പ്രീമിയം ലുക്കിൽ ‘കോംബാറ്റ്’..! 30 ലക്ഷം മുതൽ, 1200 കിലോമീറ്റർ റേഞ്ചുമായി ജെഎസ്ഡബ്ല്യുവിന്റെ പുതിയ എസ്‌യുവി

1200 കിലോമീറ്റർ വരെ റേഞ്ച്

പ്രീമിയം ലുക്കിൽ ‘കോംബാറ്റ്’..! 30 ലക്ഷം മുതൽ, 1200 കിലോമീറ്റർ റേഞ്ചുമായി ജെഎസ്ഡബ്ല്യുവിന്റെ പുതിയ എസ്‌യുവി
പ്രീമിയം ലുക്കിൽ ‘കോംബാറ്റ്’..! 30 ലക്ഷം മുതൽ, 1200 കിലോമീറ്റർ റേഞ്ചുമായി ജെഎസ്ഡബ്ല്യുവിന്റെ പുതിയ എസ്‌യുവി

റഫ് ആൻഡ് ടഫ് രൂപവും പ്രീമിയം ഫീച്ചറുകളും പ്ലഗ് ഇൻ ഹൈബ്രിഡ് കരുത്തും ഒരുമിച്ച്, ഇന്ത്യൻ വാഹന വിപണിയിലേക്ക് ആദ്യ മോഡലുമായി ജെഎസ്ഡബ്ല്യു എത്തുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ വാഹന നിർമാണ സംരംഭം പുറത്തിറക്കുന്ന ആദ്യ മോഡലിന് ‘കോംബാറ്റ്’ എന്നാണ് പേരിടുന്നത്. ചെറി ജെടൂർ ടി2 അടിസ്ഥാനമാക്കിയുള്ള ഈ പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവി വരാനിരിക്കുന്ന ഉത്സവ സീസണിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 30 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയായിരിക്കും പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില.

ജെടൂർ ടി2യുടെ ബോക്‌സി ഡിസൈൻ ശൈലി നിലനിർത്തുന്ന കോംബാറ്റിൽ ഹെഡ്‌ലാംപ്, ഗ്രിൽ, ബംപർ എന്നിവയിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാംപുകൾ, കരുത്തുറ്റ ബംപറുകൾ, കട്ടിയേറിയ ബോഡി ക്ലാഡിങ്, 20 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, വെർട്ടിക്കൽ എൽഇഡി ടെയിൽലാംപുകൾ, ടെയിൽ ഗേറ്റിലെ സ്പെയർ വീൽ എന്നിവ എസ്‌യുവിയുടെ ഓഫ് റോഡ് ലുക്ക് കൂടുതൽ ശക്തമാക്കും. അകത്ത് 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 10.6 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ജെഎസ്ഡബ്ല്യു ബ്രാൻഡിങ്ങുള്ള ഫോർ സ്‌പോക്ക് സ്റ്റിയറിങ്, 12 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ്, 540 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് പവേർഡ് മുൻ സീറ്റുകൾ, ആംബിയന്റ് ലൈറ്റിങ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയും പ്രതീക്ഷിക്കാം.

ALSO READ;കണ്ട് മയങ്ങരുത്, യൂസ്ഡ് കാർ വാങ്ങുമ്പോൾ ഈ പരിശോധനകൾ മറന്നാൽ പണി കിട്ടും!

പവർട്രെയിനാണ് കോംബാറ്റിന്റെ പ്രധാന ആകർഷണം. 1.5 ലീറ്റർ ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും 18.4 kWh ബാറ്ററിയുമുള്ള പ്ലഗ് ഇൻ ഹൈബ്രിഡ് സംവിധാനമാണ് വാഹനത്തിലുണ്ടാകുക. രാജ്യാന്തര വിപണിയിലെ ജെടൂർ ടി2യിൽ ഈ സംവിധാനം 360 എച്ച്പി കരുത്തും 610 എൻഎം ടോർക്കും നൽകുന്നു. മൂന്ന് സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷൻ വഴിയാണ് മുൻവീലുകളിലേക്ക് കരുത്തെത്തുന്നത്. രാജ്യാന്തര മോഡലിൽ ഫ്രണ്ട് വീൽ, ഓൾവീൽ ഡ്രൈവ് ഓപ്ഷനുകളുണ്ടെങ്കിലും ഇന്ത്യയിലെത്തുമ്പോൾ ഫ്രണ്ട് വീൽ ഡ്രൈവ് മാത്രമായിരിക്കും ലഭിക്കുക. 18.4 kWh ബാറ്ററിയിൽ മാത്രം 90 കിലോമീറ്റർ വരെ റേഞ്ചും പെട്രോളും ഇലക്ട്രിക് മോട്ടോറും ചേർന്ന് ആകെ 1200 കിലോമീറ്റർ വരെ റേഞ്ചുമാണ് പ്രതീക്ഷിക്കുന്നത്. 6.6 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 30 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂറും 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 27 മിനിറ്റും വേണ്ടിവരും.

30 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയുള്ള വിലയിൽ കോംബാറ്റ് എത്തിയാൽ ഈ വിഭാഗത്തിലെ ആദ്യ അഞ്ച് സീറ്റർ പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവിയെന്ന പ്രത്യേകതയും വാഹനത്തിന് ലഭിക്കും. സ്ട്രോങ് ഹൈബ്രിഡ് കരുത്തിലുള്ള ഹോണ്ട എലിവേറ്റ് ആയിരിക്കും പ്രധാന എതിരാളി. അതേസമയം പ്രീമിയം ലുക്കും റഫ് ആൻഡ് ടഫ് ഡിസൈനും സ്വന്തമാക്കുന്ന കോംബാറ്റ്, ഈ വില വിഭാഗത്തിൽ ശക്തമായ സാന്നിധ്യമുള്ള ടൊയോട്ട ഫോർച്യൂണറിനും വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷ.

Share Email
Top