ഡൽഹി: ഇന്ത്യൻ വ്യോമസേന നേരിടുന്ന പ്രതിസന്ധികളും സുരക്ഷാ വെല്ലുവിളികളും തുറന്നുകാട്ടി എയർ ചീഫ് മാർഷൽ എ.പി. സിങ്. പുതിയ യുദ്ധവിമാനങ്ങൾ സേനയിൽ ഉൾപ്പെടുത്തുന്നതിലെ കാലതാമസവും പാകിസ്ഥാന് ചൈനീസ് സ്റ്റെൽത്ത് വിമാനങ്ങൾ ലഭിക്കാനുള്ള സാധ്യതയും രാജ്യത്തിന്റെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യോമസേനാ മേധാവി മുന്നറിയിപ്പ് നൽകി. വ്യോമസേനാദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സൈനികശേഷിയിലെ വിടവുകൾ നികത്തുന്നതിനായി രാജ്യത്ത് പ്രതിവർഷം 40 യുദ്ധവിമാനങ്ങൾവരെ നിർമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ 30 യുദ്ധവിമാന സ്‌ക്വാഡ്രൺ എന്ന സ്ഥിതിയിൽനിന്ന് താഴേക്ക് പോകാതിരിക്കാനും 42 എന്ന ലക്ഷ്യത്തിലേക്ക് എത്താനും എല്ലാക്കൊല്ലവും രണ്ട് സ്‌ക്വാഡ്രണുകളെങ്കിലും സേനയുടെ ഭാഗമാക്കേണ്ടതുണ്ട്. എൽസിഎ എംകെ-1എ, പുതിയ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ, അധിക സുഖോയ്-30 എംകെഐ വിമാനങ്ങൾ എന്നിവ സമയബന്ധിതമായി ഉൾപ്പെടുത്തുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കൊലപാതകം; പഞ്ചാബിൽ ആം ആദ്മി സർക്കാരിനെതിരെ തിരിഞ്ഞ് പ്രതിപക്ഷം
ഇതിനിടെ, ചൈനീസ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ പാകിസ്ഥാന് ലഭിക്കാനുള്ള സാധ്യതയും വ്യോമസേനാ മേധാവി പങ്കുവെച്ചു. പാക് പൈലറ്റുമാർക്ക് ചൈന ഇത്തരം വിമാനങ്ങൾ പറത്താനുള്ള പരിശീലനം നൽകുന്നുണ്ടെന്ന സൂചനകൾ ഇന്ത്യയുടെ സുരക്ഷാ മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് ഉടൻ തന്നെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ വിന്യാസം അനിവാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ദുബായ്-ടെൽ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഭീകരാക്രമണശ്രമത്തെ ധീരമായി പ്രതിരോധിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിനെ എയർ ചീഫ് മാർഷൽ എ.പി. സിങ് പ്രത്യേകമായി പ്രശംസിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സ്മിത് പ്രകടിപ്പിച്ച ശാരീരികവും മാനസികവുമായ ദൃഢനിശ്ചയവും അസാധാരണമായ ധൈര്യവും വ്യോമയാന മേഖലയിലെ മുഴുവൻ ആളുകൾക്കും വലിയൊരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






