ന്യൂഡൽഹി: ചൈന നമ്മുടെ ശത്രുവല്ലെന്ന പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോദ. ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായ പിത്രോദ പറഞ്ഞു. വിവാദങ്ങളുടെ തോഴനായ പിത്രോദയുടെ പ്രസ്താവന കോൺഗ്രസിനു വീണ്ടും തലവേദനയായിരിക്കുകയാണ്.
അയൽരാജ്യമായ ചൈനയെ ശത്രുവായി കണക്കാക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന പിത്രോദയുടെ നിർദേശം, കോൺഗ്രസിന് ‘ചൈനയോട് അമിതമായ അഭിനിവേശം’ ആണെന്ന ബിജെപി വിമർശനത്തിനു ശക്തിയേകി. ‘‘ചൈനയിൽനിന്നുള്ള ഭീഷണി എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഈ പ്രശ്നം തെറ്റിധാരണയാണെന്നു കരുതുന്നു. എറ്റുമുട്ടലിന്റേതല്ല, എല്ലാ രാജ്യങ്ങളും സഹകരിക്കേണ്ട സമയമാണിത്. തുടക്കത്തിൽ ഏറ്റുമുട്ടൽ സമീപനമായിരുന്നു നമ്മുടേത്. ഇതു ശത്രുക്കളെ സൃഷ്ടിച്ചു. നമ്മുടെ മനോഭാവം മാറ്റേണ്ട സമയമായി. ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണം’’– പിത്രോദ പറഞ്ഞു.
Also Read: 15 വയസ്സുകാരന്റെ കയ്യിലുള്ള തോക്ക് അബദ്ധത്തിൽ പൊട്ടി; 4 വയസ്സുകാരനു ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്
ചൈനയിൽനിന്നുള്ള ഭീഷണികൾ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോ സാധിക്കുമോയെന്ന വാർത്താ ഏജൻസിയുടെ ചോദ്യത്തോടാണു പിത്രോദയുടെ വിവാദ പ്രതികരണം. കോൺഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും 2008ൽ തയാറാക്കിയ ധാരണാപത്രത്തിന്റെ ചുവടുപിടിച്ചാണു പിത്രോദയുടെ പ്രസ്താവനയെന്നു ബിജെപി വക്താവ് തുഹിൻ സിൻഹ ആരോപിച്ചു.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും ആയിരുന്നു ഇതിനു മുൻപു പിത്രോദയുടെ വിവാദ പ്രസ്താവന. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. പിന്നാലെ പദവി നഷ്ടമായ പിത്രോദയെ, ലോക്ഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കഴിഞ്ഞപ്പോഴാണ് ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി വീണ്ടും നിയമിച്ചത്.