ബിജെപിയുടെ മാച്ച് ഫിക്സിംഗിന്റെ ഭാഗമായാണ് ഹേമന്ത് സോറനെയും അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത്; രാഹുല്‍ ഗാന്ധി

ബിജെപിയുടെ മാച്ച് ഫിക്സിംഗിന്റെ ഭാഗമായാണ് ഹേമന്ത് സോറനെയും അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത്; രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടനിലക്കാരെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ‘മാച്ച് ഫിക്സിംഗ്’ നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാംലീല മൈതാനിയില്‍ ഇന്‍ഡ്യാ സഖ്യം സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ബിജെപിയുടെ മാച്ച് ഫിക്സിംഗിന്റെ ഭാഗമായാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത്. ഇവിഎം, മാച്ച് ഫിക്സിംഗ്, സാമൂഹിക മാധ്യമങ്ങള്‍, മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കല്‍ എന്നിവയൊന്നുമില്ലാതെ ബിജെപിക്ക് 180 സീറ്റില്‍ പോലും വിജയിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു.

മോദിയും രാജ്യത്തെ ചില കോടീശ്വരന്മാരും തമ്മിലാണ് മാച്ച് ഫിക്സിംഗാണ്. പ്രധാന പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടക്കുന്നു, സര്‍ക്കാരിനെ അട്ടിമറിക്കുന്നു. മോദി ഒറ്റയ്ക്കല്ല ഇതൊന്നും ചെയ്യുന്നത്. രാജ്യത്തെ മുതലാളിമാര്‍ കൂടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര നേതാക്കളെ ഒപ്പം നിര്‍ത്തി രാജ്യം ഭരിക്കാനാണ് ശ്രമം. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പണം ഏതാനും മുതലാളിമാരുടെ കൈയ്യിലാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.രാജ്യത്തെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. ജാതി സെന്‍സസ്, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Top