ചൈനയുടെ ‘രഹസ്യ സഹായം’ ഇറാന്? സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയെന്ന് അമേരിക്ക..!

അമേരിക്കയുടെ ആരോപണം ചൈന പൂർണമായി തള്ളുകയാണ്

ചൈനയുടെ ‘രഹസ്യ സഹായം’ ഇറാന്? സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയെന്ന് അമേരിക്ക..!
ചൈനയുടെ ‘രഹസ്യ സഹായം’ ഇറാന്? സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയെന്ന് അമേരിക്ക..!

ജോർദാനിലെ അതീവ സുരക്ഷിതമായ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നിൽ ചൈനീസ് സ്ഥാപനങ്ങൾ നൽകിയ ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഉണ്ടായിരുന്നെന്ന കണ്ടെത്തലുമായി അമേരിക്ക. കഴിഞ്ഞ ജൂലൈ 17ന് വടക്കുകിഴക്കൻ ജോർദാനിലെ മുവഫാഖ് സാൽതി എയർ ബേസിലെ അമേരിക്കൻ സൈനികരുടെ വിശ്രമമുറികൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഗുരുതരമായി പരുക്കേറ്റ നാലുപേരെ വ്യോമമാർഗം ആശുപത്രിയിലെത്തിക്കുകയും ചെയ്തു. താവളത്തിലുണ്ടായിരുന്ന ചെറുതും വലുതുമായ യുദ്ധവിമാനങ്ങൾക്കും നാശനഷ്ടമുണ്ടായി.

24 മണിക്കൂറിനിടെ മൂന്ന് തവണയാണ് അതീവ സുരക്ഷിതമായ താവളത്തിന് നേരെ മിസൈൽ ആക്രമണമുണ്ടായത്. ഇതിന് ആവശ്യമായ താവളത്തിന്റെ വിവരങ്ങളും ഉപഗ്രഹ ചിത്രങ്ങളും ചൈനീസ് സ്ഥാപനങ്ങൾ ഇറാന് കൈമാറിയെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ. അന്താരാഷ്ട്ര മാധ്യമമായ ദ് വാൾ സ്ട്രീറ്റ് ജേണലാണ് നിർണായക വിവരം പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപ് ഈ വിവരം പുറത്തുവന്നത് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ പുതിയ സംഘർഷത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലിനും ഇടയാക്കിയിട്ടുണ്ട്.

ALSO READ:ട്രംപിന്റെ സമാധാനനീക്കം പാളിയോ? റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇടപെടാൻ മോദിയും ഷിയും! പുട്ടിന്റെ പ്രതികരണം ഇങ്ങനെ…

അമേരിക്കയുടെ ആരോപണം ചൈന പൂർണമായി തള്ളുകയാണ്. ഒരു ചൈനീസ് കമ്പനിയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇറാനുമായുള്ള സഹകരണം രാജ്യാന്തര നിയമങ്ങൾക്കനുസരിച്ചാണെന്നും അമേരിക്കയിലെ ചൈനീസ് എംബസി വ്യക്തമാക്കി. നിലവിലെ സംഘർഷ സാഹചര്യം ഉപയോഗപ്പെടുത്തി ചൈനയെ മനപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംബസി ആരോപിച്ചു.

അതിനിടെ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കഴിഞ്ഞ മാസങ്ങളിൽ കൂടിക്കാഴ്ച നടത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചൈനയുടെ നീക്കങ്ങൾ യുദ്ധത്തിന്റെ ദിശയിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഇറാന്റെ പ്രവർത്തനങ്ങൾക്ക് ചൈനീസ് സഹായത്തിന് പുറമെ ഇറാന്റെ സ്വന്തം ഉപഗ്രഹങ്ങളും റഷ്യ നൽകുന്ന വിവരങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിലെ യുഎസ് നാവിക കപ്പലുകളെ നിരീക്ഷിക്കുന്നതിനും ചൈനയോ റഷ്യയോ ഇറാനെ ഇനിയും സഹായിച്ചേക്കുമെന്ന ആശങ്കയും അമേരിക്കയ്ക്കുണ്ട്.

Share Email
Top