ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 11-ാം പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; കടപ്പ തിരിച്ചുപിടിക്കാന്‍ വൈ.എസ്.ശര്‍മിള

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 11-ാം പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; കടപ്പ തിരിച്ചുപിടിക്കാന്‍ വൈ.എസ്.ശര്‍മിള

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 11-ാം പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആന്ധ്രപ്രദേശ് പി.സി.സി അധ്യക്ഷ വൈ.എസ് ശര്‍മിള ഉള്‍പ്പെടെ 17 സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രമുഖന്‍. ഒഡിഷയില്‍ നിന്ന് എട്ട്, ആന്ധ്രയില്‍ നിന്ന് അഞ്ച്, ബിഹാറില്‍ നിന്ന് മൂന്ന്, ബംഗാളില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെ 17 പേരുടെ പട്ടികയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.

വൈ.എസ്. രാജശേഖര റെഡ്ഡിയുടെ തട്ടകമായിരുന്ന കടപ്പയില്‍ നിന്നാണ് മകള്‍ ശര്‍മിള ജനവിധി തേടുക. 1989 മുതല്‍ 1999 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് വൈ.എസ്.ആറായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ വൈ.എസ് വിവേകാനന്ദ റെഡ്ഡിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. പിന്നീട്, നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയും ശര്‍മിളയുടെ സഹോദരനുമായ ജഗന്‍ മോഹന്റെ തട്ടകമായിരുന്നു കടപ്പ.

കോണ്‍ഗ്രസ് ടിക്കറ്റിലും തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായും ജഗന്‍ മണ്ഡലം പിടിച്ചടക്കി. 2014 മുതല്‍ ജഗന്റെ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ശര്‍മിളയുടെ ബന്ധുകൂടിയായ വൈ.എസ്.അവിനാശ് റെഡ്ഡിയാണ് കടപ്പയിലെ എംപി. വൈ.എസ്.ആര്‍.കോണ്‍ഗ്രസ് സിറ്റിങ് എംപിയായ അവിനാശ് റെഡ്ഡിയാണ് ശര്‍മിളയുടെ പ്രധാന എതിരാളി. ടി.ഡി.പി. ഇവിടെ സി.ബി.സുബ്ബരാമി റെഡ്ഡിയെയാണ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്.

Top