മുഖ്യമന്ത്രി വിഡി സതീശന് എതിരെ കോൺഗ്രസ്സിൽ ഇപ്പോൾ നടക്കുന്നത് വൻ പടപ്പുറപ്പാടാണ്. മന്ത്രിസഭയെ നോക്കുകുത്തിയാക്കി മുന്നോട്ട് പോകുന്ന സതീശൻ്റെ ഏകാധിപത്യ നടപടിക്ക് മൂക്ക് കയറിടാൻ കോർകമ്മറ്റി രൂപീകരിക്കാനാണ് ഹൈക്കമാൻ്റ് നീക്കം. കർണ്ണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരം ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കമാൻ്റ് പച്ചക്കൊടി കാട്ടിയിരുന്നു. ഇതേ മോഡലിൽ കേരളത്തിലും ഒരു കോർഡിനേഷൻ കമ്മറ്റി വേണമെന്നതാണ് കോൺഗ്രസ്സ് മന്ത്രിമാരുടെയും എംഎൽഎമാരുടെലും നിലപാട്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കമാൻ്റിനെ കാണാനാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ തീരുമാനിച്ചിരിക്കുന്നത്.
പിണറായി വിജയൻ്റെ സ്റ്റൈലിൽ മറ്റു മന്ത്രിമാരെയും നേതാക്കളെയും നോക്കുകുത്തിയാക്കി ഏകാധിപത്യ ശൈലിയിൽ മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രിയുടെ നീക്കം തുടക്കത്തിലേ തടഞ്ഞില്ലങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരും നേതൃത്വത്തിന് നൽകിയിട്ടുണ്ട്. റവന്യൂ മന്ത്രി എപി അനിൽകുമാർ അറിയാതെ മുഖ്യമന്ത്രി ഇടപെട്ട് കളക്ടർമാരെ മാറ്റിയതും പി കെ കുഞ്ഞാലിക്കുട്ടി അറിയാതെ പുതിയ വ്യവസായ വകുപ്പ് ഡയറക്ടറെ നിയമിച്ചത് മുസ്ലിംലീഗിനെയും ചൊടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ ചുമതല പൊതുഭരണ വകുപ്പിനായതിനാൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആ അധികാരം ദുരുപയോഗം ചെയ്യുന്നതായാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.
സസ്പെൻഷനിൽ തുടരുന്ന ഐഎഎസ് ഓഫീസർമാരായ ബി അശോകിനെയും പ്രശാന്തിനെയും സർവ്വീസിൽ തിരിച്ചെടുക്കാത്തതും മുഖ്യമന്ത്രിക്ക് എതിരായ വികാരമായാണ് ഉയർന്നിരിക്കുന്നത്. ബി അശോകിനെ ആഭ്യന്തര സെകട്ടറിയാക്കി നിയമിക്കണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനുമേലും മുഖ്യമന്ത്രി വിഡി സതീശൻ മുഖം തിരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് സീനിയർ നേതാവായ രാമേശ് ചെന്നിത്തലയെയും ചൊടിപ്പിച്ചിട്ടുണ്ട്.
പരസ്പര ധാരണയും ചർച്ചയും ഏകോപനവും ഇല്ലാത്തതിനാൽ പൊലീസ് ഉന്നത തലത്തിലെ അഴിച്ചു പണിയും നീളുകയാണ്. ഇപ്പോഴും പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്ദ്യോഗസ്ഥരാണ് തുടരുന്നത്. ഇത് യു ഡി എഫിൻ്റെ പൊലീസ് നയം നടപ്പാക്കാൻ തടസ്സമായി മാറുന്നുണ്ട് എന്നത് ഉന്നത നേതാക്കൾ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്. മുഖ്യമന്ത്രി ഏകപക്ഷിയമായി ഐ.എഎസ്-ഐപിഎസ് നിയമനങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ അത് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലന്ന കടുത്ത നിലപാടിലാണ് ഈ വകുപ്പകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുള്ളത്.
പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രധാന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ പോലും കാബിനറ്റിൽ പോലും വയ്ക്കാതെ അദ്ദേഹത്തിൻ്റെ ഓഫീസ് തീരുമാനമെടുത്ത് നടപ്പാക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. പി ശശി അദ്ദേഹത്തിൻ്റെ ഇഷ്‌ടപ്രകാരം നിയമനങ്ങൾ നടത്തിയതും ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ്. ഇക്കാര്യത്തിൽ സി.പി.എം നേതൃത്വത്തിന് തന്നെ കടുത്ത എതിർപ്പുണ്ടായിരുന്നെങ്കിലും പിണറായി വിജയനെ ചോദ്യം ചെയ്യാനുള്ള ധൈര്യം അവർക്കാർക്കും ഉണ്ടായിരുന്നില്ല. ഈ മോഡൽ നടപ്പാക്കാനാണ് ഇപ്പോൾ വിഡി സതീശൻ ശ്രമിക്കുന്നത്. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് ചീഫ്, വിജിലൻസ് ഡയറക്ടർ തസ്തികകളിലെ നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ താൽപര്യം നിർണ്ണായകമാണെങ്കിലും മറ്റ് ഉദ്ദ്യോഗസ്ഥരുടെ നിയമനങ്ങളിൽ മുഖ്യമന്ത്രി കൈ കടത്തുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യമാണ് മന്ത്രിമാരിൽ നിന്നും ഉയരുന്നത്. ഇക്കാര്യത്തിലെ പരാതി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ ശ്രദ്ധയിലുംപെട്ടിട്ടുണ്ട്.
