ശൈലജ ടീച്ചർക്കെതിരായ കടന്നാക്രമണം കാണുമ്പോൾ, തനിക്ക് എതിരെ നടക്കുന്നത് ഒന്നുമല്ലന്ന് ചിന്ത ജെറോം

ശൈലജ ടീച്ചർക്കെതിരായ കടന്നാക്രമണം കാണുമ്പോൾ, തനിക്ക് എതിരെ നടക്കുന്നത് ഒന്നുമല്ലന്ന് ചിന്ത ജെറോം

ബിജെപി സംഘപരിവാര്‍ സംഘടനയല്ലന്ന് പറഞ്ഞയാളാണ് കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെന്ന് സിപിഎം നേതാവ് ചിന്ത ജെറോം. നിലപാടുകള്‍ പണയപ്പെടുത്തികൊണ്ടാണ് പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ ഒപ്പം ഉച്ചവിരുന്നില്‍ പങ്കെടുത്തതെന്നും ചിന്ത ജെറോം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് പറഞ്ഞ ചിന്ത, കെ.സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിലവില്‍ കോണ്‍ഗ്രസ് ആണെന്ന് മാത്രമേ പറയുന്നുള്ളുവെന്നും ചൂണ്ടികാട്ടി. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ചിന്ത പ്രതികരിച്ചു.

എക്സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക

കൊല്ലത്തെ ഇടതുപക്ഷത്തിൻ്റെ വിജയ പ്രതീക്ഷ എത്രത്തോളമാണ് ?

ഞങ്ങൾ നൂറു ശതമാനം വിജയിക്കും എന്ന ആത്മവിശ്വാസത്തിലാണ്, കാരണം ഇലക്ഷൻ തീരുമാനിക്കുന്നതിന് ഒരുമാസം മുന്നേ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. അത് കഴിഞ്ഞ് തീയതി വരുന്നതിന് മുന്നേ ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അന്ന് മുതൽ വളരെ സജീവമായി പ്രവർത്തകർ രംഗത്തുണ്ട്. ഇടത്പക്ഷ ജനാതിപത്യ മുന്നണിയുടെ പ്രവർത്തകർ നൂറു ശതമാനം ആത്മവിശ്വാസത്തിൽ നിൽക്കുന്ന സമയമാണിത്. കാരണം ഞങ്ങളുടെ സ്ഥാനാർത്ഥിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാലങ്ങളായി ഒരു കലാകാരൻ എന്ന നിലയിൽ കൊല്ലത്തിന്റെ ബ്രാൻഡ് അംബാസിഡറായി പ്രവർത്തിക്കുന്ന വ്യക്തി ആണല്ലോ ശ്രീ എം മുകേഷ്. കൂടാതെ തന്നെ ഏഴര വർഷക്കാലമായി അദ്ദേഹം കൊല്ലത്തിന്റെ പ്രിയപ്പെട്ട എംഎൽഎ ആണ്. ഒരുപാട് വികസനം നടത്തിയ എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തോട് വലിയ ഇഷ്ട്ടം കൊല്ലം നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് ഉണ്ട്. ഈ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമായിത് മാറും. അത്കൊണ്ട് വിജയത്തിന്റെ എല്ലാ പ്രതീക്ഷകളും ഞങ്ങൾക്കുണ്ട്.

സ്ത്രീ വോട്ടർമാരുടെ നിലപാട് ആർക്ക് അനുകൂലമാകുമെന്നാണ് തോന്നുന്നത് ?

