അമേരിക്കയുടെ ഉറക്കം കെടുത്താൻ കടലിനടിയിൽ ചൈനയുടെ നീക്കം! ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടത് എന്ത്; മനുഷ്യരില്ലാത്ത അന്തർവാഹിനിയിൽ മിസൈൽ ശേഖരമോ?

കടലിനടിയിൽ ഒളിഞ്ഞുനീങ്ങുന്ന ഒരു ചെറിയ പ്ലാറ്റ്‌ഫോമിന് ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളെ പോലും ഭീഷണിപ്പെടുത്താൻ കഴിയുമെന്ന സാധ്യതയാണ് ഈ കണ്ടെത്തലിനെ ശ്രദ്ധേയമാക്കുന്നത്

അമേരിക്കയുടെ ഉറക്കം കെടുത്താൻ കടലിനടിയിൽ ചൈനയുടെ നീക്കം! ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടത് എന്ത്; മനുഷ്യരില്ലാത്ത അന്തർവാഹിനിയിൽ മിസൈൽ ശേഖരമോ?
അമേരിക്കയുടെ ഉറക്കം കെടുത്താൻ കടലിനടിയിൽ ചൈനയുടെ നീക്കം! ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടത് എന്ത്; മനുഷ്യരില്ലാത്ത അന്തർവാഹിനിയിൽ മിസൈൽ ശേഖരമോ?

അമേരിക്കൻ നാവികസേനയുടെ ഉറക്കം കെടുത്തിക്കൊണ്ട് സമുദ്രമധ്യത്തിൽ ഒരു പുതിയ അദൃശ്യ ശക്തി രൂപപ്പെടുന്നു… കടലിന്റെ അടിത്തട്ടിൽ ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ച് നിശബ്ദമായി നീങ്ങുന്ന, മനുഷ്യസാന്നിധ്യമില്ലാതെ പൂർണ്ണമായും സ്വയംനിയന്ത്രിതമായി പ്രവർത്തിക്കാൻ ശേഷിയുള്ള, മൂന്ന് ഹള്ളുകളുള്ള ഒരു വിപ്ലവകരമായ രഹസ്യ അന്തർവാഹിനിയെയാണ് ചൈനീസ് പടക്കളത്തിൽ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ഹള്ളുകൾ ചേർന്നുള്ള ഇതിന്റെ വിചിത്രമായ ഘടന, കടലിനടിയിലൂടെയുള്ള സഞ്ചാരത്തിനൊപ്പം തന്നെ ജലോപരിതലത്തിൽ ഉയർന്നുനിന്ന് മിസൈലുകൾ വിക്ഷേപിക്കാൻ അസാധാരണമായ സ്ഥിരത നൽകുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത ലോഞ്ച് ട്യൂബുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്നത് അഞ്ചോ പത്തോ അല്ല, മറിച്ച് 16 മുതൽ 18 വരെ ഹൈപ്പർസോണിക് മിസൈലുകളാണ്. ആയിരക്കണക്കിന് കിലോമീറ്റർ ദൂരം നിമിഷനേരം കൊണ്ട് താണ്ടാൻ കഴിവുള്ള YJ-20 പോലുള്ള അതിമാരക ഹൈപ്പർസോണിക് ആയുധങ്ങളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനങ്ങൾ. ശബ്ദത്തേക്കാൾ പലമടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈലുകൾ ഒരേസമയം ശത്രുവിന്റെ നേരെ വർഷിക്കാൻ കഴിഞ്ഞാൽ, അമേരിക്കയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ വ്യൂഹങ്ങൾക്ക് അത് പേടിസ്വപ്നമായി മാറും

ഇന്തോ-പസഫിക് മേഖലയിൽ അമേരിക്കയും ചൈനയും തമ്മിലുള്ള സൈനിക മത്സരത്തിന് പുതിയൊരു മാനം നൽകുന്നതാണ് ഈ കണ്ടെത്തൽ. തായ്‌വാൻ കടലിടുക്ക്, ദക്ഷിണ ചൈനാക്കടൽ, പടിഞ്ഞാറൻ പസഫിക് സമുദ്രമേഖലകൾ എന്നിവിടങ്ങളിൽ ഇരുരാജ്യങ്ങളും തങ്ങളുടെ നാവിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനിടെയാണ് ചൈനയുടെ പുതിയ അന്തർവാഹിനിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വിമാനവാഹിനിക്കപ്പലുകളും അത്യാധുനിക യുദ്ധക്കപ്പലുകളും ഉൾപ്പെടുന്ന അമേരിക്കൻ നാവികവ്യൂഹങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ചൈന ദീർഘകാലമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനും വലിയ തോതിൽ മിസൈലുകൾ വഹിക്കാനും കഴിയുന്ന പുതിയൊരു പ്ലാറ്റ്‌ഫോം ചൈനയുടെ നാവിക തന്ത്രത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തൽ.

