അമേരിക്കൻ ഓഹരികൾ കൂപ്പുകുത്തി, വമ്പന്മാരെ വിറപ്പിച്ച് ചൈനയുടെ ‘ഡീപ് സീക്ക്’ എൻട്രി

ചൈനീസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ഡീപ്‌സീക്കിൻ്റെ അപ്രതീക്ഷിത മുന്നേറ്റം അമേരിക്കയുടെ സാങ്കേതിക വ്യവസായത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എഐ ചിപ്പ് നിർമാതാക്കളായ എൻവീഡിയയുടെ ഓഹരികളിൽ 16 ശതമാവും, ആൽഫബെറ്റിന്റെ ഓഹരി മൂല്യം രണ്ട് ശതമാനവും ഓപ്പൺ എഎയുടെ ഓഹരി മൂല്യം മൂന്ന് ശതമാനവും ആയി ഇടിഞ്ഞപ്പോൾ ഏകദേശം 600 ബില്യൺ ഡോളർ വിപണി മൂല്യമാണ് അമേരിക്കയ്ക്ക് ഒറ്റയടിക്ക് നഷ്ടമായതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ ഓഹരികൾ കൂപ്പുകുത്തി, വമ്പന്മാരെ വിറപ്പിച്ച് ചൈനയുടെ ‘ഡീപ് സീക്ക്’ എൻട്രി
അമേരിക്കൻ ഓഹരികൾ കൂപ്പുകുത്തി, വമ്പന്മാരെ വിറപ്പിച്ച് ചൈനയുടെ ‘ഡീപ് സീക്ക്’ എൻട്രി

ചൈനീസ് എഐ ചാറ്റ്‌ബോട്ട് ഡീപ് സീക്കിന്റെ വരവില്‍ മുട്ടന്‍ പണിയാണ് അമേരിക്കയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. താരിഫ് ഭീഷണി മുഴക്കി ചൈനയെ പേടിപ്പിക്കാനിറങ്ങിയ ട്രംപിന് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയാണ് ചൈനീസ് എഐ ചാറ്റ്‌ബോട്ട് ഡീപ് സീക്ക്. ഏകദേശം 600 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമാണ് അമേരിക്കയ്ക്ക് ഒറ്റയടിക്ക് നഷ്ടമായതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ് സീക്കിന്റെ അപ്രതീക്ഷിത മുന്നേറ്റം അമേരിക്കയുടെ സാങ്കേതിക വ്യവസായത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വീഡിയയുടെ ഓഹരികളില്‍ 16 ശതമാവും ആല്‍ഫബെറ്റിന്റെ ഓഹരി മൂല്യം രണ്ട് ശതമാനവും ഓപ്പണ്‍ എഐയുടെ ഓഹരി മൂല്യം മൂന്ന് ശതമാനവും ആയി ഇടിഞ്ഞപ്പോള്‍ ഇത്രയും രൂപ ഒറ്റയടിക്ക് വെള്ളത്തിലാകുമെന്ന് അമേരിക്ക സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

Also Read: ട്രംപ് ഒഴിവാക്കുമെന്ന് ഭയം, യുക്രെയ്ൻ മണ്ണിൽ നാറ്റോയുടെ പുതിയ നീക്കം

എന്‍വീഡിയയ്ക്ക് പുറമേ ബ്രോഡ്‌കോം, മൈക്രോസോഫ്റ്റ്, ആല്‍ഫാബെറ്റ്, സിസ്‌കോം, ടെസ്ല എന്നിവയുടെ ഓഹരികളിലും വന്‍ ഇടിവുണ്ടായി. പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഡീപ് സീക്ക് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. ലോകവിപണിയെ പോലും പിടിച്ചുലച്ചിരിക്കുകയാണ് ഡീപ് സീക്കിന്റെ എന്‍ട്രിയെന്നാണ് വിലയിരുത്തല്‍. അമേരിക്ക ആസ്ഥാനമായുള്ള എഐ കമ്പനികളെ അപേക്ഷിച്ച് ഡീപ് സീക്ക് കുറഞ്ഞ ചെലവിലാണ് അവതരിപ്പിച്ചതെന്ന കണക്കുകള്‍ പുറത്തുവന്നതാണ് അമേരിക്കന്‍ വിപണിയെ പിടിച്ചുലച്ചത്.