ഞാൻ മുകേഷ് സഖാവിന്റെ പ്രചരണ പരിപാടികളിൽ ചില ഇടത്ത് കൂടെ പോവുകയുണ്ടായി. അവിടെ ഏറ്റവും ശ്രദ്ധേയമായി തോന്നിയ കാര്യം സ്ത്രീ വോട്ടർമാർ കൂടുതലായി അദ്ദേഹത്തെ കാണുകയും സ്വീകരണ സ്ഥലങ്ങളിലേക്ക് എത്തുകയും ചെയ്യുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സ്ഥാനാർത്ഥിക്ക് ഒപ്പം പോവുമ്പോൾ വീടുകൾക്ക് അകത്തു നിന്ന് നോക്കി അനുഗ്രഹം തരുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതാണ് വർഷങ്ങളായി സിനിമയിലൂടെ കണ്ട കലാകാരൻ, വളരെ സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന, ആര്‍ക്കും ഒരു വ്യത്യസ്തമായ അഭിപ്രായം ഇല്ലാത്ത ആളാണല്ലോ, അത് കൊണ്ട് സ്ത്രീകൾ അദ്ദേഹത്തെ കാണുന്നു, സമയം ചിലവഴിക്കുന്നു, ചിത്രങ്ങൾ എടുക്കുന്നു. അദ്ദേഹത്തോട് വികസനത്തെ കുറിച്ചുള്ള കാര്യങ്ങൾ പറയുന്നു. കൊല്ലത്തെ നിലവിലെ എംപി യാതൊരുവിധ വികസന പ്രവർത്തനവും ചെയ്തിട്ടില്ല. അത് സ്ത്രീകൾക്കും അമ്മമാർക്കും ഇടയിലും വലിയ ചർച്ചയായിട്ടുണ്ട്. ഇത്തവണ ജയിച്ചു വരണം, ഞങ്ങളുടെ എംപി ആകണമെന്നെല്ലാം വാത്സല്യത്തോടെ പറയുന്നത് ഞങ്ങൾ കാണുന്നുണ്ട്. സ്ത്രീകളും കുട്ടികളും പുതിയ തലമുറയും എല്ലാം ഇടത്പക്ഷത്തിന്റെ സ്ഥാനാർത്ഥിക്കൊപ്പം നിൽക്കും എന്നാണ് ഞങ്ങൾ അനുഭവത്തിലൂടെ മനസിലാക്കിയത്.

ഈ മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം എന്താണ് ?

വികസനം തന്നെയാണ് ഈ മണ്ഡലത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കാരണം പാഴായി പോയ പത്ത് വർഷങ്ങൾ ആയിരുന്നു, ഇവിടെത്തെ കഴിഞ്ഞ രണ്ടു തവണ എംപി ആയ ശ്രീ പ്രേമചന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അദ്ദേഹത്തിന്റേത് എന്ന് അവകാശപ്പെടാൻ ഒരു വികസനവും ഈ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ല. നമ്മുടെ എംഎൽഎ ഇപ്പോഴത്തെ സ്ഥാനാർഥി, അദ്ദേഹം മത്സരിക്കാനായി വരുന്ന സമയത്തു തന്നെ അദ്ദേഹത്തിന്റെ വികസനങ്ങളെ സംബന്ധിച്ച ഒരു വിവരണം നടത്തി. ആയിരത്തി എഴുനൂറ്റി നാല്പത്തി എട്ടു കോടിയുടെ വികസനമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം. അത് പരസ്യപ്പെടുത്തി എന്തൊക്കെയാണെന്ന് പറഞ്ഞു. ആർകെങ്കിലും സംശയം ഉണ്ടെങ്കിൽ എന്റെ കൂടെ വരാം, എന്റെ വാഹനത്തിൽ കൊണ്ട് പോയി ഞാൻ നടത്തിയ വികസനങ്ങൾ തൊട്ടു കാണിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തിന്റെ നിലവിലുള്ള എംപി എന്തൊക്കെയാണ് അദ്ദേഹം ചെയ്തതെന്ന് സോളിഡായി കാണിക്കാൻ കഴിയുന്ന ഒരു കാര്യവും പറഞ്ഞില്ല.