പ്രതിരോധ വാർത്താ വെബ്‌സൈറ്റായ നേവൽ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ചൈനയിലെ ഹുലുദാവോ മേഖലയിൽ അസാധാരണ രൂപത്തിലുള്ള അന്തർവാഹിനിയെ തിരിച്ചറിഞ്ഞത്. ചൈനയുടെ പ്രധാന നാവിക നിർമാണ കേന്ദ്രങ്ങളിലൊന്നായ ഹുലുദാവോയിൽ ഈ കപ്പൽ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നതായാണ് കരുതപ്പെടുന്നത്. എന്നാൽ ചൈനീസ് അധികൃതർ ഇതിന്റെ യഥാർഥ ഉദ്ദേശ്യം, സാങ്കേതിക ശേഷി, ആയുധ വിന്യാസം എന്നിവയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിനാൽ നിലവിൽ ലഭ്യമായ വിവരങ്ങളിൽ ഭൂരിഭാഗവും ഉപഗ്രഹ ചിത്രങ്ങളുടെയും കപ്പലിന്റെ രൂപകൽപ്പനയുടെയും അടിസ്ഥാനത്തിൽ പ്രതിരോധ വിദഗ്ധർ നടത്തിയ വിലയിരുത്തലുകളാണ്.

ഈ അന്തർവാഹിനിയെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ അസാധാരണമായ ഘടനയാണ്. സാധാരണ അന്തർവാഹിനികൾക്ക് നീളമേറിയ ഒരു പ്രധാന ഹള്ളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ചൈനയുടെ പുതിയ പ്ലാറ്റ്‌ഫോമിന് നടുവിൽ ഒരു വലിയ ഹള്ളും അതിന്റെ പിൻഭാഗത്തോട് ചേർന്ന് ഇരുവശങ്ങളിലായി രണ്ട് ചെറിയ സഹായ ഹള്ളുകളുമുണ്ട്. മൂന്ന് ഹള്ളുകളുള്ളതിനാലാണ് ഇതിനെ ട്രൈമാരൻ അന്തർവാഹിനിയെന്ന് വിശേഷിപ്പിക്കുന്നത്. സമുദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന ചില കപ്പലുകളിൽ ട്രൈമാരൻ രൂപകൽപ്പന ഉപയോഗിക്കാറുണ്ടെങ്കിലും അന്തർവാഹിനികളിൽ ഇത്തരമൊരു സംവിധാനം അപൂർവമാണ്.

ഈ രൂപകൽപ്പനയ്ക്ക് പിന്നിൽ മിസൈൽ വിക്ഷേപണവുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യങ്ങളുണ്ടാകാമെന്നാണ് വിദഗ്ധരുടെ നിഗമനം. അന്തർവാഹിനിയുടെ പ്രധാന ഹള്ളിൽ രണ്ട് വലിയ ആയുധ സംഭരണ അറകളുണ്ടെന്നാണ് റിപ്പോർട്ട്. ഈ അറകളിൽ മിസൈൽ വിക്ഷേപണ ട്യൂബുകൾ സാധാരണ രീതിയിൽ ലംബമായി സ്ഥാപിക്കുന്നതിനുപകരം തിരശ്ചീനമായി സൂക്ഷിക്കുന്ന സംവിധാനമായിരിക്കാം ഉപയോഗിക്കുന്നത്. വിക്ഷേപണ സമയത്ത് ഈ ട്യൂബുകൾ ഉയർത്തി ലംബമായി സ്ഥാപിക്കേണ്ടിവരും. അത്തരമൊരു ഘട്ടത്തിൽ കപ്പലിന്റെ ഭാരം വിതരണം ചെയ്യുന്നതിനും ജലോപരിതലത്തിൽ സ്ഥിരത നിലനിർത്തുന്നതിനും ഇരുവശങ്ങളിലുമുള്ള സഹായ ഹള്ളുകൾ പ്രയോജനപ്പെട്ടേക്കാം.