Donald Trump

സാമ്രാജ്യത്വ ശക്തിയായി ലോകത്തെ മുഴുവന്‍ കാല്‍ചുവട്ടിലാക്കാന്‍ കണ്ണില്‍ കണ്ടവരോടൊക്കെ വ്യാപാര യുദ്ധത്തിന് പോര്‍വിളി മുഴക്കിയ ട്രംപിന് കിട്ടിയ ഏറ്റവും പുതിയ മറുപണിയാണിത്. തങ്ങള്‍ക്ക് നേരെ തിരിയുന്നവര്‍ക്കെതിരെ താരിഫ് ഭീഷണി മുഴക്കി വലയിലാക്കാന്‍ മിടുക്കു കാണിച്ച ട്രംപ് ഇതേ അടവോടെ ചൈനയ്ക്ക് നേരെയും തിരിഞ്ഞിരുന്നു. പക്ഷെ ചൈന അതൊന്നും മൈന്‍ഡ് പോലും ചെയ്തിരുന്നില്ല. എന്തായാലും അമേരിക്കന്‍ വിപണിയെ തന്നെ പിടിച്ചു കുലുക്കിയിരിക്കുന്ന ചൈനയുടെ ഈ നീക്കം ട്രംപിനുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. AI പ്ലാറ്റ്ഫോമായ ChatGPT-യെ പിന്തള്ളി ആപ്പിളിന്റെ അമേരിക്കയിലെ ആപ്പ് സ്റ്റോറില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള സൗജന്യ ആപ്ലിക്കേഷനായി മാറിയ ഡീപ്സീക്ക് കുറഞ്ഞ ചിലവുള്ള ചിപ്പുകളും കുറഞ്ഞ ഡാറ്റയുമാണ് ഉപയോഗിക്കുന്നത്. വിപണിയില്‍ എഐയുടെ ആധിപത്യം കാണാന്‍ സാധിക്കുമെന്ന ഊഹാപോഹങ്ങള്‍ വ്യാപകമായി ഉയരുന്നതിനിടയിലാണ് വെല്ലുവിളിയായി ഡീപ്സീക്ക് എത്തുന്നത്.

ഡീപ് സീക്കിന്റെ പെട്ടെന്നുള്ള ആധിപത്യം, മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്ഫോമുകള്‍, ആല്‍ഫബെറ്റ് എന്നിവയുടെയെല്ലാം പല പദ്ധതികളെയും തകിടം മറിച്ചു. ചൈനയിലെ ഹാങ്ഷൗവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ് ഡീപ് സീക്ക്. 2023 ജൂലൈയിലാണ് കമ്പനിയുടെ ഔദ്യോഗിക തുടക്കമെങ്കിലും ജനുവരി പത്തിന് ഡീപ് സീക്കിന്റെ എഐ പവര്‍ഡ് ചാറ്റ്‌ബോട്ട് കളത്തിലിറങ്ങിയതോടെയാണ് പല കൊമ്പന്‍മാരുടെയും ചുവടുതെറ്റി തുടങ്ങിയത്. അമേരിക്ക, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍ ഏറ്റവും മികച്ച സൗജന്യ ആപ്ലിക്കേഷനായി പെട്ടന്ന് തന്നെ ഇത് മാറി. സൗജന്യമെന്നതിനപ്പുറം പരിധിയില്ലാത്ത ആപ്പിന്റെ ഉപയോഗവും ആപ്പിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനിടയായി. ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ റിവ്യൂകളിലേറെയും അനുകൂലമായതും കൂടുതല്‍ സ്വീകാര്യത ലഭിക്കാനിടയാക്കി. ഇതിന്റെയൊക്കെ കേടുപാടുകള്‍ പെട്ടന്ന് തന്നെ അമേരിക്കന്‍ സാങ്കേതിക വിപണികളില്‍ തെളിഞ്ഞും തുടങ്ങി.