നിരന്തരമായി വികസനം ചർച്ചയായി വന്നപ്പോൾ അദ്ദേഹം ഒരു കടലാസ് കൂട്ടം പുറത്ത് ഇറക്കി. റെയിൽവേ സ്റ്റേഷന് മുൻപിൽ അദ്ദേഹം നിൽക്കുന്നതായുള്ള ഒരു ചിത്രം മാത്രമാണത്. ഈ റെയിൽവേ സ്റ്റേഷൻ ഞാൻ കൊണ്ട് വന്നതാണ്, എന്റെ വികസനത്തിന്റെ ഭാഗമാണ് എന്ന് പറയുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. അതൊരു രസകരമായ കമന്റ് ആയിട്ടാണ് തോന്നുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എംപി എന്ത് പങ്കുവഹിച്ചിട്ടുണ്ട് ? രാജ്യത്ത് ആകെ തിരഞ്ഞെടുക്കപ്പെട്ട ചില റെയിൽവേ സ്റ്റേഷനുകൾ ഇപ്പോൾ പുനരുദ്ധരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനമാണ് അവിടെ നടക്കുന്നത്. ഗവണ്മെന്റ് എന്തിന് അത് പുനരുദ്ധരിക്കുന്നു എന്ന് നോക്കിയാൽ അത് സ്വകാര്യവൽക്കരണത്തിന് വേണ്ടിയാണ്. അത് തന്റേതാണെന്ന് എംപി പറയുകയാണ്. അദ്ദേഹം ഏറ്റവും ഒടുവിൽ പറയുന്നത് അച്ഛൻ കോവിലിൽ ഒരു ബാങ്ക് കൊണ്ടുവന്നു എന്നതാണ്. ഒരു എംപിയുടെ സംഭവനയാണോ ബാങ്ക് ? ഇതൊക്കെ ജനങ്ങളെ കബളിപ്പിച്ചതല്ലേ, പച്ചകള്ളമല്ലേ ? റെയിൽവേ സ്റ്റേഷൻ മാത്രമാണ് അദ്ദേഹം അവകാശപ്പെടുന്നത്. കേന്ദ്രം സ്വീകരിക്കുന്ന വർഗീയ നിലപാടുകളോട് എങ്ങനെയാണ് എംപി പ്രതികരിക്കുന്നത് ? അത് ജനങ്ങൾ നന്നായി ചർച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പലസമയത്തും മോദിയെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. മോദിയുടെ പിആർ ഏജന്റ് ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലത്ത് കോളേജിൽ നിർമല സീതാരാമൻ ഒരു പരുപാടിക്ക് വന്നപ്പോൾ ഇദ്ദേഹം അവരെ സ്വാഗതം ചെയ്തു കൊണ്ട് പറയുന്നത്, നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ടത്രയും കഴിവുള്ള വനിതയാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രി ആയിട്ടുള്ള നിർമല സീതാരാമൻ എന്നാണ്. നിർമല സീതാരാമൻ എന്ന് പറയുമ്പോഴേ മലയാളികൾക്ക് മനസ്സിൽ ഭയമാണ്. കാരണം സാധാരണക്കാർക്ക് കിട്ടുന്ന ക്ഷേമ പെൻഷൻ മുടങ്ങി. ഖജനാവിൽ നിന്ന് കിട്ടണ്ടേ യഥാർത്ഥത്തിലുള്ള വിഹിതം കിട്ടാത്തതുകൊണ്ടാണ്. അതിന് കാരണമായി നിന്നത് നിർമല സീതാരാമനാണ്. അർഹമായ തുക ചോദിക്കുമ്പോഴും നിങ്ങൾ സുപ്രിം കോടതിയിൽ കൊടുത്ത കേസ് പിൻവലിച്ചിട്ട് വരൂ എന്നാണ് പറയുന്നത്. കേരളത്തിലെ ജനങ്ങളോട് ഒരു താല്പര്യവും ഇല്ലാത്ത നേതാവാണ് അദ്ദേഹം.

ബിജെപിയുടെ ഒരു പ്രതിനിധി അവര്‍ അടുത്ത പ്രധാനമന്ത്രിയാവണമെന്ന്് പറയുന്ന, ആഗ്രഹിക്കുന്ന ഒരാള്‍, ഏത് തരത്തിലുള്ള സമീപനമാണ് അദ്ദേഹത്തിന് ഉള്ളത് എന്നാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. സിഎഎ പോലുള്ള വിഷയം വരുമ്പോൾ, ഇത് കേരളത്തിൽ നടപ്പാക്കില്ല, ഭരണഘടന വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ പറയുമ്പോൾ അത് എങ്ങനെ കേരളത്തിന് നടപ്പിക്കാതിരിക്കാൻ കഴിയും എന്ന് തിരിച്ചു ചോദിക്കുകയാണ്. ന്യൂനപക്ഷ ജനങ്ങൾ ഭയാശങ്കയിൽ നിൽക്കുമ്പോൾ ഞങ്ങൾ ഉണ്ട് എന്ന് പറയുന്ന സർക്കാരിന് ഒപ്പം നില്ക്കാൻ ശ്രീ പ്രേമചന്ദ്രൻ തയ്യാറായിട്ടില്ല. ഇതെല്ലം ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. ഉറപ്പായും പ്രേമചന്ദ്രന്റെ വികസന വിരുദ്ധത, വികസനം ഒട്ടും നടത്താത്ത നിലപാട് അതിനെല്ലാം എതിരെയുള്ള വലിയ പ്രതിഷേധം ആയിരിക്കും ഈ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ടിന്റെ റിസൾട്ട് ആയി വരാൻ പോവുന്നത്.

