്തരവാദിത്വം കോണ്‍ഗ്രസ്സ് നേതൃത്വത്തിന് തന്നെയായിരിക്കും.
Express View