‘ബിഹാര്‍ മാറ്റത്തിന് തയ്യാറാണ്’; സീറ്റ് വേണ്ടവര്‍ക്ക് ക്യു ആര്‍ കോഡ് വഴിരജിസ്റ്റര്‍ ചെയ്യാമെന്ന് കോണ്‍ഗ്രസ്

ബിഹാര്‍ കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ വ്യത്യസ്തമായ രീതി അവലംബിച്ചിരിക്കുന്നത്.

‘ബിഹാര്‍ മാറ്റത്തിന് തയ്യാറാണ്’; സീറ്റ് വേണ്ടവര്‍ക്ക് ക്യു ആര്‍ കോഡ് വഴിരജിസ്റ്റര്‍ ചെയ്യാമെന്ന് കോണ്‍ഗ്രസ്
‘ബിഹാര്‍ മാറ്റത്തിന് തയ്യാറാണ്’; സീറ്റ് വേണ്ടവര്‍ക്ക് ക്യു ആര്‍ കോഡ് വഴിരജിസ്റ്റര്‍ ചെയ്യാമെന്ന് കോണ്‍ഗ്രസ്

പട്ന: ഓരോ മണ്ഡലങ്ങളിലും സീറ്റ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ക്യൂആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്യാനുളള സംവിധാനം ഒരുക്കി കോണ്‍ഗ്രസ്. ബിഹാര്‍ കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ വ്യത്യസ്തമായ രീതി അവലംബിച്ചിരിക്കുന്നത്. ബിഹാര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം പുതിയ സംരംഭത്തിന് ഔപചാരികമായി തുടക്കം കുറിച്ചു.

സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സമഗ്രമായ സര്‍വ്വേ നടത്തുന്നുണ്ടെന്ന് രാജേഷ് റാം പറഞ്ഞു. ഓരോ സീറ്റുകളില്‍ നിന്നും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഞങ്ങള്‍ തെരഞ്ഞെടുക്കുക. ഇന്ത്യാ സഖ്യത്തിനു കീഴില്‍, സീറ്റ് പങ്കിടല്‍ വ്യവസ്ഥ പ്രകാരം കോണ്‍ഗ്രസിന് അനുവദിച്ച സീറ്റുകളിലായിരിക്കും മത്സരിക്കുക. ക്യൂആര്‍ കോഡ് സിസ്റ്റം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിലെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് രാജേഷ് റാംപറഞ്ഞു.

Also Read: രാജ്യദ്രോഹിയെന്ന് വിളിച്ച്‌ അധിക്ഷേപം, ആരാണ് സർക്കാർ മുഖമായ വിക്രം മിസ്രി

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ ഡിജിറ്റല്‍ അപേക്ഷാ ഫോമായിരിക്കും ലഭിക്കുക. അതില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നയാളുടെ പേര്, ബന്ധപ്പെടാനുളള വിവരങ്ങള്‍, നിയോജകമണ്ഡലം തുടങ്ങിയവ ഫില്‍ ചെയ്ത് നല്‍കണം. അപേക്ഷകന് കോണ്‍ഗ്രസുമായുളള ബന്ധം, മെമ്പര്‍ഷിപ് സ്റ്റാറ്റസ്, പാര്‍ട്ടി പരിപാടികളിലെ പങ്കാളിത്തം, അത് വ്യക്തമാക്കുന്ന 5 ഫോട്ടോകള്‍ തുടങ്ങി വിശദമായ ബയോഡാറ്റ പങ്കുവയ്ക്കണം.

സിറ്റിംഗ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ എല്ലാവരും ഈ സംവിധാനം ഉപയോഗിച്ചുതന്നെ സീറ്റിനായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് രാജേഷ് റാം പറഞ്ഞു. ‘ബിഹാര്‍ മാറ്റത്തിന് തയ്യാറാണ്’ എന്ന മുദ്രാവാക്യവും ക്യൂ ആര്‍ കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ 243 സീറ്റുകളിലേക്കും കോണ്‍ഗ്രസ് അപേക്ഷ ക്ഷണിച്ചത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

Share Email
Top