ലക്നൗ: യുവാവ് നൽകിയ ക്വട്ടേഷൻ അനുസരിച്ച് കാമുകിയുടെ ഭർത്താവിനെയും അച്ഛനെയും കൊല്ലാൻ പോയ സംഘത്തിന് ആളുമാറി. ടാക്സി ഡ്രൈവറായ മറ്റൊരാളെയാണ് സംഘം കൊലപ്പെടുത്തിയത്. കാര്യമായ തെളിവുകളില്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് യുവാക്കൾ പിടിയിലാവുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനും പിന്നിലുള്ള കഥയും വ്യക്തമായത്.
ഡിസംബർ 30നാണ് മുഹമ്മദ് റിസ്‍വാൻ എന്നയാളുടെ മൃതദേഹം ഉത്തർപ്രദേശിലെ ലക്നൗവിൽ കണ്ടെടുത്തത്. കേസിൽ പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ മൂന്ന് പേർ പിടിയിലായി. അഫ്താബ് അഹ്മദ്. യാസിർ, കൃഷ്ണകാന്ത് എന്നിവരാണ് അറസ്റ്റിലായത്.
Also Read: കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ
അഫ്താബിന്റെ കാമുകിയുടെ അച്ഛനെയും ഭർത്താവിനെയും കൊല്ലണമെന്ന് യാസിറിനോട് പറയുകയായിരുന്നു. യാസിർ കൃഷ്ണകാന്തിനെക്കൂടി സഹായത്തിന് വിളിച്ചു. ഡിസംബർ 30ന് കൊലപാതകം നടത്താൻ ഇറങ്ങിയ ഇവർ പക്ഷേ ആളുമാറി കൊലപ്പെടുത്തിയത് മുഹമ്മദ് റിസ്‍വാനെയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരും പിടിയിലായി. ഇവരിൽ നിന്ന് നാടൻ തോക്കും 14 വെടിയുണ്ടകളും മൂന്ന് മൊബൈൽ ഫോണുകളും കൊല നടത്തുമ്പോൾ ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഒരു തെളിവും അവശേഷിപ്പിക്കാതിരുന്ന കേസിൽ വിദഗ്ധമായ അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.