കൊല്ലം എം.പി പ്രേമചന്ദ്രൻ, പ്രധാനമന്ത്രിയുടെ ഒപ്പം ഉച്ചവിരുന്നിൽ പങ്കെടുത്തതിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

മുകേഷ് സഖാവ് തന്നെ അത് പറഞ്ഞു. ഓരോരുത്തരുടെയും അഭിപ്രായവും താല്പര്യവുമാണത്. നിങ്ങൾ എന്ത് ചെയ്യണം എന്നുള്ളത്, വെറുതെ ഒരു ഭക്ഷണം കഴിച്ചു പോരുക മാത്രമല്ല അദ്ദേഹം ചെയ്തത്. അദ്ദേഹം അതിനെ വിശേഷിപ്പിച്ചു കൊണ്ട് നടത്തിയ പരാമർശം തന്നെ നമുക്ക് അത്ഭുതം തോന്നും. കാരണം അദ്ദേഹം പ്രതിധാനം ചെയ്യുന്ന പാർട്ടിയുടെ പേര് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എന്നാണ്. പക്ഷെ അദ്ദേഹം അങ്ങേ അറ്റം പ്രതിലോമകരമായ സ്റ്റാൻഡ് എടുക്കുന്നു. ഗുജറാത്ത് കലാപത്തിന് കാരണം ആയിട്ടുള്ള വ്യക്തി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇത്രയും വേട്ടയാടുന്ന വ്യക്തി സദ്യക്ക് ക്ഷണിക്കുമ്പോൾ നിലപാടുകൾ പണയപെടുത്തികൊണ്ട് അദ്ദേഹം ഒരു ഡിസിഷൻ എടുക്കുന്നു. ചോദ്യം ചോദിക്കുമ്പോൾ പറയുന്നു ബിജെപി ഒരു സങ്കപരിവാർ സംഘടനയല്ല. ജനങ്ങൾ ഞെട്ടലോടുകൂടിയാണ് കേൾക്കുന്നത്. മോദി ആയാലും അമിത് ഷാ ആയാലും ഇവർ എല്ലാം തന്നെ സങ്കപരിവാറിന്റെ നേതൃത്വമായി നിൽക്കുന്നവരാണ്. ആർഎസ്എസ്ന്റെ പ്രതിനിധികൾ ആയിട്ടുള്ളവരാണ് ബിജെപിയുടെ കോറൽ ലീഡർഷിപ്പ് ആയി നിൽക്കുന്നത്. അതൊന്നും അറിയാത്ത ആളല്ലല്ലോ ശ്രീ പ്രേമചന്ദ്രൻ. അദ്ദേഹം ഇതിനെയെല്ലാം സപ്പോർട്ട് ചെയ്യുന്നു എന്നാണ് ഇതിന്റെ അർഥം. അദ്ദേഹത്തിന്റെ മനസ്സിൽ വല്ലാത്ത ഒരു ചാഞ്ചാട്ടം ഉണ്ട് അത് പ്രകടമായി തന്നെ ജനങ്ങൾ മനസിലാക്കുന്നു. അദ്ദേഹം പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും രണ്ട് നിലയിലേക്ക് പോവുകയാണ്. കുണ്ടറയിൽ ഒരു യോഗത്തിൽ അദ്ദേഹം പ്രസംഗിച്ചത് പൂർണമായും കേന്ദ്രത്തെ അനുകൂലിച്ചാണ്. അത് അദ്ദേഹത്തിന്റെ ഒരു സ്റ്റാണ്ടാണ് അദ്ദേഹം ഭക്ഷണം കഴിക്കാൻ പോയ സംഭവത്തിലും കാണാൻ കഴിയുന്നത്.

