കപ്പൽ നിർമാണത്തിനായി കൊച്ചിൻ ഷിപ്‌യാഡ് (സിഎസ്എൽ) ദക്ഷിണ കൊറിയൻ ഭീമനുമായി കൈകോർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കമ്പനികളിലൊന്നായ എച്ച്ഡി കൊറിയ ഷിപ് ബിൽഡിങ് ആൻഡ് ഓഫ് ഷോർ എൻജിനീയറിങ്ങുമായി (കെഎസ്ഒഇ) സിഎസ്എൽ സമഗ്രമായ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ്, ഹ്യുണ്ടായ് സാംഹൊ ഹെവി ഇൻഡസ്ട്രീസ് തുടങ്ങിയവ ഉൾപ്പെടെ ലോകത്തിലെ പ്രമുഖ ഷിപ്‌യാഡുകളുടെ മാതൃ കമ്പനിയാണു കെഎസ്ഒഇ. ധാരണാപത്രം അനുസരിച്ച് ഇന്ത്യയിലും വിദേശത്തും പുതിയ കപ്പൽ നിർമാണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുക, സാങ്കേതിക വൈദഗ്ധ്യം പങ്കുവച്ച് ആഗോള നിലവാരത്തിലേക്ക് ഉയരുക, ഉൽപാദനക്ഷമത വർധിപ്പിക്കുക തുടങ്ങിയ പ്രധാന മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കും.