ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റ് ഇല്ലെന്ന പ്രചാരണം തെറ്റ്! വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്

ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സിയായി ഉപയോഗിക്കുന്നതിന് പ്രത്യേക നിരോധനമോ മറ്റ് തടസ്സങ്ങളോ നിലവിലില്ലെന്നും എം.വി.ഡി അറിയിച്ചു

ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റ് ഇല്ലെന്ന പ്രചാരണം തെറ്റ്! വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്
ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റ് ഇല്ലെന്ന പ്രചാരണം തെറ്റ്! വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്

ലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ തടസ്സമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വകുപ്പ് വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന മോട്ടോർ വാഹന നിയമങ്ങളിലെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർ.ടി.ഒ വഴി ടാക്സിയായി രജിസ്റ്റർ ചെയ്യാം. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സിയായി ഉപയോഗിക്കുന്നതിന് പ്രത്യേക നിരോധനമോ മറ്റ് തടസ്സങ്ങളോ നിലവിലില്ലെന്നും എം.വി.ഡി അറിയിച്ചു.

സ്പീഡ് ഗവേണറും ട്രാക്കിങ്ങും നിർബന്ധം

ടാക്സിയായി രജിസ്റ്റർ ചെയ്യാൻ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടങ്ങൾ അനുസരിച്ചുള്ള സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം. മണിക്കൂറിൽ 80 കിലോമീറ്ററായി വേഗത ക്രമീകരിക്കുന്ന സംവിധാനവും ആവശ്യമാണ്. അംഗീകൃത വാഹന ലൊക്കേഷൻ ട്രാക്കിങ് ഉപകരണവും നിർബന്ധമാണ്. കൂടാതെ ഇലക്ട്രിക് ടാക്സികൾക്ക് പച്ച പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റാണ് ഉപയോഗിക്കേണ്ടത്. ബാധകമായ നികുതിയും അടച്ചിരിക്കണം.

ALSO READ;3300 ജീവനക്കാർക്ക് ജോലി നഷ്ടമാകും..! ഡ്രൈവറില്ലാ ടാക്സിയിലേക്ക് തിരിയാനൊരുങ്ങി ഊബർ ?

വാഹനനിർമാതാക്കൾ ചില മോഡലുകൾ വ്യക്തിഗത ഉപയോഗത്തിനും ചിലത് വാണിജ്യ ആവശ്യങ്ങൾക്കുമായി നിർമിക്കുന്നുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി വാങ്ങിയ വാഹനം പിന്നീട് ടാക്സിയായി മാറ്റുന്നതിന് എം.വി.ഡി വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വാഹനം നിർമിച്ച കമ്പനികൾ വാറന്റി, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളിൽ സ്വന്തം നയപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം. ഇത്തരം കമ്പനി നിബന്ധനകളും എം.വി.ഡി രജിസ്ട്രേഷൻ നടപടികളും കൂട്ടിക്കുഴച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി. നിയമാനുസൃതമായ സ്പീഡ് ഗവേണറും ട്രാക്കിങ് സംവിധാനവും ഉൾപ്പെടെ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കേരളത്തിൽ ടാക്സി രജിസ്ട്രേഷൻ ലഭിക്കുമെന്നും എം.വി.ഡി വ്യക്തമാക്കി.

Share Email
Top