ചരിത്രത്തിലാദ്യമായി കൊക്കോ വില നാലക്കത്തിലേക്ക്

ചരിത്രത്തിലാദ്യമായി കൊക്കോ വില നാലക്കത്തിലേക്ക്

കൊക്കോ ഉല്‍പന്നവില നാലക്കത്തിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊക്കോ വില കിലോ 1000 രൂപയിലേക്ക് ചുവടുവെച്ചത്. ആഗോളതലത്തില്‍ കൊക്കോ ക്ഷാമം രൂക്ഷമായതാണ് വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ ചോക്ലറ്റ് നിര്‍മാതാക്കളെയും ബേക്കറി വ്യവസായികളെയും പ്രേരിപ്പിച്ചത്.

ചോക്ലറ്റ് നിര്‍മാണത്തില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവമെന്നനിലക്ക് എന്തു വിലക്കും കൊക്കോ ശേഖരിക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ആഗോളതലത്തില്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കുകയാണ്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രതികൂല കാലാവസ്ഥയില്‍ ഉല്‍പാദനം കുത്തനെ കുറഞ്ഞതിനാല്‍ ആറുമാസം കൊണ്ട് നിരക്ക് ടണ്ണിന് 4000 ഡോളറില്‍നിന്ന് 12,000 ഡോളര്‍വരെ ചുവടുവെച്ചു.

കേരളത്തില്‍ നിരക്ക് 220 രൂപയില്‍നിന്നുള്ള കുതിച്ചു ചാട്ടത്തില്‍ ഇതിനകം 1020 രൂപവരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. അടുത്ത മാസം ഹൈറേഞ്ചില്‍ പുതിയ കൊക്കോ വില്‍പനക്ക് സജ്ജമാകുന്നതോടെ വിലയില്‍ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. വിപണിയില്‍ ലഭ്യത ഉയര്‍ന്നാല്‍ 900-840 റേഞ്ചില്‍ ഉല്‍പന്നത്തിന് താങ്ങ് വില പ്രതീക്ഷിക്കാം. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ കൊക്കോ വിളയുന്നുണ്ടെങ്കിലും ഹൈറേഞ്ച് കൊക്കോക്കാണ് ഏറ്റവും ഉയര്‍ന്ന വില.

Top