പാറ്റ ‘വിപ്ലവം’ ഇനി സിപിഎമ്മിലും, തിരുത്താത്ത പാർട്ടിയെ തിരുത്താൻ സമ്മേളനങ്ങൾ ‘ആയുധമാകും’

പാറ്റ വിപ്ലവം യഥാർത്ഥത്തിൽ ഇനി നടക്കാൻ പോകുന്നത് സി.പി.എമ്മിൻ്റെ സമ്മേളനങ്ങളിൽ ആയിരിക്കും. താഴെ തട്ടുമുതൽ മുകൾ തട്ടിലെ ധിക്കാരികളായ നേതാക്കൾക്ക് വരെ പദവികൾ നഷ്ടപ്പെടാനും സാധ്യത ഏറെയാണ്.

പാറ്റ ‘വിപ്ലവം’ ഇനി സിപിഎമ്മിലും, തിരുത്താത്ത പാർട്ടിയെ തിരുത്താൻ സമ്മേളനങ്ങൾ ‘ആയുധമാകും’
പാറ്റ ‘വിപ്ലവം’ ഇനി സിപിഎമ്മിലും, തിരുത്താത്ത പാർട്ടിയെ തിരുത്താൻ സമ്മേളനങ്ങൾ ‘ആയുധമാകും’

പിണറായിക്ക് പുറമേ എം.വി. ഗോവിന്ദനും തുടരുമെന്നും നേതാക്കളെ മാറ്റലല്ല പ്രവർത്തന ശൈലിയിലെ അപാകത മാറ്റലാണ് സി.പി.എം രീതിയെന്നുമാണ് എം.എ ബേബി പറയുന്നത് ഇത് യഥാർത്ഥത്തിൽ സി.പി.എം പ്രവർത്തകരോടുള്ള വെല്ലുവിളി തന്നെയാണ്.

ആദ്യം ഇനി മാറ്റേണ്ടത് ഈ പറയുന്ന സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബിയെ ആണ്. ഇത്രയും കഴിവുകെട്ട ഒരു ജനറൽ സെക്രട്ടറി സി.പി.എമ്മിൻ്റെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല. കഴിവുള്ള നിരവധി ആളുകൾ പിബിയിൽ ഉണ്ടായിട്ടും, എം എ ബേബിയെ തന്നെ തിരഞ്ഞ് പിടിച്ച് ജനറൽ സെക്രട്ടറി ആക്കിയതിന് പിന്നിലും ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകാൻ പറ്റിയ ഒരു ദേശീയ മുഖമായിരുന്നില്ല ബേബിയുടേത് എന്നത് ആ പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ട്.

കേരളത്തിലെ പിണറായി സർക്കാറിനെ കയറൂരി വിട്ടതു പോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയും പെരുമാറിയിരുന്നത്. അതു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകൾ നേതൃത്വം നൽകുന്ന സർക്കാറുകൾ ഒരിക്കലും സ്വീകരിക്കാൻ പറ്റാത്ത നിലപാടുകളും നയങ്ങളും പിണറായി സർക്കാർ സ്വീകരിച്ചിരുന്നത് എന്നതും വ്യക്തമാണ്. അതിൻ്റെയൊക്കെ പരിണിത ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന തിരിച്ചടി.

അയ്യപ്പ സംഗമം പോലുള്ള പരിപാടി നടത്തുമ്പോഴും കേന്ദ്ര സർക്കാറിൻ്റെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിടുമ്പോഴും പിബി അംഗമായ പിണറായി വിജയനിൽ നിന്നും ഒരു വിശദീകരണം ചോദിക്കാൻ പോലും എം എ ബേബിക്ക് കഴിഞ്ഞിട്ടില്ല. പാർട്ടി സഖാക്കളെ പെരുമാറ്റചട്ടം പഠിപ്പിക്കുന്നവർക്ക് പിണറായിയുടെ പെരുമാറ്റങ്ങൾ ശരിയല്ലെന്ന് പറയാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇങ്ങനെ കഴിവുകെട്ട നേതൃത്വം തുടരാതിരിക്കുന്നത് തന്നെയാണ് സി.പി.എമ്മിൻ്റെ നിലനിൽപ്പിനും നല്ലത്.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതാണെന്നും ആ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റില്ലെന്നു പറയുന്ന ബേബി, യഥാർത്ഥത്തിൽ പിണറായിക്കു മുന്നിൽ മുട്ടുമടക്കിയാണ് നിൽക്കുന്നത്. അതുകൊണ്ടു തന്നെ ബേബിയിൽ നിന്നും മറിച്ചൊരു മറുപടി പ്രതീക്ഷിച്ചിട്ട് ഒരു കാര്യവുമില്ല.

