CMDRF

സി.പി.എം നേതൃയോഗങ്ങളിൽ നേതൃത്വത്തെ ‘പൊരിച്ച്’ സഖാക്കൾ, ഇടതുപക്ഷത്ത് സമൂലമായ മാറ്റത്തിന് കളമൊരുങ്ങുന്നു

സി.പി.എം നേതൃയോഗങ്ങളിൽ നേതൃത്വത്തെ ‘പൊരിച്ച്’ സഖാക്കൾ, ഇടതുപക്ഷത്ത് സമൂലമായ മാറ്റത്തിന് കളമൊരുങ്ങുന്നു
സി.പി.എം നേതൃയോഗങ്ങളിൽ നേതൃത്വത്തെ ‘പൊരിച്ച്’ സഖാക്കൾ, ഇടതുപക്ഷത്ത് സമൂലമായ മാറ്റത്തിന് കളമൊരുങ്ങുന്നു

ലോകസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഇടതുപക്ഷം ഒതുങ്ങിയ സാഹചര്യത്തിൽ വലിയ രൂപത്തിലുള്ള തിരുത്തലുകൾക്കാണ് സിപിഎം ഇപ്പോൾ തയ്യാറെടുക്കുന്നത്. സിപിഎം സംസ്ഥാന നേതൃയോഗത്തിനു ശേഷം തിരഞ്ഞെടുപ്പ് വിശകലനത്തിനായി ജില്ലാ തലത്തിലുള്ള നേതൃയോഗങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിനു ശേഷം മണ്ഡലതലം മുതൽ ബൂത്ത് തലം വരെയുളള യോഗങ്ങളും നടക്കും.

ഇപ്പോൾ നടന്ന യോഗങ്ങളിൽ എല്ലാം ശക്തമായ വിമർശനമാണ് സിപിഎം നേതൃത്വത്തിനും സർക്കാറിനും എതിരെ നടന്നിരിക്കുന്നത്. ഇനി നടക്കാൻ പോകുന്ന യോഗങ്ങളിൽ വിമർശനം കൂടുതൽ കടുക്കാനാണ് സാധ്യത. ഈ യോഗങ്ങൾ പൂർത്തീകരിച്ച ശേഷം നടക്കുന്ന സംസ്ഥാന നേതൃയോഗവും കേന്ദ്ര കമ്മറ്റിയും കേരളത്തിലെ ഇടതുപക്ഷത്തെ സംബന്ധിച്ച്, അതിനിർണ്ണായകമാകും.

മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും ഏറ്റ വൻ തിരിച്ചടിയും പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പിന്നോക്ക – ദളിത് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദു വിഭാഗങ്ങൾ സിപിഎമ്മിനോട് അകന്നതുമാണ് യോഗങ്ങളിലെ പ്രധാന ചർച്ചാ വിഷയം.

ജനങ്ങളെയും ജനവികാരത്തെയും മറന്നാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന വികാരമാണ് വ്യാപകമായി ഉയരുന്നത്. ഇതോടൊപ്പം തന്നെ നിലവിലെ പാർട്ടി നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങളും ജില്ലാ കമ്മറ്റികളിൽ രൂക്ഷ വിമർശനത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന കമ്മറ്റിയിൽ ഉയർന്ന വിമർശനത്തേക്കാൾ കൂടുതൽ കടുപ്പമുള്ള വിമർശനമാണ് ജില്ലാതല യോഗങ്ങളിൽ നടക്കുന്നത്.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗുരുതര പാളിച്ച സംഭവിച്ച വിമർശനവും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. കാസർഗോഡ്, പൊന്നാനി, കോഴിക്കോട്, കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയതായാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും പ്രവർത്തനങ്ങളും പെരുമാറ്റവും പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയതായും നേതാക്കൾ തുറന്നു പറയാൻ തയ്യാറായിട്ടുണ്ട്.

മുസ്ലിംലീഗിന് നല്ല സർട്ടിഫിക്കറ്റ് നൽകി സ്വാധീനിക്കാൻ ശ്രമിച്ചത് തിരിച്ചടിച്ചതുകൊണ്ടാണ് യുഡിഎഫിന് ഇത്ര വലിയ വിജയം ഉണ്ടായതെന്നാണ് മറ്റൊരു വിമർശനം. ലീഗിനോട് നേരിട്ട് ഏറ്റുമുട്ടാനും അവരുടെ എസ്.ഡി.പി.ഐ – ജമാ അത്തെ ഇസ്ലാമി ബന്ധം തുറന്നു കാട്ടാനും തിരഞ്ഞെടുപ്പിന് മുൻപ് തയ്യാറാകണമായിരുന്നു എന്ന വികാരമാണ് മലബാർ മേഖലയിലെ സിപിഎം നേതാക്കൾക്കുള്ളത്. ഇപ്പോൾ മുഖ്യമന്ത്രി സ്വീകരിച്ച ലീഗിനെതിരായ നിലപാട് മുൻപേ സ്വീകരിക്കണമായിരുന്നു എന്നാണ് അവർ പറയുന്നത്.

