ട്വൻ്റി20 യെ യു.ഡി.എഫിൻ്റെ ഭാഗമാക്കാൻ, ഇപ്പോൾ അണിയറയിൽ നടക്കുന്നത് തന്ത്രപരമായ നീക്കങ്ങളാണ്. കോൺഗ്രസ്സിലെ പ്രമുഖ നേതാവാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ട്വൻ്റി20 ഇനി മുന്നണിയിൽ വന്നില്ലെങ്കിൽ പോലും, അവരുമായി ഏതാനും സീറ്റുകളിൽ ധാരണയിലെത്താൻ പറ്റുമോ എന്നതും, കോൺഗ്രസ്സ് നേതൃത്വം നോക്കും. കോൺഗ്രസ്സ് നേതാവ് ബെന്നി ബെഹന്നാനോടുള്ള , ശക്തമായ എതിർപ്പാണ് , കിറ്റെക്സ് ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബിനെ, ട്വൻ്റി20 എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ പ്രധാനമായും പ്രേരിപ്പിച്ചിരുന്നത്. ബെന്നി ബെഹന്നാൻ നിലവിൽ, കോൺഗ്രസ്സ് എം.പി ആണെങ്കിലും, സംസ്ഥാന രാഷ്ട്രീയത്തിലോ, കോൺഗ്രസ്സ് നേതൃത്വത്തിലോ, അദ്ദേഹത്തിന് വലിയ റോളൊന്നുമില്ല.
ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയും, ഉമ്മൻചാണ്ടിയുടെ അഭാവവുമാണ്, ബെന്നി ബെഹന്നാനെ അപ്രസക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, കോൺഗ്രസ്സുമായി സഹകരിക്കാൻ സാബു എം ജേക്കബിനും ട്വൻ്റി20ക്കും, ബുദ്ധിമുട്ട് ഉണ്ടാകില്ലന്നാണ്, കോൺഗ്രസ്സിലെ പ്രബല വിഭാഗം കരുതുന്നത്. കുന്നത്തുനാട് മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര എം.എൽ.എ ശ്രീനിജനോടുള്ള കടുത്ത പകമൂലം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീനിജനെ പരാജയപ്പെടുത്തേണ്ടത്, സാബു എം ജേക്കബിനെ സംബന്ധിച്ച് പ്രധാന അജണ്ടയാണ്. ഈ ലോകസഭ തിരഞ്ഞെടുപ്പിൽ പോലും, കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയതും ട്വൻ്റി 20യാണ്. എന്നാൽ, ഇതുകൊണ്ടു മാത്രം അവർക്ക് 2026-ൽ വിജയിക്കാൻ കഴിയുകയില്ല.
ത്രികോണ മത്സരം നടന്നാൽ, അതിൻ്റെ ആനുകൂല്യത്തിൽ, വീണ്ടും ശ്രീനിജൻ വിജയിക്കുമോ എന്ന ആശങ്കയും സാബു എം ജേക്കബിനുണ്ട്. സംവരണമണ്ഡലമായ കുന്നത്ത് നാട് മണ്ഡലത്തിൽ, ട്വൻ്റി20 സ്ഥാനാർത്ഥിയ്ക്ക് കോൺഗ്രസ്സ് പിന്തുണ നൽകിയാൽ, ട്വൻ്റി20 യ്ക്ക് നിർണ്ണായക സ്വാധീനമുള്ള കളമശ്ശേരി, വൈപ്പിൻ കോതമംഗലം മണ്ഡലങ്ങളിൽ, ട്വൻ്റി 20 കോൺഗ്രസ്സിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ കുന്നത്ത് നാട് സീറ്റ് കോൺഗ്രസ്സിന് വിട്ടു കൊടുത്ത്, പെരുമ്പാവൂർ മണ്ഡലത്തിൽ സാബു എം ജേക്കബ് തന്നെ, സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. പെരുമ്പാവൂർ കോൺഗ്രസ്സിൻ്റെ സിറ്റിംഗ് സീറ്റായതിനാൽ, ഇക്കാര്യത്തിൽ കോൺഗ്രസ്സ് തന്നെയാണ് അന്തിമ തീരുമാനം എടുക്കേണ്ടി വരിക.
ട്വൻ്റി20 യുമായി സഖ്യമുണ്ടാക്കിയാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ സമ്പൂർണ്ണ വിജയം നേടാൻ കഴിയുമെന്നാണ്, കോൺഗ്രസ്സ് നേതൃത്വം കണക്ക് കൂട്ടുന്നത്. 14 നിയമസഭാ മണ്ഡലങ്ങളാണ് എറണാകളും ജില്ലയിൽ ഉള്ളത്. കളമശ്ശേരി, കൊച്ചി, വൈപ്പിൻ, കുന്നത്തുനാട് , കോതമംഗലം, അങ്കമാലി, ആലുവ , പിറവം , പെരുമ്പാവൂർ, മൂവാറ്റുപുഴ , തൃപ്പൂണിത്തുറ, തൃക്കാക്കര , എറണാകുളം ,പറവൂർ നിയമസഭ മണ്ഡലങ്ങളാണത്. ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം, ഈ 14 മണ്ഡലത്തിലും ഇടതുപക്ഷം പിന്നിലാണ്. കുന്നത്തുനാടിന് പുറമെ, തൃപ്പൂണിത്തുറയിലും ഇടതുപക്ഷം മൂന്നാംസ്ഥാനത്താണെന്നതും, നാം
അറിയേണ്ടതുണ്ട്.
