ന്യൂഡൽഹി: ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ മുറകളാണ് പാർലമെന്റിനു പുറത്ത് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണ റോസാ പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയുമായിട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭ ചേരുന്നതിന് മുൻപാണ് പാർലമെന്റിന് പുറത്ത് അദാനി വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചത്.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്ക് പൂക്കൾ നൽകിയാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ ദിവസം ഗൗതം അദാനിയുടെയും നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ പതിച്ച ബാഗുമായിട്ടായിരുന്നു പ്രതിഷേധം.
ടി ഷർട്ടിനു പിന്നിൽ ഇവരുടെ ചിത്രം പതിച്ചും, ഇവരുടെ മുഖംമൂടിയണിഞ്ഞും വായ്മൂടിക്കെട്ടിയും പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചിരുന്നു. ലോക്സഭയിൽ ഇന്ന് വലിയ ബഹളങ്ങളില്ല. ചോദ്യോത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു. എന്നാൽ രാജ്യസഭയിൽ ഭരണപക്ഷ–പ്രതിപക്ഷ ബഹളങ്ങൾ ആരംഭിച്ചു.