നേവൽ ന്യൂസിന്റെ പ്രാഥമിക വിലയിരുത്തൽ പ്രകാരം, അന്തർവാഹിനിയിൽ കുറഞ്ഞത് എട്ട് മിസൈൽ വിക്ഷേപണ ട്യൂബുകളെങ്കിലും ഉണ്ടായിരിക്കാം. എന്നാൽ രണ്ട് ആയുധ അറകൾക്കും ഒരേ ഘടനയാണെങ്കിൽ ആകെ ശേഷി 16 മുതൽ 18 വരെ ഉയരാനിടയുണ്ട്. അതേസമയം, ഈ എണ്ണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്ന ഘടനകളുടെ വലുപ്പവും ക്രമീകരണവും അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്തർവാഹിനിക്ക് യഥാർഥത്തിൽ എത്ര മിസൈലുകൾ വഹിക്കാൻ കഴിയുമെന്നത് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ വ്യക്തമാകില്ല.

പുതിയ ചൈനീസ് അന്തർവാഹിനിയുടെ പ്രവർത്തനരീതിയും പരമ്പരാഗത അന്തർവാഹിനികളിൽനിന്ന് വ്യത്യസ്തമായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ആധുനിക മിസൈൽ അന്തർവാഹിനികൾക്ക് വെള്ളത്തിനടിയിൽനിന്നുതന്നെ മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ട്. എന്നാൽ ഈ ട്രൈമാരൻ പ്ലാറ്റ്‌ഫോമിന് മിസൈലുകൾ വിക്ഷേപിക്കാൻ ജലോപരിതലത്തിലേക്ക് ഉയരേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനുശേഷം ആയുധ അറകളുടെ വാതിലുകൾ തുറന്ന് വിക്ഷേപണ ട്യൂബുകൾ ലംബമായി ഉയർത്തുന്ന സംവിധാനമായിരിക്കാം ഉപയോഗിക്കുന്നത്.

എന്നാൽ ചൈനയുടെ സമീപപ്രദേശങ്ങളിലേക്ക് ഇത്തരം നാവികസംഘങ്ങൾ പ്രവേശിക്കുന്നത് കൂടുതൽ അപകടസാധ്യതയുള്ളതാക്കുക എന്നതാണ് ചൈനയുടെ ആന്റി-ആക്സസ്/ഏരിയ ഡിനയൽ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യം. കരയിൽനിന്ന് വിക്ഷേപിക്കുന്ന ദീർഘദൂര മിസൈലുകൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ചൈന ഈ ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നത്. വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന പുതിയ മിസൈൽ പ്ലാറ്റ്‌ഫോം ഈ പ്രതിരോധ ശൃംഖലയിൽ ഉൾപ്പെട്ടാൽ അമേരിക്കൻ നാവികസേനയ്ക്ക് നിരീക്ഷിക്കേണ്ട ഭീഷണികളുടെ സ്വഭാവം കൂടുതൽ സങ്കീർണമാകാം.

എങ്കിലും കടലിനടിയിൽ ഒളിഞ്ഞുനീങ്ങുന്ന ഒരു ചെറിയ പ്ലാറ്റ്‌ഫോമിന് ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളെ പോലും ഭീഷണിപ്പെടുത്താൻ കഴിയുമെന്ന സാധ്യതയാണ് ഈ കണ്ടെത്തലിനെ ശ്രദ്ധേയമാക്കുന്നത്. അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ ആക്രമണസംഘങ്ങൾക്ക് ഇത് യഥാർഥ ഭീഷണിയായി മാറുമോ, അതോ പരീക്ഷണഘട്ടത്തിൽ ഒതുങ്ങുന്ന ഒരു സൈനിക പദ്ധതിയായി അവസാനിക്കുമോ എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ചൈനയുടെ രഹസ്യ അന്തർവാഹിനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ഇന്തോ-പസഫിക് മേഖലയിലെ നാവികശക്തികളുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കും പുതിയ ദിശ ലഭിച്ചേക്കും.

വീഡിയോ കാണാം…

Share Email
Top