ഇ.പി ജയരാജനെതിരെയും രൂക്ഷമായ വിമർശനമാണ് സിപിഎം നേതൃയോഗങ്ങളിൽ നടക്കുന്നത്. പ്രകാശ് ജാവദേക്കറെ പോലെയുള്ള ബിജെപിയുടെ ദേശീയ നേതാവ് ഒരു സൂചനയും നൽകാതെ വീട്ടിൽ എത്തിയെന്ന വാദമാണ് സഖാക്കൾ തള്ളിക്കളയുന്നത്. ഇത് യുക്തിക്ക് നിരക്കുന്ന മറുപടി അല്ലെന്ന് പറയുന്നതോടൊപ്പം തന്നെ കൂടുതൽ ഗൗരവമായ ആരോപണങ്ങളാണ് ജയരാജന് എതിരെ ഉന്നയിച്ചിരിക്കുന്നത്.

ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്ന ജയരാജൻ്റെ പ്രസ്താവനയും തിരഞ്ഞെടുപ്പ് ദിവസം രാവിലെ നടന്ന വെളിപ്പെടുത്തലും ചേർത്തു വായിച്ചാൽ ഗൂഢാലോചന സംശയിക്കേണ്ടി വരുമെന്ന് വരെ ചില അംഗങ്ങൾ തുറന്നടിച്ചിട്ടുണ്ട്. കനത്ത തോൽവിയ്ക്ക് ഇതും ഒരു പ്രധാന കാരണമായതായാണ് ആക്ഷേപം.

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് അവലോകനങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ ഇ.പി ജയരാജനെതിരെ പാർട്ടി തല അന്വേഷണത്തിനും നടപടിക്കും സാധ്യത ഏറെയാണ്. ശക്തമായുള്ള സംഘപരിവാർ വിരോധമാണ് സിപിഎമ്മിന് മത ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിക്കാൻ ഒരു പ്രധാന കാരണം. ആ സ്വീകാര്യതയ്ക്കാണ് ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലൂടെ പോറലേറ്റിരിക്കുന്നത്. കാസർഗോട്ടെ തോൽവിയിലും ഇ.പി ജയരാജൻ തന്നെയാണ് ഇപ്പോൾ പ്രധാന പ്രതിക്കൂട്ടിൽ ഉള്ളത്.

ഇടതുപക്ഷ വോട്ടുകൾ നല്ല രൂപത്തിൽ തന്നെ മിക്കയിടത്തും ബിജെപിയിലേക്ക് ഒഴുകിയതിന് കാരണം ഇ.പിയെ പോലുള്ള നേതാക്കളുടെ സമീപനമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിലേക്ക് പോയ വോട്ടുകൾ തിരിച്ചു പിടിക്കാമെങ്കിലും ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരിച്ചു പിടിക്കുക എളുപ്പമല്ല. ഇതു തന്നെയാണ് സിപിഎം നേതാക്കളെയും ആശങ്കപ്പെടുത്തുന്നത്.

ഇത്തരമൊരു സാഹചര്യത്തെ അതീവ ഗൗരവമായാണ് സിപിഎം കേന്ദ്ര നേതൃത്വവും കാണുന്നത്. തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങൾക്കു ശേഷം ശക്തമായ നടപടിയിലേക്ക് നീങ്ങാനാണ് അവരും തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ ഇടതുപക്ഷത്തിൻ്റെ അവശേഷിക്കുന്ന ഏക തുരുത്തിലും ഭരണം നഷ്ടമായാൽ പിന്നെ ഒരു തിരിച്ചുവരവ് പ്രയാസമാണെന്നതും സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. 11നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമത് എത്തിയിരിക്കുന്നത്. 9 ഇടത്ത് അവർ രണ്ടാമതും എത്തിയിട്ടുണ്ട്. 20 ശതമാനത്തിന് അടുത്ത് വോട്ടുകളും അവർ ഇത്തവണ നേടിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറ്റാൻ ശേഷിയുള്ള കുതിപ്പാണിത്.

തദ്ദേശ തിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ എന്തു വിലകൊടുത്തും തളയ്ക്കുക എന്നതിനാണ് സിപിഎം പ്രാമുഖ്യം നൽകുക. അതിനായി പുതിയ പദ്ധതികളും പരിപാടികളും ഉണ്ടാകും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരമ്പരാഗത രീതി മാറ്റി ജനപ്രിയരായവർക്ക് മാത്രം മുൻഗണന നൽകാനും സിപിഎം ശ്രമിക്കും. ഉടൻ വരാൻ ഇരിക്കുന്ന ഉപതിരഞ്ഞെടുപ്പു മുതൽ ഈ രീതി പിന്തുടരാനാണ് സിപിഎം നീക്കമെന്നാണ് ലഭിക്കുന്ന സൂചന.

EXPRESS KERALA VIEW

Top