ഹരിയാന പ്രതിസന്ധി: ബിജെപി സര്‍ക്കാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ഹരിയാന പ്രതിസന്ധി: ബിജെപി സര്‍ക്കാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ചണ്ഡീഗഡ്: ഹരിയാനയിലെ ബിജെപി സര്‍ക്കാരിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാന്‍ സമയം തേടി. ജെജെപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ നിലവിലെ നായബ് സിംഗ് സയിനി സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരായെന്ന് കോണ്‍ഗ്രസ്. സയിനി സര്‍ക്കാര്‍ ഉടന്‍ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ഗവര്‍ണര്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദീപേന്ദര്‍ ഹൂഡ പറഞ്ഞു. ജെജെപി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ഹരിയാനയില്‍ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. നിലവിലെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കണമെന്നും ചൗട്ടാല ആവശ്യപ്പെട്ടു.

നിലവില്‍ 88 എംഎല്‍എമാരുള്ള നിയമസഭയില്‍ ബിജെപിയുടെ സംഖ്യ 40 ആണ്. മറ്റ് മൂന്ന് എംഎല്‍എമാരുടെ പിന്തുണ കൂടി ബിജെപിക്കുണ്ട്. 30 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് മൂന്ന് സ്വതന്ത്രര്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. പത്ത് എംഎല്‍എമാരുള്ള ജെജെപി- കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ആവര്‍ത്തിച്ചു.

Top