ChatGPT

2023ല്‍ ലിയാങ് വെന്‍ഫെങ് എന്ന എന്‍ജിനിയറാണ് ഡീപ് സീക്ക് സ്ഥാപിച്ചത്. ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ ചാറ്റ് ബോട്ടുകളെ വെല്ലുന്ന നിരവധി ഭാഷാ മോഡലുകള്‍ ഡീപ് സീക്ക് പുറത്തിറക്കിയിട്ടുണ്ട്. എ.ഐയിലെ സിലിക്കണ്‍ വാലി കുത്തകയാണ് ഡീപ് സീക്ക് അട്ടിമറിച്ചത്. ഡീപ് സീക്കിന്റെ ഏറ്റവും പുതിയ റിലീസായ R1 ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുകയാണ്. മറ്റ് എ.ഐ ടൂളുകളെ അപേക്ഷിച്ച് അണ്‍ലിമിറ്റഡ് യൂസേജ്, ഓപ്പണ്‍ സോഴ്‌സ്, കോസ്റ്റ് എഫിഷ്യന്റ് എന്നിവയാണ് ഡീപ് സീക്കിന്റെ പ്രത്യേകതകള്‍. വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള എ.ഐ മികവ് അളക്കുന്നതിനുള്ള ടെസ്റ്റില്‍ ഓപ്പണ്‍ എ.ഐയുടേതിനാക്കാള്‍ ഉയര്‍ന്ന സ്‌കോറാണ് ഡീപ് സീക്ക് നേടിയത്. സൗജന്യമായതും പരിധിയില്ലാത്ത ഓപ്പണ്‍ സോഴ്‌സ് എന്നിവയാണ് ഈ ചൈനീസ് എ.ഐ അസിസ്റ്ററ്റിന്റെ വന്‍ സ്വീകാര്യതയ്ക്ക് കാരണം. ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ ഡീപ് സീക്കിന്റെ API ചെലവ് മറ്റ് മോഡലുകളേക്കാള്‍ 90% കുറവാണ്. ഇതെല്ലാം ആപ്പിന്റെ ജനപ്രീതി വര്‍ധിക്കാനുള്ള വന്‍ സാധ്യതയാണ് തുറന്ന് കൊടുത്തത്.

നേരത്തെ എ.ഐ വികസിപ്പിക്കുന്നതിനുളള ചൈനയുടെ കഴിവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചൈനയിലേക്കുള്ള അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍ കയറ്റുമതിയില്‍ അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഇടയിലാണ് ഡീപ് സീക്കിന്റെ മുന്നേറ്റവും അതുമൂലം അമേരിക്കയ്ക്കുണ്ടായ നഷ്ടങ്ങളും. ഡീപ് സീക്കിന്റെ വളര്‍ച്ച ടെക് ഭീമന്മാരായ എന്‍വിഡിയ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങി എ.ഐ ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ കമ്പനികളെ ചെറുതായൊന്നുമല്ല ബാധിച്ചത്. ഇതിന് ഇനി ട്രംപ് എന്ത് പണിയുമായി ചൈനയ്ക്ക് നേരെ തിരിഞ്ഞാലും ഇപ്പോ കിട്ടിയ പണിയുടെ ക്ഷീണം അത്ര പെട്ടന്നൊന്നും പോവില്ല. പണി കൊടുത്ത് മാത്രം ശീലമുള്ള ട്രംപിന് അതേ നാണയത്തിലാണിപ്പോള്‍ ചൈനയില്‍ നിന്നും പണി കിട്ടി തുടങ്ങിയത്.

deepseek

ഡീപ് സീക്കിന്റെ ഓഹരി ഉയര്‍ന്നതോടെ അമേരിക്കയിലെ പ്രധാന എഐ കമ്പനികളുടെയെല്ലാം ഓഹരികള്‍ ഇടിഞ്ഞു. കുറഞ്ഞ ചെലവില്‍ ചൈനീസ് മോഡലുകള്‍ എത്തുന്നത് നിലവിലുള്ള അമേരിക്കന്‍ മോഡലുകള്‍ക്ക് വന്‍ തിരിച്ചടി നല്‍കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. അങ്ങനെ വന്നാല്‍ അത് ട്രംപിന് പ്രകോപിപ്പിക്കുമെന്നതില്‍ സംശയമില്ല. അതിന്റെ പ്രതികാരമായി വീണ്ടും ചൈനയ്ക്ക് നേരെ തിരിയാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെങ്കില്‍ അപ്രതീക്ഷിതമായി കിട്ടിയ ഈ തിരിച്ചടിയേക്കാള്‍ വലുതായിരിക്കും അപ്പോള്‍ ലഭിക്കുക.

