ദക്ഷിണ – ഉത്തര കൊറിയൻ അതിർത്തി സംഘർഷം പുകയുന്നതിനിടെ ഉത്തര കൊറിയയിൽ ഇപ്പോൾ ആഭ്യന്തര കലഹം ആളികത്തുകയാണ്. രാഷ്ട്രീയ അപലപനത്തോടൊപ്പം വൻ പ്രതിഷേധത്തിനും കാരണമായ, ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സൈനിക നിയമം ചുമത്താനുള്ള ഹ്രസ്വകാല നീക്കം ഒടുവിൽ കലാശിച്ചിരിക്കുന്നത് പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ തന്നെ രാജിക്കായുള്ള മുറവിളിയിലാണ്. ദക്ഷിണ കൊറിയയിൽ നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സൈനിക നിയമം ഏർപ്പെടുത്തുന്നത്.
ചൊവ്വാഴ്ച രാത്രി വൈടിഎൻ ടെലിവിഷനിൽ നടത്തിയ അടിയന്തര ദേശീയ പ്രസംഗത്തിൽ “നാണംകെട്ട ഉത്തര കൊറിയൻ അനുകൂല രാഷ്ട്ര വിരുദ്ധ ശക്തികളെ” ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യിയോൾ രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തിയെന്നായിരുന്നു യിയോൾ പറഞ്ഞത്. സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്നും ഇത് ചെറുക്കാനായി പട്ടാള ഭരണം നടപ്പാക്കണമെന്നുമായിരുന്നു യൂൻ സുക് യിയോളിനെ വാദം. എന്നാൽ അവിടം മുതൽ കാര്യങ്ങളുടെ ഗതി തിരിഞ്ഞത് മറ്റൊരു വഴിക്കാണ്.
Also Read: ഫ്രഞ്ച് സർക്കാർ വീഴ്ച്ചയിലേക്ക്, ഇമ്മാനുവൽ മാക്രോണിന് മുന്നിൽ ഇനിയെന്ത്?

പട്ടാളനിയമ പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു. പിന്നാലെ ഉണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കിടെ സൈനിക ഭരണം നിരസിച്ച് പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതു. പ്രതിഷേധം സങ്കീർണമായതോടെ ഗത്യന്തരമില്ലാതെ വന്ന യൂനിന് നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിൽ തന്നെ പട്ടാള നിയമം പിൻവലിക്കേണ്ടതായി വന്നു. സർവ്വരെയും ഞെട്ടിച്ച ആ പ്രഖ്യാപനവും, തുടർന്നുള്ള പിൻവലിക്കലുമെല്ലാം 2022-ൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട യാഥാസ്ഥിതിക രാഷ്ട്രീയക്കാരനും മുൻ സ്റ്റാർ പബ്ലിക് പ്രോസിക്യൂട്ടറുമായ യൂണിൻ്റെ ഭാവി അക്ഷരാർത്ഥത്തിൽ അപകടത്തിലാക്കിയിരിക്കുകയാണ്.
ഉടൻ പുറത്തുപോകുക അല്ലെങ്കിൽ ഇംപീച്ച്മെൻ്റ് നേരിടുക…
“വിപ്ലവ” ശ്രമത്തെത്തുടർന്ന് അമർഷം കനക്കുന്ന 300 സീറ്റുകളുള്ള ദക്ഷിണ കൊറിയൻ പാർലമെൻ്റിൽ, ഭൂരിപക്ഷമുള്ള പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് പദവിയിൽ നിന്ന് യൂൻ സുക് യിയോൾ ഉടൻ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അല്ലാത്തപക്ഷം ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസൃതമായി അവർ യൂനിനെതിരെ ഉടൻ തന്നെ ഇംപീച്ച്മെൻ്റ് നടപടികൾ ആരംഭിക്കും.

പ്രസിഡൻ്റ് യൂൻ സുക് യിയോളിൻ്റെ സൈനിക നിയമ പ്രഖ്യാപനം യഥാർത്ഥത്തിൽ മണ്ടത്തരമാണെന്ന് മാത്രമല്ല ഭരണഘടനയുടെ വ്യക്തമായ ലംഘനം കൂടിയാണ്. കൂടാതെ അത്തരമൊരു പ്രഖ്യാപനത്തിൽ പാലിക്കേണ്ട വ്യവസ്ഥകളൊന്നും തന്നെ അദ്ദേഹം പാലിച്ചിട്ടുമില്ല. ഇത് ഒരു വലിയ കലാപത്തിലേക്കാണ് രാജ്യത്തെ നയിച്ചിരിക്കുന്നത്, ആയതിനാൽ അദ്ദേഹത്തിൻ്റെ ഇംപീച്ച്‌മെൻ്റ് എന്ത് കൊണ്ടും അനിവാര്യമാണ് എന്നാണ് ഡെമോക്രാറ്റിക് പാർട്ടി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
Also Read: 60,000 യുക്രെയ്ൻ സൈനികർ സേനവിട്ടു, റഷ്യൻ മുന്നേറ്റത്തിനു മുന്നിൽ അടിപതറി യുക്രെയ്ൻ
എന്തിനേറെ യൂനിന്റെ സ്വന്തം ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി നേതാവ് ഹാൻ ഡോങ്-ഹൂൺ പോലും ഈ നടപടിയെ “ദുരന്തം” എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ഇതിൽ ഉൾപ്പെട്ടവരെ ഉത്തരവാദിത്തത്തോടെ സമീപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കുട നിർമ്മാണ തൊഴിലാളി യൂണിയനും യൂൻ രാജിവയ്ക്കുന്നത് വരെ അനിശ്ചിതകാല പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ യൂനിനായി പ്രവർത്തിക്കുന്ന മുതിർന്ന സഹായികൾ സൈനിക നിയമ പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടത്തോടെ രാജിവയ്ക്കാൻ തീരുമാനിച്ചതായും യോൻഹാപ്പിൻ്റെ ഒരു റിപ്പോർട്ടിൽ പറയുന്നു.

