കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിനെത്തുടർന്ന് തിരുവനന്തപുരം പാളയത്തുണ്ടായ സംഘർഷങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനുമാണ് കേസുകൾ. കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തതായി വിവരമില്ല.
തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്യാനെത്തിയ കെഎസ്‌യു പ്രവർത്തകൻ അഭിജിത്ത് സജിയെ എസ്എഫ്ഐ പ്രവർത്തകർ തടയുകയും ഐഡി കാർഡ് ആവശ്യപ്പെടുകയും ചെയ്തു. കാർഡ് നൽകിയില്ലെന്നാരോപിച്ച് അഭിജിത്തിനെ മതിലിനോട് ചേർത്തുനിർത്തി മുഖത്തും തലയിലും ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ഒന്നാമത്തെ എഫ്ഐആറിലെ ആരോപണം. ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് ഈ കേസ്.
Also Read:കേരളത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു രണ്ടാമത്തെ അക്രമം നടന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ മ്യൂസിയം എസ്എച്ച്ഒ അനൂപിന്റെ കൈയിലെ എല്ലൊടിയുകയും മറ്റ് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.