ചിന്തയെ കോൺഗ്രസ്സ് ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നുണ്ടോ ?

എന്റെ രാഷ്ട്രീയ നിലപാടിനോട് വ്യത്യസ്ത അഭിപ്രയം ഉള്ളവർ വിമർശിക്കാറുണ്ട്. വിമർശങ്ങൾ പലതരത്തിൽ ഉണ്ടല്ലോ ? ചിലർ നിലപാടുകൾക്ക് അകത്തു വ്യത്യസ്ത അഭിപ്രായങ്ങൾ പറയും. അത് സ്വാഗതാർഹമാണ്. അവർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം ഈ രാജ്യത്തുണ്ട്. വസ്തുതകളും യാഥാർഥ്യങ്ങളും മനസ്സിലാക്കുമ്പോൾ അവർ ഇടത്പക്ഷമാണ് ശരിയെന്ന് മനസിലാകും. ഞങ്ങൾ ഇപ്പോൾ ഉയർത്തി പിടിക്കുന്ന നിലപാടുകൾക്ക് ഒപ്പം വരും. അത് കൊണ്ട് ആ വിമർശനങ്ങൾക്ക് മറ്റൊരു മാനം നൽകേണ്ടതില്ല. സ്ത്രീകൾക്ക് നേരെ ഉണ്ടാവുന്ന കമന്റുകളും അധിക്ഷേപങ്ങളും നമുക്കറിയാം. ഒരു പ്രതിസന്ധിയിൽ ലോകം തന്നെ ആദരിച്ച, മതവും രാഷ്ട്രിയവും നോക്കാതെ എല്ലാവരും വളരെ അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആശ്രയിക്കുകയും ചെയ്ത നമ്മുടെ ടീച്ചറമ്മ, പ്രിയപ്പെട്ട ശൈലജ ടീച്ചർക്ക് നേരെ പോലും ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഗാന്ധിയെ കൊലപ്പെടുത്തിയ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൊലപാതക ശൈലി തുടരും.

ഗാന്ധിയെ കൊന്നവർ ആരെയും കൊല്ലും. അത് പോലെ തന്നെയാണ് അമ്മമാരും സഹോദരിമാരും കുഞ്ഞുങ്ങളും സഹോദരന്മാരും ശൈലജ ടീച്ചറെ കണ്ടത്. ഏതെങ്കിലും ഒരു കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അല്ല. ആ സമയത്ത് ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ബഹുമാനപെട്ട മുഖ്യമന്ത്രി നൽകുന്ന നിർദേശങ്ങൾ എല്ലാം കൃത്യമായി നടപ്പാക്കികൊണ്ട് ആരോഗ്യ വകുപ്പിനെ മുന്നോട്ട് കൊണ്ടുപോയ, അന്തർദേശിയ മാധ്യമങ്ങൾ വരെ അവരുടെ നിലപാടിനും ധൈര്യത്തിനും കയ്യടിച്ചു. ആ ഒരു വ്യക്തിയെ പോലും അങ്ങേ അറ്റം മ്ലേച്ഛമായ രീതിയിൽ അധിക്ഷേപിക്കാനുള്ള ശ്രമം കാണുമ്പോൾ നമുക്ക് നേരെയുള്ള അറ്റാക്ക് ഒന്നും വലിയ കാര്യമായി തോന്നില്ല. ഞാന്‍ ചെറുപ്പം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. എതിർ അഭിപ്രായ മുള്ളവർ വിമർശിക്കാറുണ്ട് അതിനെ ഞാൻ ഒന്നും ഗൗരവകരമായ കാണാറില്ല. പ്രവർത്തകർ അന്നും ഇന്നും എന്നും ടാർഗറ്റ് ചെയ്തിട്ടുണ്ട്. നാളെയും ഇടത്പക്ഷ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ തുടരും. ഇതെല്ലം ഫേസ് ചെയ്യാൻ തയ്യാറായി തന്നെയാണ് ജനങ്ങൾക് ഇടയിൽ പ്രവർത്തിക്കുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top