കർണാടകയിൽ നിർണായക രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിദ്ധരാമയ്യ രാജിവെക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നോട് അടുപ്പമുള്ള മന്ത്രിമാരെ അദ്ദേഹം അറിയിച്ചതായും വിവരങ്ങളുണ്ട്. അതേസമയം, പദവി ഒഴിയാൻ ഹൈക്കമാൻഡ് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും ആറുമണിക്കൂറോളം നീണ്ട ചർച്ചകൾ നടത്തിയിരുന്നു. കർണാടക മുഖ്യമന്ത്രിപദം ഡി.കെ. ശിവകുമാറിനായി ഒഴിഞ്ഞുനൽകണമെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുന്നത്. പകരമായി സിദ്ധരാമയ്യയ്ക്ക് ഉന്നത പദവിയും രാജ്യസഭാ സീറ്റിൽ മത്സരിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൈക്കമാൻഡിന്റെ ഈ തീരുമാനത്തിൽ സിദ്ധരാമയ്യ പക്ഷത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.