ഇപ്പോൾ ഇടതുപക്ഷത്തിന് കേരളത്തിൽ ഉണ്ടായ ചരിത്രപരമായ തിരിച്ചടി, പിണറായി വിജയൻ്റെ പാർട്ടിയിലെയും സർക്കാറിലെയും ഇടപെടലുകൾക്കും നയങ്ങൾക്കും എതിരെ സി.പി.എം അനുഭാവികളും പ്രവർത്തകരും നൽകിയ തിരിച്ചടിയാണ്. ഇത് അറിയാമായിരുന്നിട്ടും അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് പ്രതിഷ്ടിക്കുന്നത് ഇടതുപക്ഷത്തെ കേരളത്തിൽ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. ഈ സംശയം സി.പി.എം കീഴ്ഘടകങ്ങൾ മുതൽ സി.പി.എം സഖാക്കൾ ഇപ്പോൾ ചോദിച്ച് തുടങ്ങിയിട്ടുമുണ്ട്.

നേതാക്കൻമാരെ മാറ്റുകയല്ല മറിച്ച് അവരുടെ പ്രവർത്തന ശൈലിയിൽ അപകാതകളുണ്ടെങ്കിൽ അത് മാറ്റുകയെന്നതാണ് സി.പി.എമ്മിന്റെ രീതിയെന്ന് പറയുന്ന എം എ ബേബി വസ്തുതകളെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. ഈ സമീപനം മനസ്സിൽവച്ചാണ് പരാജയ കാരണങ്ങൾ വിലയിരുത്താൻ പോളിറ്റ് ബ്യൂറോ പ്രതിനിധികൾ കേരളത്തിലെത്തുന്നതെങ്കിൽ പിന്നെ അവർ ഡൽഹിയിൽ നടത്തുന്ന അവലോകനം എന്തായിരിക്കുമെന്നത് ഊഹിക്കാവുന്നതേയൊള്ളൂ.

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചു കഴിഞ്ഞതായി പറയുന്ന എംഎ ബേബി, അദ്ദേഹം കൂടി കൈ പൊക്കിയതു കൊണ്ടാണ് ഈ തീരുമാനത്തിന് പിബിയിൽ ഭൂരിപക്ഷം കിട്ടയത് എന്നത് മറന്നു പോകരുത്. ഈ വിധേയത്വം തന്നെയാണ് പ്രശ്നം. പിബിയിൽ മാത്രമല്ല, സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വങ്ങളിലും എല്ലായിപ്പോഴും പിണറായി വിജയനോട് വിധേയത്വമുള്ളവരാണ് കൂടുതൽ ഉള്ളത്. ‘പാർട്ടിയോടാണ് വിധേയത്വം വേണ്ടത് എന്നും, നേതാവിനോടല്ല എന്നതും’ ഇതുവരെ ഇവർക്കാർക്കും മനസ്സിലായിട്ടില്ല. ഇവർ തിരുത്താതെ സി.പി.എം തിരിച്ചുവരാനുള്ള സാധ്യതയും വളരെ കുറവാണ്. വെറുതെ ചർച്ച നടത്തി സമയം കളയുന്ന ഏർപ്പാടാണ് സത്യത്തിൽ ഇപ്പോൾ നടക്കുന്നത്.

സി.പി.എം എന്നു പറഞ്ഞാൽ മുകളിൽ നിന്നും കെട്ടിപ്പടുത്ത ഒരു കേഡർ പാർട്ടിയാണ്. അവിടെ നേതൃത്വം പറയുന്നതാണ് നടപ്പാകുക. ആ നേതൃത്വങ്ങൾ തന്നെ വഴിതെറ്റി പോയതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകൾക്ക് നിരക്കാത്ത പെരുമാറ്റവും തീരുമാനങ്ങളും മുകൾതട്ട് മുതൽ താഴെ തട്ടുമുതൽ വരെ ഉണ്ടാകുന്നത്. ഇതെല്ലാം കാണുമ്പോൾ പാർട്ടി അണികളും അനുഭാവികളും മാത്രമല്ല ജനങ്ങളും സ്വാഭാവികമായും എതിരാകുമല്ലോ?

ഞങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത് സി.പി.എം കേരളത്തിൽ നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരുടെ പൊതുവികാരം കൂടിയാണ്. യുഡിഎഫിൻ്റെ മേൻമ കൊണ്ടല്ല സി.പി.എമ്മിൻ്റെ അപചയം കൊണ്ടാണ് ടീം സതീശൻ ഇപ്പോൾ അധികാരത്തിൽ വന്നിരിക്കുന്നത്. പിണറായിയും ഈ നേതൃത്വവും തന്നെയാണ് ഇനിയും തലപ്പത്ത് തുടരുന്നതെങ്കിൽ, എന്തൊക്കെ പോരായ്മകൾ ഉണ്ടായാലും വീണ്ടും യുഡിഎഫിനെ ജനങ്ങൾ ഒരിക്കൽ കൂടി അധികാരത്തിലേറ്റും. അതു കഴിഞ്ഞാൽ പിന്നെ ഊഴം ബിജെപി നേതൃത്വം നൽകുന്ന മുന്നണിക്ക് ആയിരിക്കും. കാരണം, ഇടതുപക്ഷത്തിൻ്റെ തകർച്ചയിൽ നിന്നും പ്രധാനമായും മുതലെടുക്കാൻ പോകുന്നതും ബിജെപി ആയിരിക്കും. അവരിപ്പോൾ പിടിച്ച മൂന്ന് സീറ്റുകളും ഇടതുപക്ഷത്തിൻ്റെ സീറ്റുകൾ ആണ് എന്നത് നമ്മളാരും മറന്നുപോകരുത്. സി.പി.എമ്മിനെ സംബന്ധിച്ച് കൃത്യമായ ഒരു മുന്നറിയിപ്പു തന്നെയാണിത്.

അപകടകരമായ ഈ സാഹചര്യത്തെ മറികടക്കണമെങ്കിൽ സി.പി.എം അണികൾ തന്നെ മുന്നോട്ട് വരേണ്ടതുണ്ട്. ബ്രാഞ്ച് തലംമുതൽ പാർട്ടി കോൺഗ്രസ്സ് വരെ ബന്ധപ്പെട്ട ഘടകങ്ങളിൽ ഉള്ളവർ നേതൃത്വത്തിൻ്റെ തീരുമാനത്തെ ചർച്ചകളിൽ ചോദ്യം ചെയ്യുക എന്ന പരമ്പരാഗത രീതിവിട്ട് നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ കൂടി തയ്യാറാവണം. അതിനുള്ള സാഹചര്യം ഒരുക്കാൻ നേതൃത്വം നിർബന്ധിക്കപ്പെടുക കൂടി ചെയ്താൽ പിന്നെ കളിമാറും. താഴെ തട്ടു മുതൽ മുകൾതട്ടു വരെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളാണ് അപ്പോൾ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെടുക. അങ്ങനെ സംഭവിച്ചാൽ ജനങ്ങൾക്കിടയിലും പ്രതീക്ഷ വർദ്ധിക്കും. അകന്നവർ എല്ലാം അടുക്കുകയും ചെയ്യും. ഈ മാറ്റം കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കരുത്തും ശേഷിയും വർദ്ധിപ്പിക്കുന്ന രൂപത്തിലേക്കാണ് വളരുക. ഇപ്പോൾ ‘പാറ്റകളുടെ’ പിന്നാലെ പോകുന്ന യുവജനതയെ സ്വാധീനിക്കാനും, അത്തരം ഒരു നേതൃത്വത്തിന് എളുപ്പത്തിൽ കഴിയും. ഇക്കാര്യത്തിൽ ഇനി ഒരു മൂവ് മെൻ്റ് വരേണ്ടത് സി.പി.എമ്മിനുള്ളിൽ നിന്നു തന്നെയാണ്. അതിൻ്റെ സൂചനകൾ എന്തായാലും ഇപ്പോൾ കണ്ടു തുടങ്ങിയിട്ടുണ്ട്. പാറ്റകൾ പോലെ പാർട്ടിക്ക് അകത്തും നേതൃത്വത്തിലും പടർന്നു കയറാൻ സഖാക്കൾ തയ്യാറാകണം. ഇടതുപക്ഷ മനസ്സുകൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

EXPRESS VIEW

വീഡിയോ കാണാം….

Share Email
Top