നാലാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലും ആന്ധ്ര പ്രദേശിലും സംഘര്‍ഷം

നാലാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലും ആന്ധ്ര പ്രദേശിലും സംഘര്‍ഷം

ഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലും ആന്ധ്ര പ്രദേശിലും സംഘര്‍ഷം. ലോക്‌സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന ആന്ധ്ര പ്രദേശില്‍ പരക്കെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചിറ്റൂര്‍, കടപ്പ, അനന്തപൂര്‍, പല്‍നാട് ജില്ലകളിലെ വിവിധ ബൂത്തുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് – ടിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചിറ്റൂരില്‍ തട്ടിക്കൊണ്ട് പോയ ടിഡിപി പോളിംഗ് ഏജന്റുമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മോചിപ്പിച്ചു. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണെന്ന് ടിഡിപി ആരോപിച്ചു. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലും ബിര്‍ഭുമിലും ടിഎംസി – ബിജെപി സംഘര്‍ഷം ഉണ്ടായി. ദുര്‍ഗാപൂരില്‍ കേന്ദ്ര സേനയുടെ സഹായത്തോടെ ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ടിഎംസി ആരോപിച്ചു. ബിര്‍ഭുമിയില്‍ ബിജെപി സ്റ്റാള്‍ തകര്‍ത്തു.

ഉത്തര്‍ പ്രദേശിലെ പല ബൂത്തിലും ബിജെപി കള്ള വോട്ടുകള്‍ ചെയ്യുന്നതായി സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. മന്‍സൂര്‍ഗഞ്ചില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി എന്നും എസ് പി ആരോപണം ഉയര്‍ത്തി. ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥി മാധവി ലത വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചത് വാക്ക് തര്‍ക്കത്തില്‍ കലാശിച്ചു. ദുഷ്‌കരമായ സമയത്ത് കോണ്‍ഗ്രസ് നിങ്ങളോടൊപ്പമുണ്ടെന്ന് സോണിയ ഗാന്ധി വീഡിയോ സന്ദേശത്തില്‍ വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു.

Top