അറബിക്കടലിലെ മേഘച്ചുഴിയും ലഘുമേഘവിസ്‌ഫോടനവും,പാതിരാ മഴയില്‍ കേരളം പ്രളയ കെണിയില്‍

അറബിക്കടലിലെ മേഘച്ചുഴിയും ലഘുമേഘവിസ്‌ഫോടനവും,പാതിരാ മഴയില്‍ കേരളം പ്രളയ കെണിയില്‍

പത്തനംതിട്ട: അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ ഏകദേശം 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ രൂപപ്പെട്ട മേഘച്ചുഴി ആണ് ഇന്നലെയും ഇന്നുമായി മധ്യകേരളത്തെയും വടക്കന്‍ കേരളത്തെയും പെരുമഴയുടെ പ്രളയ കെണിയിലാക്കിയത്. സംസ്ഥാനത്തെ നൂറ്റിനാല്‍പതോളം മാപിനികളിലെല്ലാം മഴ സാന്നിധ്യമറിയിച്ചു. 21 മഴമാപിനികളില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി. ഇതില്‍ മൂന്നിടത്ത് 200 മില്ലിമീറ്ററും കടന്ന് റെക്കോര്‍ഡ് മഴ പെയ്തിറങ്ങി. ഇതെല്ലാം ഒരുതരം ലഘു മേഘസ്‌ഫോടനങ്ങളാകാമെന്നാണ് കൊച്ചി സര്‍വകലാശാലയിലെ റഡാര്‍ വിഭാഗം ഗവേഷകരായ ഡോ. എസ് അഭിലാഷിനെപ്പോലുള്ളവര്‍ പറയുന്നത്. വ്യാഴം രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ ചേര്‍ത്തലയിലാണ് ഏറ്റവും കനത്ത മഴ പെയ്തത് – 215 മില്ലീമീറ്റര്‍, സംസ്ഥാന ജലവിഭവ വികസന വിനിയോഗ കേന്ദ്രം സ്ഥിതി ചെയ്യുന്ന കോഴിക്കോട് കുന്നമംഗലത്ത് 208 മില്ലിമീറ്റര്‍ ലഭിച്ചു. 248 മില്ലിമീറ്റര്‍ കടന്ന് മഴ തുടരുകയാണെന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. മനോജ് പി.സാമുവല്‍ പറഞ്ഞു. കോട്ടയം കുമരകത്തും 203 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

രണ്ടുദിവസം മുന്‍പു വരെ സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍മഴയിലെ കുറവ് 20 ശതമാനത്തിനും മുകളിലായിരുന്നത് 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കപ്പെട്ടു മാര്‍ച്ച് ഒന്നു മുതല്‍ ഇന്നു രാവിലെ വരെ സംസ്ഥാനത്ത് 18% അധികമഴ ലഭിച്ചതായി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 27 സെമീ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇന്നു രാവിലെ വരെ ലഭിച്ച ശരാശരി 29 32 സെമി. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 51% ആണ് ഇവിടെ ലഭിച്ച അധികമഴ 30 സെമീ കിട്ടേണ്ട സ്ഥാനത്ത് 46 സെമീ പാലക്കാടും കോട്ടയവും യഥാക്രമം 48, 35 ശതമാനവുമായി അധികമഴപ്പട്ടികയില്‍ തൊട്ടു പിന്നിലുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ ഇന്നലത്തെ മഴ ശരാശരിക്കും മുകളിലേക്ക് എത്തിച്ചു. കൊല്ലത്ത് മഴയില്‍ 8% കുറവുണ്ടെങ്കിലും കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡമനുസരിച്ച് ഇതു ശരാശരിക്കും മുകളിലാണ് പത്തനംതിട്ട, വയനാട്, കാസര്‍കോട് എന്നിവയാണ് ശരാശരി മഴ ലഭിച്ച മറ്റു മൂന്നു ജില്ലകള്‍. ഇടുക്കിയില്‍ മാത്രമാണ് ശരാശരിക്കും താഴേക്ക് മഴയുടെ തോത് ചോര്‍ന്നു പോയത് സംസ്ഥാനത്തിന്റെ പവര്‍ ഹൗസായ ഇടുക്കി ജലവൈദ്യുത പദ്ധതി ഉള്‍പ്പെടുന്ന ഹൈറേഞ്ച് ജില്ലയില്‍ 28% മഴ കുറവാണ് രേഖപ്പെടുത്തിയത്.

Top