ഡൽഹിയിലെ ഭാട്ടി മൈൻസ് പ്രദേശത്ത് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പതിമൂന്നുകാരന്റെ മൃതദേഹം ബുധനാഴ്ച വനപ്രദേശത്ത് നിന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബം നൽകിയ പരാതിയിൽ നടത്തിയ തിരച്ചിലിനിടയിലാണ് തെക്കൻ ഡൽഹിക്ക് സമീപത്തെ കാട്ടിൽ നിന്ന് മൃതദേഹം ലഭിച്ചത്. ചത്ത നായയെ കുഴിച്ചിടാനായി സുഹൃത്തുക്കളോടൊപ്പം കാട്ടിലേക്ക് പോയതായിരുന്നു കുട്ടിയെന്ന് ബന്ധുക്കൾ പറഞ്ഞു.
കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. പ്രാഥമിക അന്വേഷണത്തിൽ ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടന്നതെന്ന സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Also Read:ശരീരഭാരം കൂടി, കൂടെ കൊണ്ടുനടക്കാൻ നാണക്കേട്; ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി സോഫ്റ്റ്‌വെയർ എൻജിനീയർ
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും സഞ്ജയ് കോളനി പോലീസ് പോസ്റ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. തങ്ങൾക്ക് ആരോടും ശത്രുതയില്ലെന്നും നീതി വേണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ശാന്തരാക്കിയതോടെയാണ് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.






