ലോക നാളികേരദിനത്തിൽ രാജ്യത്തിന് അഭിമാനകരമായ നേട്ടവുമായി കയറ്റുമതി കണക്കുകൾ. ചിരട്ട സംസ്കരിച്ച് ഉത്തേജിതകരി നിർമിച്ചതിലൂടെ 2025-26 കാലയളവിൽ ഇന്ത്യ നേടിയത് റെക്കോർഡ് വരുമാനമായ 4688 കോടി രൂപയാണ്. ഈ വർഷം 1.79 ലക്ഷം ടൺ ഉത്തേജിതകരിയാണ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം നാളികേര കയറ്റുമതി മൂല്യത്തിന്റെ 66 ശതമാനവും ചിരട്ടയിൽ നിന്നുള്ള ഈ വരുമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷവുമായി (2024-25) താരതമ്യം ചെയ്യുമ്പോൾ അളവിലുള്ള വർധന ചെറിയതാണെങ്കിലും ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യയ്ക്ക് വലിയ നേട്ടമായത്. 2024-25ൽ 1.76 ലക്ഷം ടൺ കരി കയറ്റുമതി ചെയ്തവഴി 2799 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ 2025-ൽ അമേരിക്കയുടെ ഇറക്കുമതി 10 ശതമാനം മാത്രം കൂടിയപ്പോൾ വിലയിലുണ്ടായ കുതിപ്പ് 38 ശതമാനമായി ഉയർന്നു. 2025 പകുതിയോടെ ഇന്ത്യയിലും ഇൻഡൊനീഷ്യയിലും ഉത്തേജിതകരി വില ടണ്ണിന് 900 മുതൽ 1000 ഡോളർ വരെ വർധിച്ചതായി ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റി വിലയിരുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചിരട്ടക്കരി അധിഷ്ഠിത ഉത്തേജിതകരി കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ജലം, വായു ശുദ്ധീകരണ പ്രക്രിയകളിലാണ് ഉത്തേജിതകരി പ്രധാനമായും ഉപയോഗിക്കുന്നത്.
കുതിച്ചുയർന്ന് നാളികേര കയറ്റുമതി
2025-26 വർഷം ആകെ 7038.34 കോടി രൂപയുടെ നാളികേരോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 2689 കോടി രൂപയുടെ അധികനേട്ടമാണിത്. കഴിഞ്ഞ പത്തുവർഷത്തിനിടെ നാളികേര ഉത്പന്ന കയറ്റുമതി മൂല്യത്തിൽ അഞ്ചിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16ൽ 1385 കോടി രൂപയായിരുന്ന സ്ഥാനത്താണ് ഈ നേട്ടം.
മറ്റ് പ്രധാന ഉത്പന്നങ്ങളുടെ 2025-26 ലെ കയറ്റുമതി കണക്കുകൾ
വെളിച്ചെണ്ണ (റിഫൈൻഡ്): 16,605 ടൺ (മൂല്യം: 661 കോടി രൂപ)
പച്ചത്തേങ്ങ: 54,102 ടൺ (മൂല്യം: 376 കോടി രൂപ)
കൊപ്ര: 16,468 ടൺ (മൂല്യം: 374 കോടി രൂപ)
ഡെസിക്കേറ്റഡ് കോക്കനട്ട്: 7210 ടൺ (മൂല്യം: 199 കോടി രൂപ)
വെളിച്ചെണ്ണ (ക്രൂഡ്): 2650 ടൺ (മൂല്യം: 96 കോടി രൂപ)
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