നിലവിൽ, കളമശ്ശേരി, കൊച്ചി, വൈപ്പിൻ, കുന്നത്തുനാട്, കോതമംഗലം എന്നീ 5 മണ്ഡലങ്ങളിലാണ് ഇടതുപക്ഷ എം.എൽ.എമാരുള്ളത്. അങ്കമാലി, ആലുവ , പിറവം , പെരുമ്പാവൂർ, മൂവാറ്റുപുഴ , തൃപ്പൂണിത്തുറ, തൃക്കാക്കര , എറണാകുളം ,പറവൂർ മണ്ഡലങ്ങൾ യു.ഡി.എഫിൻ്റെ പക്കലാണ് ഉള്ളത്.
രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായതിനാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മുഴുവൻ മണ്ഡലങ്ങളിലും വിജയിക്കണമെന്നതാണ്, കോൺഗ്രസ്സിൻ്റെ അജണ്ട. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ സ്വന്തം ജില്ലയായതിനാൽ : ഇത്തരം ഒരു സമ്പൂർണ്ണ വിജയം സാധ്യമായാൽ, യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ, മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും സതീശൻ്റെ നില ഭദ്രമാകും. കൊച്ചി കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ചുമതല, വി.ഡി സതീശൻ ഏറ്റെടുത്തതും, തന്ത്രപരമായ നീക്കത്തിൻ്റെ ഭാഗമാണ്. കൊച്ചി കേർപ്പറേഷൻ വൻ ഭൂരിപക്ഷത്തിന് പിടിച്ചെടുക്കാൻ കഴിയുമെന്നു തന്നെയാണ്, വി.ഡി സതീശൻ വിശ്വസിക്കുന്നത്. അതിനുള്ള നിക്കങ്ങൾ അദ്ദേഹം ഇപ്പോഴേ തുടങ്ങി കഴിഞ്ഞിട്ടുമുണ്ട്. ഇടതുപക്ഷത്തിൻ്റെ കൈവശമുള്ള 5 നിയമസഭാ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ, കരുത്തരായ സ്ഥാനാർത്ഥികളെ തന്നെ ഇറക്കാനും, വി.ഡിക്ക് പദ്ധതിയുണ്ട്. കൊച്ചി സീറ്റ് പിടിച്ചെടുക്കാൻ, വേണ്ടി വന്നാൽ, എറണാകുളം എം.പി ഹൈബി ഈഡനെ തന്നെ മത്സരിപ്പിക്കാനും പദ്ധതിയുണ്ട്. എറണാകുളം ലോകസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാലും, ആ സിറ്റ് നഷ്ടമാകില്ലന്ന ഉറപ്പിലാണ്, ഇത്തരമൊരു ആലോചന നടക്കുന്നത്. ഭരണം ലഭിച്ചാൽ, മന്ത്രി സ്ഥാനം ഉറപ്പാകുമെന്നതിനാൽ, ഹൈബിയ്ക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ല.
സംഘടനാപരമായ തകർച്ചയും, വർഗ്ഗ ബഹുജന സംഘടനകൾ നിഷ്ക്രിയമായതുമാണ്, എറണാകുളത്ത് സി.പി.എം നേരിടുന്ന വലിയ പ്രതിസന്ധി. മറ്റു ജില്ലകളിൽ പ്രകടമായതു പോലെ ഭരണ വിരുദ്ധ വികാരവും എറണാകുളത്ത് ശക്തമാണ്. ജനകീയരായ നേതാക്കളുടെ അഭാവമാണ് മറ്റൊരു വെല്ലുവിളി. പാർട്ടി അണികളുടെ ധിക്കാരവും, സാമ്പത്തിക താൽപ്പര്യവും എല്ലാം, നല്ല പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വം രംഗത്ത് വന്നിട്ടുണ്ടെങ്കിലും, ആദ്യം നേതാക്കളോട് തിരുത്താനാണ് അണികൾ ആവശ്യപ്പെടുന്നത്. ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും, ഉന്നത സി. പി.എം നേതാക്കളുടെ അസ്ഥാനത്തുള്ള അഭിപ്രായ പ്രകടനങ്ങളും എല്ലാം, സി.പി.എം അനുഭാവികളെയും വല്ലാതെ നിരാശരാക്കിയിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ, ഇതിനെല്ലാം സി.പി.എം നേതൃത്വത്തിന് കൃത്യമായ മറുപടി പറയേണ്ടി വരും. നേതൃത്വം തിരുത്തേണ്ടിയും വരും. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള തിരുത്തൽ നടപടികൾക്ക്, പിണറായി സർക്കാറും, സി.പി.എം നേതൃത്വവും പോയില്ലങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പിലും നിയമാസഭാ തിരഞ്ഞെടുപ്പിലും, എറണാകുളത്ത് ഉൾപ്പെട, വലിയ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ഏറ്റുവാങ്ങേണ്ടി വരിക. അതാകട്ടെ, വ്യക്തവുമാണ്.