Also Read: മൂന്ന് വർഷം കഴിഞ്ഞാൽ ഭരണമാറ്റം? യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ തെറ്റിക്കുന്ന നീക്കവുമായി കേന്ദ്രം
സർക്കാർ അധികാരം ഏറ്റെടുത്ത് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടൊള്ളൂ എന്നതിനാൽ പരസ്യമായ പ്രതികരണം ഒഴിവാക്കാനാണ് എഐസിസി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രി ഇതേ ശൈലിയിലാണ് ഇനിയും മുന്നോട്ട് പോകുന്നതെങ്കിൽ അപ്പോൾ ഇടപെടാം എന്നതാണ് ഹൈക്കമാൻ്റ് നിലപാട്. പൊട്ടിത്തെറി ഒഴിവാക്കാൻ കർണ്ണാടക മോഡൽ കോർ കമ്മറ്റി ഉണ്ടാക്കുന്നതു സംബന്ധിച്ച് കെസി വേണുഗോപാലിന് അനുകൂല നിലപാടാണ് ഉള്ളത്. ഇതുവഴി മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ പറ്റുമെന്നതാണ് കണക്ക് കൂട്ടൽ. ഇനി അഥവാ സതീശൻ ഇതിനും വഴങ്ങിയില്ലങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവമായി തന്നെ അപ്പോൾ ചർച്ച ചെയ്യാം എന്നതാണ് ഹൈക്കമാൻ്റ് നിലപാട്.
അതേസമയം മുഖ്യമന്ത്രിസ്ഥാനത്തേക്ക് മുസ്ലീം ലീഗ് അടക്കമുള്ള ഘടക കക്ഷികൾ വിഡി സതീശന് നൽകിയ പിന്തുണ ഇനിയൊരു തർക്കം ഉണ്ടായാൽ അദ്ദേഹത്തിന് ലഭിക്കില്ലന്ന കണക്ക് കൂട്ടലും സതീശൻ വിരുദ്ധ ചേരിക്ക് ഉണ്ട്. ഒരു വർഷത്തിനുള്ളിൽ എങ്ങനെയെങ്കിലും വിഡി സതീശനെ പുകച്ച് പുറത്ത് ചാടിക്കുക എന്നത് സതീശൻ വിരുദ്ധ ചേരിയുടെ ലക്ഷ്യമാണ്. ഈ പോക്ക് പോയാൽ അതിനുള്ള അവസരം അധികം താമസിയാതെ തന്നെ സതീശനായിട്ടു തന്നെ ഉണ്ടാക്കി തരും എന്നാണ് ഈ വിഭാഗം കരുതുന്നത്.
മന്ത്രിസഭയിൽ സതീശൻ വിഭാഗം എന്നു പറയാൻ സതീശൻ മാത്രമാണ് നിലവിലുളളത്. കെ മുരളീധരനെ മാറ്റി നിർത്തിയാൽ മറ്റെല്ലാവർക്കും കൃത്യമായ നിലപാട് സതീശൻ്റെ കാര്യത്തിൽ ഉണ്ട്. അത് സതീശൻ വിരുദ്ധ നിലപാടാണ് എന്നതും പകൽ പോലെ വ്യക്തമാണ്. കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ്സ് മന്ത്രിമാരിൽ ഭൂരിപക്ഷവും. കെസിയുടെയും വിഡിയുടെയും നേതാവായ രമേശ് ചെന്നിത്തലയാകട്ടെ ഒറ്റയാനായാണ് മന്ത്രി സഭയിൽ നിൽക്കുന്നത്. ആഭ്യന്തരവും വിജിലൻസും കൈവശം ഉള്ളതിനാൽ ഈ ഒറ്റയാനിൽ മറ്റുള്ളവർക്ക് ഒരു ഭയമുണ്ട് എന്നതും യാഥാർത്ഥ്യമാണ്. സതീശനെ മാറ്റുന്ന ഒരു സാഹചര്യം ഉണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വിഭാഗം പിന്തുണയ്ക്കുക രമേശ് ചെന്നിത്തലയെ ആയിരിക്കും. ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പംതന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യത ഉള്ളതിനാൽ ആ ഘട്ടത്തിൽ കേരളത്തിൽ ലാൻഡ് ചെയ്യാമെന്നതാണ് കെസി വേണുഗോപാലിൻ്റെ നിലപാട്.
EXPRESS VIEW
വീഡിയോ കാണാം…






