റെക്കോർഡ് ചൂടും കടുത്ത വരൾച്ചയും യൂറോപ്യൻ രാജ്യങ്ങളുടെ കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. തീവ്ര കാലാവസ്ഥ ആവർത്തിച്ചുണ്ടാകുന്നത് യൂറോപ്പിന്റെ ഭക്ഷ്യോത്പാദന ശേഷിയെ തകിടംമറിച്ചിരിക്കുകയാണ്. ജലലഭ്യത കുറഞ്ഞതും മണ്ണിന്റെ ഈർപ്പം നഷ്ടപ്പെട്ടതും വിളകളുടെ വളർച്ചയെ സാരമായി ബാധിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മാത്രം ധാന്യവിളകളുടെ ഉത്പാദനത്തിൽ 1.67 കോടി ടണ്ണിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചോളം, ബാർലി, ഗോതമ്പ് തുടങ്ങിയ പ്രധാന വിളകളെല്ലാം കരിഞ്ഞുണങ്ങിയ നിലയിലാണ്. കണക്കുകൾ പ്രകാരം ഏകദേശം 34,700 കോടി രൂപയുടെ വൻ സാമ്പത്തിക നഷ്ടമാണ് യൂറോപ്പ് ഇതിലൂടെ നേരിടുന്നത്.
കൂടാതെ, മൊത്തം ശീതകാല വിളകളുടെ 25 ശതമാനവും സൂര്യകാന്തി വിളവിന്റെ 60 ശതമാനവും കടുത്ത വരൾച്ചയുടെ പിടിയിലാണ്. വിവിധ രാജ്യങ്ങളെ ഈ പ്രതിസന്ധി വ്യത്യസ്ത രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ഫ്രാൻസിൽ മാത്രം 15,900 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോൾ, ഹംഗറിയിൽ 7,800 കോടിയും ബ്രിട്ടനിൽ 5,700 കോടിയും നഷ്ടം രേഖപ്പെടുത്തി. ജർമ്മനിയിൽ 4,300 കോടിയും സ്പെയിനിൽ 2,400 കോടി രൂപയുടെയും ഉത്പാദനക്കുറവാണ് ഉണ്ടായത്. കാലാവസ്ഥയിലെ ഈ മാറ്റങ്ങൾ ഭാവിയിൽ വലിയ ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായേക്കുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.