രാജ്യദ്രോഹക്കുറ്റം
യൂനിനെ ഇംപീച്ച് ചെയ്യാനും രാജ്യദ്രോഹം കുറ്റം ചുമത്താനും ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രിക്കും സുരക്ഷാ മന്ത്രിക്കുമെതിരെ കേസെടുക്കണമെന്നുമാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ആവശ്യം. ഈ സാഹചര്യത്തിൽ യൂനിനെ ഇംപീച്ച് ചെയ്യാൻ ദക്ഷിണ കൊറിയൻ പാർലമെൻ്റ് വോട്ട് ചെയ്താൽ പിന്നീട് എന്താണ് സംഭവിക്കാൻ പോകുക എന്നതിൽ ലോകം ആകാംക്ഷയിലാണ്. ആകെ മൊത്തം 300 സീറ്റുകളുള്ള ദക്ഷിണ കൊറിയൻ പാർലമെൻ്റിൽ 192 സീറ്റുകളും നിയന്ത്രിക്കുന്നത് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ്.
Also Read: ജോർജ്ജിയ പുകയുന്നു, ഭയപ്പാടിൽ ബാൾട്ടിക് രാജ്യങ്ങൾ
ഈ സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ സ്വന്തം പാർട്ടിയിൽ നിന്നുള്ള ചില നിയമനിർമ്മാതാക്കൾ കൂടി പ്രതിപക്ഷ ആഹ്വാനത്തിൽ പങ്കു ചേർന്നാൽ അത് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ അവരെ സഹായിക്കും. ഇപ്രകാരം യൂനിനെ ഇംപീച്ച് ചെയ്യാൻ ദേശീയ അസംബ്ലി വോട്ടുചെയ്യുകയാണെങ്കിൽ, ഭരണഘടനാ കോടതിയിലെ ഒമ്പത് ജഡ്ജിമാരിൽ ആറ് പേരെങ്കിലും തീരുമാനം ശരിവെക്കണം. അധികാരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയാണെങ്കിൽ, രാജ്യം ജനാധിപത്യ രാജ്യമായതിന് ശേഷം ആ വിധി നേരിടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയൻ പ്രസിഡൻ്റായി യൂൻ മാറും. 2017ൽ പാർക്ക് ഗ്യൂൻ ഹൈയെ നീക്കം ചെയ്തതും ഇപ്രകാരമാണ്.
എന്തുകൊണ്ടാണ് യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്?
വടക്കൻ രാജ്യങ്ങളുടെയും, ആണവായുധ ഭീഷണി ഉയർത്തുന്ന ഉത്തര കൊറിയയുമായി സാങ്കേതികമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് യൂനിന്റെ ഈ നീക്കം.
“നമ്മുടെ ദേശീയ അസംബ്ലി കുറ്റവാളികളുടെ സങ്കേതമായി മാറിയിരിക്കുന്നു, നിയമനിർമ്മാണ സ്വേച്ഛാധിപത്യത്തിൻ്റെ ഒരു ഗുഹയായി, അത് ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളെ സ്തംഭിപ്പിക്കാനും നമ്മുടെ ലിബറൽ ജനാധിപത്യക്രമത്തെ അട്ടിമറിക്കാനും ശ്രമിക്കുന്നു,” എന്നാണ് സൈനിക നിയമ പ്രഖ്യാപനത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞത്. ദക്ഷിണ കൊറിയൻ ഡെമോക്രാറ്റിക് പാർട്ടിയെ അദ്ദേഹം “ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശിക്കുന്ന രാജ്യവിരുദ്ധ ശക്തികൾ” എന്ന് മുദ്രകുത്തിയത്.
Also Read: യു.എന്‍ അമേരിക്കയുടെ കൈയിലെ കളിപ്പാവ; വ്യക്തമായ തെളിവ് നല്‍കി റഷ്യ
യൂനിന്റെ പിൻവാങ്ങൽ
190 നിയമനിർമ്മാതാക്കൾ തൻ്റെ പ്രഖ്യാപനത്തെ എതിർത്ത് വോട്ട് ചെയ്തതിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ യൂനിന് പട്ടാള നിയമം ഏർപ്പെടുത്തുന്നത് റദ്ദാക്കേണ്ടി വന്നു. ഭരണഘടനയനുസരിച്ച്, പാർലമെൻ്റിൽ ഭൂരിപക്ഷം ആവശ്യപ്പെടുമ്പോൾ പട്ടാള നിയമം എടുത്തുകളയണം എന്നാണ് നിയമം.