അതിനിടയില്‍, ട്രംപിന്റെ ഭരണകൂടം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സഹകരിക്കുന്നില്ലെന്ന് രാഷ്ട്രത്തലവന്‍മാര്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്ന് തുടങ്ങി. പൊളിറ്റിക്കോ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 27 ന് പ്രസിദ്ധീകരിച്ച പൊളിറ്റിക്കോ വാര്‍ത്താക്കുറിപ്പ് അനുസരിച്ച്, ജനുവരി 20 ന് ട്രംപിന്റെ രണ്ടാം ടേമിന്റെ തുടക്കം മുതല്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം യൂറോപ്യന്‍ യൂണിയന്‍ ബ്ലോക്കിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഒരു തലവേദനയായി മാറുന്നുവെന്ന് സൂചിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞന്‍ കാജ കല്ലാസ്, ബ്രസല്‍സില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ക്ഷണിച്ചെങ്കിലും അതിന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കുന്നു. ഇതോടെ, ട്രംപിന്റെ ഭരണകൂടം യൂറോപ്യന്‍ യൂണിയനെ നിരസിക്കുന്നു എന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

Giorgia Meloni

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാത്രമാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ഏക യൂറോപ്യന്‍ യൂണിയന്‍ നേതാവ്. വോണ്‍ ഡെര്‍ ലെയന്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന തലത്തിലുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പോളണ്ടിലെ റഡോസ്ലാവ് സിക്കോര്‍സ്‌കി, ലാത്വിയയിലെ ബൈബ ബ്രെയ്‌സ്, ലിത്വാനിയയിലെ കെസ്റ്റുട്ടിസ് ബുഡ്രിസ്, ഇറ്റലിയിലെ അന്റോണിയോ തജാനി എന്നിങ്ങനെ നാല് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കോളുകള്‍ നടത്തിയിരുന്നുവെങ്കിലും അതില്‍ പ്രതീക്ഷയ്ക്ക് വകയൊന്നുമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Also Read: അമേരിക്കയിൽ നിന്നും വിട്ടുപോകാൻ കാലിഫോർണിയ, ഹിത പരിശോധനക്ക് അനുമതി നൽകി സ്റ്റേറ്റ് സെക്രട്ടറി

നേരത്തെ ട്രംപ് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ താരിഫ് ചുമത്തുമെന്ന് ട്രംപ് ഒന്നിലധികം ഭീഷണികള്‍ പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം അമേരിക്കയും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അത്ര രസത്തിലല്ല. കഴിഞ്ഞയാഴ്ച ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രസംഗത്തിനിടെ, ബ്രസല്‍സിന്റെ വ്യാപാര സമ്പ്രദായങ്ങളെ ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ എണ്ണയുടെയും വാതകത്തിന്റെയും വാങ്ങലുകള്‍ ഗണ്യമായി വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Xi Jinping

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ഒരു ശീതസമരവും ഇടയിലൂടെ നടക്കുന്നുണ്ട്. കൂടെയുള്ളവരെയും മറ്റ് വലിയ ശക്തികളെയുമൊക്കെ ചൊടിപ്പിച്ചുകൊണ്ടാണ് ട്രംപ് അമേരിക്കയില്‍ ശുദ്ധികലശം നടത്താന്‍ പോകുന്നതെങ്കില്‍ അത് തലപ്പത്തിരുന്നുകൊണ്ട് അമേരിക്കയുടെ തന്നെ കുഴി തോണ്ടുന്ന നീക്കമായിരിക്കുമെന്നതില്‍ സംശയമൊന്നുമില്ല. ചൈനയില്‍ നിന്നും ഒറ്റയടിക്ക് കിട്ടിയ ഈ തിരിച്ചടി തന്നെ അതിനുള്ള ഒരു ഉദാഹരണമാണ്, അത് മനസ്സിലാക്കിയാല്‍ ട്രംപിന് നന്ന്..!

വീഡിയോ കാണാം…

Share Email
Top