ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ബി.ജെപി. അനുകൂലനിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് എല്ലായ്‌പോഴും കേന്ദ്രസര്‍ക്കാരിന്റെ കൂടെയായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ എപ്പോഴെങ്കിലും തയ്യാറായോ എന്നും ചോദിച്ചു. കോണ്‍ഗ്രസ് എപ്പോഴും കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ അരുണ്‍കുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഭരണിക്കാവിൽ സംസാരിക്കുകയായിരുന്നു മഖ്യമന്ത്രി.
‘കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നാടാകെ വലവീശി നടക്കുന്നു. കെജ്‌രിവാളിനെയടക്കം അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇ.ഡി. അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. കെജ്‌രിവാളല്ലേ മുഖ്യസൂത്രധാരകന്‍, കെജ്‌രിവാളിനെയല്ലേ അറസ്റ്റ് ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം.
എന്തായിരുന്നു കോണ്‍ഗ്രസിന്റെ സമീപനം? കേന്ദ്ര അന്വേഷണ ഏജന്‍സികളെല്ലാം എല്ലാ പ്രതിപക്ഷപാര്‍ട്ടികളുടേയും നേരെ നീങ്ങുന്നു കോണ്‍ഗ്രസിനുനേരെയും നീങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനുനേരെ വരുമ്പോള്‍ അവരതിനെ എതിര്‍ക്കും. കോണ്‍ഗ്രസിതര പാര്‍ട്ടികളുടെ നേരെ വരുമ്പോള്‍ അവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കൂടെനില്‍ക്കും. കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തത് നല്ല കാര്യം. പക്ഷേ, അവരുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ?’, മുഖ്യമന്ത്രി ചോദിച്ചു.
കിഫ്ബിക്കെതിരേ ഇ.ഡി. മന്ത്രി തോമസ് ഐസക്കിന് നോട്ടീസയച്ചപ്പോള്‍ ഇ.ഡിയുടെ കൂടെയാണ് കോണ്‍ഗ്രസും പ്രതിപക്ഷനേതാവും നിന്നതെന്നും എപ്പോഴും സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയരുകയാണ് നമുക്ക് വേണ്ടത്. എന്നാല്‍, കോണ്‍ഗ്രസുകാര്‍ക്ക് അത് സാധ്യമല്ലെന്ന് ജനങ്ങള്‍ക്കാകെ ബോധ്യമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.