ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ തങ്ങളുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ആകർഷകമായ പുതിയ ടീസർ പുറത്തുവിട്ടു. ബ്രാൻഡിന്റെ പരിഷ്കരിച്ച നാമകരണ ശൈലി പിന്തുടർന്ന് ഈ പുത്തൻ മോഡൽ ‘eC3X’ എന്ന പേരിലായിരിക്കും വിപണിയിലെത്തുകയെന്നാണ് സൂചന. നിലവിലുള്ള മോഡലിന്റെ സിലൗറ്റ് നിലനിർത്തുമെങ്കിലും, എക്സ്റ്റീരിയറിൽ വലിയ രീതിയിലുള്ള സ്റ്റൈലിംഗ് പുതുക്കലുകളോടെയാണ് വാഹനം വരുന്നത്. പുനർരൂപകൽപ്പന ചെയ്ത മുൻ ബമ്പർ, സിൽവർ സ്കിഡ്-പ്ലേറ്റ് എലമെന്റുകൾ, പുതിയ എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തി ലൈറ്റിംഗ് പാക്കേജ് കമ്പനി പൂർണ്ണമായും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകളും ടേൺ ഇൻഡിക്കേറ്ററുകൾ സംയോജിപ്പിച്ച റിയർ-വ്യൂ മിററുകളും വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു.
ബാഹ്യമായ മാറ്റങ്ങൾക്കൊപ്പം കാബിനിലും പ്രീമിയം ഫീച്ചറുകളുടെ വൻ നിരതന്നെ സിട്രോൺ ഒരുക്കിയിട്ടുണ്ട്. സ്റ്റിയറിംഗ് വീലിനും ഡാഷ്‌ബോർഡിനും ലെതറെറ്റ് ഫിനിഷിംഗും ഒപ്പം ആംബിയന്റ് ലൈറ്റിംഗും പുതിയ മോഡലിൽ പ്രതീക്ഷിക്കാം. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടാച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അതേപടി നിലനിർത്തുമ്പോൾ, ഉയർന്ന വകഭേദങ്ങൾക്ക് 360-ഡിഗ്രി ക്യാമറയും പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുമെന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്.
അതേസമയം, വാഹനത്തിന്റെ മെക്കാനിക്കൽ വശങ്ങളിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും കമ്പനി മുതിർന്നിട്ടില്ല. നിലവിലുള്ള 29.2 kWh ബാറ്ററി പാക്ക് തന്നെയാണ് eC3X മോഡലിലും ഉണ്ടാകുക. ഇത് 57 PS കരുത്തും 143 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒറ്റ ചാർജിൽ ഏകദേശം 320 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും മണിക്കൂറിൽ പരമാവധി 107 കിലോമീറ്റർ വേഗതയും ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഔദ്യോഗികമായി ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ പഞ്ച് ഇവി, പുതുതായി അപ്ഡേറ്റ് ചെയ്ത ടിയാഗോ ഇവി എന്നിവയോടായിരിക്കും സിട്രോൺ eC3X പ്രധാനമായും മത്സരിക്കുക.






